Janayugom Online
jnu-janayugom

അത്രയെളുപ്പം മറക്കരുത് ഈ വിജയം

Web Desk
Posted on September 18, 2018, 10:45 pm
Unmesh Sivaraman janayugom

ഉന്മേഷ് ശിവരാമന്‍

”എനിക്കറിയാത്ത മനുഷ്യരോടുള്ള സാഹോദര്യം നിങ്ങളെനിക്ക് തന്നു.
ഏകാകിയായ മനുഷ്യന് അന്യമായ സ്വാതന്ത്ര്യം നിങ്ങളെനിക്ക് തന്നു.
ഐക്യം കാണുവാന്‍ നിങ്ങളെന്നെ പഠിപ്പിച്ചു.
മനുഷ്യരിലെ വൈവിധ്യവും. എന്നെ നിങ്ങള്‍ അനശ്വരനാക്കി.
ഞാന്‍ ഇപ്പോള്‍ എന്നില്‍ തന്നെ അവസാനിക്കുന്നില്ല.”

പാബ്ലോ നെരൂദയുടെ ഈ കവിത ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെഎന്‍യു) ചുവരുകളില്‍ ഇപ്പോഴുമുണ്ട്. ഇന്ത്യന്‍ സര്‍വകലാശാലകളില്‍, ജെഎന്‍യു എങ്ങനെ വേറിട്ടു നില്‍ക്കുന്നുവെന്നതിന്റെ അടയാളം കൂടിയാണീ വരികള്‍. വൈവിധ്യങ്ങളുടെ കേന്ദ്രമാണ് ജെഎന്‍യു. ഇന്ത്യന്‍ യുവത്വത്തിന്റെ ബൗദ്ധികയിടവും. കേവലം, വിദ്യാഭ്യാസകേന്ദ്രമല്ല ഡല്‍ഹിയിലെ ഈ ക്യാമ്പസ്. രാജ്യത്തെ കലുഷിത സാഹചര്യങ്ങളോട് പ്രതികരിക്കുന്നതില്‍ എല്ലാക്കാലവും മുന്നില്‍ നിന്ന ജെഎന്‍യു ഇത്തവണയും ചുവപ്പിനൊപ്പം നിന്നു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രപാനലിലെ മുഴുവന്‍ സീറ്റുകളിലും ഇടതുസഖ്യം വിജയിച്ചു. ബിജെപിയുടെ ‘കൂട്ടിരൂപ’മായ എബിവിപിയെ പിന്തള്ളിയാണ് ഇടതുവിജയം. തെരഞ്ഞെടുപ്പ് കടന്നുപോയി ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെ മാധ്യമങ്ങളില്‍ ജെഎന്‍യുവിലെ ഇടതുമുന്നേറ്റം ചര്‍ച്ചയേയല്ല. പക്ഷേ, പെട്ടെന്ന് മറക്കേണ്ടതല്ല ജെഎന്‍യുവിലെ ഇടതുവിജയം.
ഇടതുസംഘടനകള്‍ ഒരുമിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എഐഎസ്എഫ്), സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എസ്എഫ്‌ഐ), ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(ഐസ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(ഡിഎസ്എഫ്) എന്നീ സംഘടനകള്‍ ഒരുമിച്ചു നിന്നു. ഉയര്‍ന്ന പോളിങ് ശതമാനം (67.8) രേഖപ്പെടുത്തിയ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 5,185 വിദ്യാര്‍ഥികള്‍ വോട്ടു ചെയ്തു. 2,151 വോട്ട് ലഭിച്ച സായ് ബാലാജി (ഐസ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1,179 വോട്ടിന്റെ ഭൂരിപക്ഷം. 1,579 ന് എതിരെ 2,592 വോട്ടുനേടി ഡിഎസ്എഫിന്റെ സരിക ചൗധരി വൈസ് പ്രസിഡന്റായി. 1579 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സരികയുടെ വിജയം. എസ്എഫ്‌ഐയുടെ ഐജാസ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായത് 2,426 വോട്ടു നേടിയാണ് (ഭൂരിപക്ഷം 1191). എഐഎസ്എഫ് അംഗവും മലയാളിയുമായ അമുത ജയദീപ് 2,047 വോട്ടുനേടി ജോയിന്റ് സെക്രട്ടറിയായി. 757 വോട്ടിന്റെ ഭൂരിപക്ഷമാണ് അമുതയ്ക്ക് ലഭിച്ചത്.
എല്ലാ സീറ്റിലും എബിവിപിയെ പരാജയപ്പെടുത്തിയാണ് ഇടതുസഖ്യം ജയിച്ചുകയറിയത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യു തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നുതന്നെ പുറത്തായി. കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ച എഐഎസ്എഫ് ഇത്തവണ ഇടതുസഖ്യത്തിന്റെ ഭാഗമാവുകയായിരുന്നു. ഇടതുമതേതര വോട്ടുകള്‍ ചോരാതിരുന്നതാണ് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചത്.
രണ്ടുവര്‍ഷമായി, കാവിദേശീയതയും മതേതരത്വും തമ്മിലാണ് ജെഎന്‍യുവില്‍ നേര്‍ക്കുനേര്‍ പോരാട്ടം. ജെഎന്‍യു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്ന് 2016 ല്‍ വ്യാപക പ്രചാരണമുണ്ടായി. മുതിര്‍ന്ന ചില കേന്ദ്രമന്ത്രിമാരാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യകുമാറിനെ തുറുങ്കിലടച്ചത് കൃത്രിമ വീഡിയോ നിര്‍മ്മിച്ചാണ്. കനയ്യ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആദ്യ ആരോപണം. അതു പരാജയപ്പെട്ടപ്പോള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളി തടഞ്ഞില്ലെന്നായി. കോടതിയില്‍ ഹാജരാക്കുമ്പോഴും കനയ്യക്ക് നേരെ ആര്‍എസ്എസ് ആക്രമണം നടന്നു. പൊതുസ്ഥലത്ത് വെച്ച് നിരവധി തവണ കനയ്യകുമാറിനെ സംഘ്പരിവാര്‍ കയ്യേറ്റം ചെയ്തു.
2017 ലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തീവ്രദേശീയവാദമാണ് എബിവിപി മുന്നോട്ടു വച്ചത്. എന്നാല്‍, കേന്ദ്രപാനല്‍ സീറ്റുകളില്‍ അവര്‍ തോറ്റു. ബിജെപി നേതാക്കളും കേന്ദ്രസര്‍ക്കാരും രാജ്യദ്രോഹികളെന്ന് വിളിച്ചവര്‍ക്ക് ഒപ്പമായിരുന്നു അന്ന് ജെഎന്‍യു. ഏറ്റവുമുയര്‍ന്ന ബൗദ്ധിക നിലവാരം പുലര്‍ത്തുന്ന ഒരു സര്‍വകലാശാലയെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, ഒരുമിച്ചു നിന്ന് ജെഎന്‍യു കേന്ദ്രനീക്കം പരാജയപ്പെടുത്തി. ഹൈന്ദവദേശീയതയെ മതേതരത്വം കൊണ്ടാണ് ജെഎന്‍യു തോല്‍പ്പിച്ചത്. 2018ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ ആവര്‍ത്തനമാണ് കണ്ടത്. എല്ലാ കേന്ദ്രപാനല്‍ സീറ്റുകളിലും ഇടതുസഖ്യത്തോട് തോറ്റമ്പി എബിവിപി.
കേന്ദ്രഭരണം ഉപയോഗിച്ച് ജെഎന്‍യുവില്‍ സ്വാധീനമുറപ്പിക്കാനായിരുന്നു ബിജെപിയുടെ നീക്കം. അതിനായി, തീവ്ര ഹൈന്ദവതയുടെ വക്താവായ വൈസ് ചാന്‍സിലറെ ജെഎന്‍യുവില്‍ എത്തിച്ചു. അക്കാദമിക് രംഗത്തെ ഇടപെടലുകളിലൂടെ ജെഎന്‍യുവിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും ശ്രമം നടന്നു. അതിനെതിരെ വീറോടെ പൊരുതി വിദ്യാര്‍ഥികള്‍. ഹൈന്ദവരാഷ്ട്രം നിര്‍മ്മിക്കാനും വൈവിധ്യങ്ങളെ ഇല്ലാതാക്കാനുമുള്ള ബിജെപി നീക്കത്തിന് എതിരായ വിധിയെഴുത്ത് കൂടിയാണ് ജെഎന്‍യുവിലെ ഇടതുജയം. ഈ ചുവപ്പുമുന്നേറ്റത്തെ ക്യാംപസ് വിജയമായി മാത്രം ചുരുക്കരുത്. കാവിദേശീയതയ്ക്കുമേല്‍ മതേതരത്വം നേടിയ വിജയമെന്ന് കരുതണം.
1965 സെപ്റ്റംബര്‍ ഒന്നിനാണ് ജെഎന്‍യു ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം സി ചഗ്ലയാണ് ബില്ലവതരണം നടത്തിയത്. ചര്‍ച്ചയ്ക്കിടെ, രാജ്യസഭാംഗം ഭൂഷണ്‍ ഗുപ്ത ഒരഭിപ്രായം മുന്നോട്ടുവച്ചു. കേവലമൊരു സര്‍വകലാശാലയായി ജെഎന്‍യു മാറരുതെന്നായിരുന്നു അത്. രാജ്യത്തെ ബൗദ്ധികകേന്ദ്രമായി ജെഎന്‍യു മാറണമെന്ന അഭിപ്രായത്തോട് അംഗങ്ങള്‍ യോജിച്ചു. 1966 നവംബര്‍ 16നാണ് ലോക്‌സഭ ജെഎന്‍യു ബില്‍ പാസ്സാക്കിയത്. 1969ല്‍ ജെഎന്‍യു സ്ഥാപിതമായി. 1,019 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു ജെഎന്‍യു ക്യാമ്പസ്.
അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിരയുടെ സ്വേച്ഛാധിപത്യത്തെ ജെഎന്‍യു എതിര്‍ത്തു. അന്നു ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി മുന്നേറ്റത്തെ നയിച്ചവര്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ്റുപാര്‍്ട്ടികളുടെ തലപ്പത്തെത്തി. സീതാറാം യെച്ചൂരിയെന്ന കമ്യൂണിസ്റ്റിനെ രൂപപ്പെടുത്തുന്നതില്‍ ജെഎന്‍യു വഹിച്ച പങ്ക് വലുതാണ്. പ്രകാശ് കാരാട്ടും ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവായിരുന്നു.
എക്കാലത്തും ഇടതുമതേതര ബോധത്തിന്റെ കേന്ദ്രമായിരുന്നു ജെഎന്‍യു. 1974 മുതലുള്ള തിരഞ്ഞെടുപ്പ് ചിത്രം നോക്കിയാല്‍ ഇതു വ്യക്തമാകും. യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് 22 തവണ ജയിച്ചത് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എസ്എഫ്‌ഐ) സ്ഥാനാര്‍ത്ഥികളാണ്. തീവ്ര ഇടതുസംഘടനയായ ഐസയുടെ പ്രതിനിധികള്‍ 11 തവണ യൂണിയന്‍ പ്രസിഡന്റായി. കനയ്യകുമാറിലൂടെ എഐഎസ്എഫും ജെഎന്‍യുവിലെ യൂണിയന്‍ പ്രസിഡന്റ് പദത്തിലെത്തി. സ്വതന്ത്രരായി മത്സരിച്ച് ജെഎന്‍യുവിന്റെ പ്രസിഡന്റ് പദവിയില്‍ എത്തിയവരുമുണ്ട്. രണ്ടുതവണ മാത്രമാണ് എബിവിപിക്ക് പ്രസിഡന്റ് പദം ലഭിച്ചത്. 1991 ലും 2000 ലും.
ജെഎന്‍യുവില്‍ നിന്ന് പഠിച്ചിറങ്ങുന്നവരാണ് ഇന്ത്യയില്‍ അക്കാദമിക് തലപ്പത്തെത്തുന്നവരില്‍ മിക്കവരുമെന്ന് ജീന്‍ തോമസ് മാര്‍ട്ടെല്ലിയുടെ പഠനം വ്യക്തമാക്കുന്നു. രാഷ്ട്രീയ, മാധ്യമ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ ഏറെയുണ്ട്. 2017 വരെയുള്ള കണക്കെടുത്താല്‍ അക്കാദമിക് രംഗം-48 ശതമാനം, രാഷ്ട്രീയം-19.62 ശതമാനം, മാധ്യമരംഗം-11.41 ശതമാനം, സോഷ്യല്‍വര്‍ക്ക്-5.7 ശതമാനം, ബാക്കിയുള്ളത്-15.22 ശതമാനം എന്നിങ്ങനെയാണിത്.
ഇന്ത്യയുടെ ബൗദ്ധിക മേഖലയിലെ ജെഎന്‍യു വിന്യാസം ആര്‍എസ്എസ്സിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിര്‍പ്പുകളെ തുടക്കത്തിലേ ഇല്ലാതാക്കേണ്ടതുണ്ട്. ജെഎന്‍യുവിനെ തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന് പിന്നിലുള്ള ഒരു കാരണം ഇതുകൂടിയാണ്. 2019ലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. ബിജെപിക്ക് എതിരെ ഒരുമിച്ച് നിന്നാല്‍ വിജയിക്കാമെന്ന ആത്മവിശ്വാസമാണ് ജെഎന്‍യു നല്‍കുന്നത്. ഇടതു മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കണമെന്നതാണ് പ്രാഥമിക തന്ത്രം. വിജയിക്കാനായി ബിജെപി എന്തും ചെയ്യും. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ ഒരുമിച്ചു നില്‍ക്കണമെന്ന പാഠം ജെഎന്‍യുവില്‍ നിന്നു പകര്‍ത്തേണ്ടതുണ്ട്. അത്രയെളുപ്പം മറക്കരുത് ഈ വിജയം.