24 April 2024, Wednesday

അപചരിത്രബോധം തലയ്ക്കു പിടിക്കരുത്

Janayugom Webdesk
August 8, 2022 5:00 am

ഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍വസൂരികളുടെ ജീവത്യാഗത്തിന്റെയും ജീവിത സമര്‍പ്പണത്തിന്റെയും ഫലമായാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതും രാജ്യം സ്വതന്ത്രമായതും. നൂറ്റാണ്ട് നീണ്ട ആ സമരത്തിന്റെ ഏഴയലത്തുപോലുമില്ലാതിരുന്ന സംഘടനകള്‍ ഈ രാജ്യത്തുണ്ടായിരുന്നു. അതില്‍ പ്രബലമായ ഒന്നാണ് ഹിന്ദു മഹാസഭ. പ്രക്ഷോഭത്തില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല പ്രത്യക്ഷവും പരോക്ഷവുമായി ബ്രിട്ടീഷുകാര്‍ക്ക് സേവ ചെയ്യുന്ന സമീപനം അവരുടെ നേതാക്കളില്‍ നിന്നുണ്ടായി എന്നത് അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ത്ഥ്യമാണ്. അത്തരം പാരമ്പര്യമുള്ള സംഘടനയുടെ പിന്‍മുറക്കാര്‍ ഇന്ത്യയുടെ ഭരണത്തിലിരിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്നുവെന്നതുകൊണ്ട് ആ പാപക്കറകള്‍ മാഞ്ഞുപോകില്ല. അതുകൊണ്ടുതന്നെ വല്ലാത്തൊരു വെപ്രാളത്തില്‍ ആഘോഷം സംഘടിപ്പിക്കുകയാണവര്‍. അമൃത്കാല്‍ മഹോത്സവ്, ഹര്‍ ഘര്‍ തിരംഗ എന്നൊക്കെ പേരുകളില്‍ ആഘോഷം പൊടിപൊടിക്കുവാന്‍ ശ്രമിക്കുമ്പോഴും പതിവ് കോര്‍പറേറ്റ് ദാസ്യം വെടിയുവാന്‍ തയാറാകുന്നുമില്ല. ഒരുതരത്തില്‍ ചരിത്രത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയവരെന്ന നിലയില്‍ സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തലയ്ക്കു മത്തു പിടിച്ചവരെ പോലെയാണ് ബിജെപി നേതാക്കള്‍ പെരുമാറുന്നതെന്ന് വേണം പറയുവാന്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ വിവാദ പ്രസ്താവന.


ഇതുകൂടി വായിക്കൂ: ചരിത്രത്തെ അഗാധമാക്കിയ ഹോ!..


വൈക്കം സത്യഗ്രഹത്തിന്റെ മഹത്തായ ചരിത്രത്തില്‍ അവിടെയുള്ള ഇണ്ടംതുരുത്തി മനയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. അക്കാലത്ത് അത് കുപ്രസിദ്ധിയുടേതായിരുന്നു. നാട്ടില്‍ നിലനിന്നിരുന്ന കൊടിയ ജാതി വെറിയുടെയും അസ്പൃശ്യതയുടെയും പ്രഭവ കേന്ദ്രമായിരുന്നു അത്. താഴ്ന്നവരെന്ന് ജാതിമേലാളന്മാര്‍ പട്ടികപ്പെടുത്തിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രവേശനം നിഷേധിച്ച വഴികളും സ്ഥാപനങ്ങളും നിശ്ചയിച്ചത് ഈ മനയുടെ അധികാര കേന്ദ്രങ്ങളായിരുന്നു. കൊടികുത്തിയ നാട്ടുവാഴ്ചയുടെ അക്കാലത്താണ് വൈക്കം സത്യഗ്രഹത്തിന്റെ കേളികൊട്ടുയരുന്നത്. അതിന്റെ ചരിത്ര വിവരണം ഇവിടെ അസാധ്യമാണ്. 1924 മാര്‍ച്ച് 10 ന് ആരംഭിച്ച വൈക്കം സത്യഗ്രഹത്തിന്റെയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ പല പേരുകളില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെയും ഫലമായാണ് അത്തരം സാമൂഹ്യ ജീര്‍ണതകള്‍ നീക്കം ചെയ്യപ്പെട്ടത്. പിന്നീട് ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് നയിച്ചതും ആ പോരാട്ടങ്ങളുടെ ഫലമായിരുന്നു. ജാതീയതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയും വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടിയും അക്കാലത്ത് നടന്ന സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വിമോചന പോരാട്ടത്തോടാപ്പം ഇഴചേര്‍ന്നാണ് മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ബിജെപിയുടെ പൂര്‍വരൂപമായ ഹിന്ദു മഹാസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് മാനസികമായെങ്കിലും ജാതിമേലാളന്മാരുടെയും ജന്മിത്തമ്പുരാക്കന്മാരുടെയും നിലപാടുകളോടാണ് സാമ്യതയുണ്ടായിരുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ് സുരേന്ദ്രന്റെ ഗൂഢോദ്ദേശ്യം പുറത്തുവരുന്നത്.


ഇതുകൂടി വായിക്കൂ: ചരിത്രത്തെ വികൃതമാക്കരുത്‌


മഹാത്മജി സന്ദര്‍ശിച്ച ഇണ്ടംതുരുത്തി മന ചരിത്രസ്മാരകമാണെന്നും അത് പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് തന്റെ പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെടുന്നത്. അതിന്റെ കൂടെത്തന്നെ അദ്ദേഹം പറയുന്നുണ്ട്, എങ്ങനെയാണ് അത് പാര്‍ട്ടി ഓഫീസായി മാറിയതെന്ന് അറിയില്ലെന്ന്. അറിയാത്ത കാര്യം പറഞ്ഞുപോയതാണെന്ന് അതിനെ നിസാരവല്ക്കരിക്കാനാകില്ല. കാരണം സുരേന്ദ്രന്‍ അറിയാത്തതിനൊപ്പം വസ്തുതാവിരുദ്ധമായ ഒരു കാര്യം കൂടി പറ‍ഞ്ഞുവച്ചിട്ടുണ്ട്, ഗാന്ധിജി സന്ദര്‍ശിച്ച മനയെന്ന്. അത് അടിവരയിടേണ്ട വാചകമാണ്. ഗാന്ധിജിക്കു വിലക്കേര്‍പ്പെടുത്തിയതെന്നല്ല സന്ദര്‍ശിച്ചതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അറിയാത്തവരെ സംബന്ധിച്ചെങ്കിലും ഗാന്ധിജി സന്ദര്‍ശിച്ച ഒരു പ്രധാന സ്ഥലമാണ് ഇണ്ടംതുരുത്തി മനയെന്ന് വരുത്താനുള്ള ശ്രമം ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ ഇണ്ടംതുരുത്തി മന അക്കാലത്തു നിലനിന്നിരുന്ന സാമൂഹ്യ ജീര്‍ണതകളുടെ ആരൂഢമായിരുന്നു. ഗാന്ധിജിയെ പോലും അവര്‍ണനെന്ന് മുദ്രകുത്തി അകത്തുകടക്കാന്‍ അനുമതി നല്കിയിരുന്നില്ല. ഈ ചരിത്ര വസ്തുത നിലനില്ക്കേ ഗാന്ധിജി സന്ദര്‍ശിച്ചതെന്ന് വരുത്തി മഹത്വവല്ക്കരിക്കുവാനുള്ള ശ്രമമാണ് ഇതിനുപിന്നിലുള്ളതെന്നു സംശയിക്കണം.


ഇതുകൂടി വായിക്കൂ: ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍


സാമ്പ്രദായിക ജന്മിത്വ — ഭൂപ്രഭു വിഭാഗത്തിന് സംഭവിച്ച അപചയത്തിന്റെ ഫലമായി ഇണ്ടംതുരുത്തി മന അതിന്റെ പില്ക്കാല ഉടമകള്‍ വില്പനയ്ക്കു വച്ചപ്പോള്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പിരിവെടുത്തുണ്ടാക്കിയ പണം നല്കി സ്വന്തമാക്കിയതാണ്. അതിനെ തൊടാന്‍ പോകരുതെന്ന് നിരവധി പേര്‍ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കുശേഷം മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ചെവിക്കൊള്ളുന്നത് സുരേന്ദ്രന് നല്ലതാണ്. അതിനപ്പുറം ഇണ്ടംതുരുത്തി മനയുടെ പൂര്‍വിക ചരിത്രം ഗാന്ധിജി ഉള്‍പ്പെടെയുളളവര്‍ സന്ദര്‍ശിച്ച ഒന്നാണെന്ന് വരുത്തി ചരിത്രത്തിന്റെ അപനിര്‍മിതിക്കുള്ള ശ്രമമാണ് സുരേന്ദ്രന്‍ നടത്താന്‍ ശ്രമിക്കുന്നതെന്നത് ദേശീയ സാഹചര്യത്തില്‍ അണുവിട പോലും സംശയത്തിന്റെ ആവശ്യമില്ലാത്ത യാഥാര്‍ത്ഥ്യമാണ്. നാളെ വഴിനടക്കുവാനുള്ള സൗകര്യം നല്കിയ നവോത്ഥാനനായകരായിരുന്നു ഇണ്ടംതുരുത്തി മനയിലെ പൂര്‍വികരെന്ന് സുരേന്ദ്രന്‍ പറഞ്ഞാലും അത്ഭുതപ്പെടാനില്ല. സുരേന്ദ്രന്റെ പ്രസ്താവന അപചരിത്രബോധം തലയ്ക്കുപിടിച്ചയാളുടെ ജല്പനമായി തീരുന്നതും അതുകൊണ്ടാണ്.

 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.