തന്നെ കുടുക്കാൻ നോക്കേണ്ടെന്ന് രജനീകാന്തിന്റെ മുന്നറിയിപ്പ്

Web Desk
Posted on November 08, 2019, 1:50 pm

ചെന്നൈ: ബിജെപി തന്നെ കാവിപുതപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ദക്ഷിണേന്ത്യൻ സൂപ്പർതാരം രജനീകാന്ത്. എന്നാൽ താൻ ഇവരുടെ വലയിൽ കുടുങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്തിടെ കാവി വസ്ത്രത്തിലുള്ള തിരുവള്ളുവരുടെ ഒരു ചിത്രം ബിജെപി പുറത്ത് വിട്ടത് വിവാദം സൃഷ്ടിച്ചിരുന്നു. തിരുവള്ളുവരെ പോലെ തന്നെ കുരുക്കിലാക്കാനാകില്ലെന്നും രജനി കൂട്ടിച്ചേർത്തു.

ബിജെപിയില്‍ ചേരാനായി തനിക്ക് ഇതുവരെ വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെന്നും രജനി വെളിപ്പെടുത്തി. കൂടുതൽ ഗൗരവമുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ബിജെപിയെ ഉപദേശിച്ചു. ഗോവയിൽ അടുത്തമാസം നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി പുരസ്കാരം നൽകി ആദരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് രജനികാന്തിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.