Wednesday
20 Feb 2019

ശബരിമലയെ പ്രകടനത്തിനും പ്രതിഷേധത്തിനുമുള്ള വേദിയാക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി

By: Web Desk | Tuesday 27 November 2018 11:03 PM IST

സ്വന്തം ലേഖകന്‍
കൊച്ചി: നാമജപത്തിന്റെയും ശരണംവിളിയുടെയും മറവില്‍ ശബരിമലയെ പ്രകടനത്തിനും പ്രതിഷേധത്തിനുമുള്ള വേദിയാക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് ദേവസ്വം കാര്യങ്ങള്‍ക്കുള്ള ഡിവിഷന്‍ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല.
ക്രമസമാധാനപാലനത്തിനല്ലാതെയുള്ള ശബരിമലയിലെ നിയന്ത്രണങ്ങള്‍ പൊലീസ് നീക്കി. ഈ മണ്ഡലകാലം അവസാനിക്കുംവരെ ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും സമയാസമയങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും രണ്ട് മുന്‍ ജഡ്ജിമാരും എ ഡി ജി പി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനുമടങ്ങുന്ന നിരീക്ഷണ സമിതിയെ ഹൈക്കോടതി നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിമാരായ പി ആര്‍ രാമന്‍, എസ് സിരിജഗന്‍, എഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ശബരിമലയില്‍ സന്നിധാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശരണംവിളിയും നാമജപവും ആവാം. എന്നാല്‍ ഭക്തരായി അവിടെ എത്തുന്നവര്‍ നിയമവിരുദ്ധ നടപടികള്‍ക്ക് മുതിരരുത്. മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയുമരുത്. അങ്ങനെയുള്ള നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന കാര്യം കോടതി ഓര്‍മിപ്പിച്ചു. സമാധാനപരമായ ദര്‍ശനമാണ് ഏവരും ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യം അട്ടിമറിക്കാനുള്ള ശ്രമമുണ്ടായാലും പൊലീസ് ഇടപെടണം. ന്യായമായ ചോദ്യംചെയ്യലും തെരച്ചിലും ആവാം. തിരുമുറ്റം, നടപ്പന്തല്‍ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം. തീര്‍ത്ഥാടകരെയും തീര്‍ത്ഥാടകര്‍ ചമഞ്ഞെത്തുന്നവരെയും തിരിച്ചറിഞ്ഞ് നിയമവാഴ്ച ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നിയമനടപടികള്‍ പരിധി വിടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
അന്നദാനമണ്ഡപം, പ്രസാദകൗണ്ടര്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ സമയക്രമം കൊണ്ടുവന്നത് എന്തിനായിരുന്നുവെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. സുരക്ഷാ കാരണങ്ങളാലുള്ള താല്‍ക്കാലിക ക്രമീകരണമാണ് അവയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. നിരോധനാജ്ഞയുടെ പേരിലുള്ള നിയന്ത്രണങ്ങളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ അക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ സ്വയം പരിശോധനയ്ക്കു വിടുന്നതായി പറഞ്ഞ കോടതി ശബരിമലയെ എത്രയും വേഗം സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്ന നിരീക്ഷണവും നടത്തി.
കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനം ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഏകോപിപ്പിക്കണം. ദേവസ്വംബോര്‍ഡ് സൗകര്യങ്ങള്‍ ഒരുക്കണം. സമിതി സ്ഥിതിഗതികള്‍ വിലയിരുത്തി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമിതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടായാല്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കോടതിയെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.

Related News