ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനമായ എയർ ഇന്ത്യയിലെ ഓഹരികൾ വിറ്റഴിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി ജീവനക്കാർ. പൈലറ്റുമാർ ഉൾപ്പെടെയുള്ള ഒരു ഡസൻ ജീവനക്കാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി എയർ ഇന്ത്യ ലാഭമുണ്ടാക്കുന്നുണ്ടെന്നും എൽ ആന്റ് ടി, ഐടിസി എന്നീ കമ്പനികളിൽ ചെയ്തത് പോലെ എയർ ഇന്ത്യയെ ഒരു ബോർഡിന്റെ കീഴിൽ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഓഹരികൾ വിറ്റഴിക്കുന്നതിനേക്കാൾ നല്ലത് ഈ മാർഗമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കമ്പനിക്കുള്ള ലോണുകളാണ് ഏറ്റവും വലിയ ഭീഷണിയെന്നും ഇവർ പറയുന്നുണ്ട്.
‘കഴിഞ്ഞ മൂന്ന് വർഷമായി എയർ ഇന്ത്യ ലാഭം ഉണ്ടാക്കുന്നുണ്ട്. കടമായുള്ള പണത്തിന് പലിശ അടയ്ക്കുക എന്നതാണ് ഇപ്പോൾ കമ്പനി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ഇത് വർഷത്തിൽ 4000 കോടി രൂപയോളം വരും. ഇപ്പോൾ കമ്പനിക്കുള്ള കടങ്ങൾ എഴുതി തള്ളാനും ഒരു പ്രൊഫഷണൽ മാനേജ്മെന്റിന്റെ സഹായത്തോടെ കമ്പനി മുന്നോട്ട് കൊണ്ടുപോകണമെന്നുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ’ ജീവനക്കാർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ, കേന്ദ്ര വ്യോമഗതാഗത വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി, സിവിൽ ഏവിയേഷൻ സെക്രട്ടറി പി എസ് ഖരോള, എയർ ഇന്ത്യ സിഎംഡി അശ്വനി ലോഹാനി എന്നിവർക്കും എയർ ഇന്ത്യ ജീവനക്കാർ കത്തിന്റെ കോപ്പികൾ അയച്ചിട്ടുണ്ട്.
ഒരു കാലത്ത് ‘രത്നം’ പോലെ നോക്കി കണ്ടിരുന്ന എയർ ഇന്ത്യ എന്ന സ്ഥാപനം സ്വകാര്യവത്കരിക്കുന്നത് തങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഒരുപോലെ ഹൃദയവേദന ഉണ്ടാക്കുന്ന കാര്യമാണെന്നും, അത് രാജ്യാഭിമാനത്തിനേൽക്കുന്ന കനത്ത പ്രഹരമായിരിക്കുമെന്നും ജീവനക്കാർ കത്തിൽ പറയുന്നു. എയർ ഇന്ത്യയിലുള്ള മുഴുവൻ ഓഹരികളും വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരുന്നു. 2020 മാർച്ച് 31 ആണ് ഓഹരികൾ വിറ്റഴിക്കാനുള്ള അവസാന തീയതിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും അറിയിച്ചിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.