28 March 2024, Thursday

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന വിദ്യാലയങ്ങളില്‍ പെണ്‍മക്കളെ അയക്കരുതെന്ന് ഇസ്‌ലാം മതസംഘടനാ നേതാവ്

Janayugom Webdesk
ആഗ്ര
September 2, 2021 3:33 pm

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന വിദ്യാലയങ്ങളില്‍ മക്കളെ വിദ്യാഭ്യാസത്തിനായി അയക്കരുതെന്ന് ഇസ്‌ലാം മതസംഘടനാ നേതാവ്. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സഭ്യമല്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അവയില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സാധിക്കണമെന്നുമാണ് ജമാഅത്ത് ഉലമ-ഇ‑ഹിന്ദ് (ജെയുഎച്ച്) അധ്യക്ഷന്‍ അര്‍ഷാദ് മദനി ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സ്കൂളുകളിലും കോളജുകളിലും പെണ്‍മക്കളെ അയക്കണമെന്നും ഇസ്‌ലാം മതവിശ്വാസികളോടു മാത്രമല്ല, ഇതര മതവിശ്വാസികളോടുമായാണ് ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്നതെന്നും അര്‍ഷാദ് മദനി പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് നിരോധിച്ചുകൊണ്ട് താലിബാന്‍ ഉത്തരവിറക്കിയ സമയത്തുതന്നെയാണ് മദനിയുടെ അഭ്യര്‍ത്ഥനയുമെന്നത് ശ്രദ്ധേയം. പ്രൈമറി സ്കൂളുകള്‍ മുതല്‍ യൂണിവേഴ്സിറ്റി കാമ്പസുകള്‍ വരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുതെന്നും ഒരുമിച്ച് പഠനം നടത്തരുതെന്നുമാണ് താലിബാന്‍ ഉത്തരവിട്ടിരിക്കുന്നത്. പുരുഷ അധ്യാപകര്‍ പെണ്‍കുട്ടികളെ പഠിപ്പിക്കരുതെന്നും താലിബാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജെയുഎച്ച് പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം മാധ്യമങ്ങളോടാണ് മദനി തന്റെ വാദങ്ങള്‍ പങ്കുവച്ചത്. നല്ല മദ്രസകളും മതവിദ്യാലയങ്ങളുമാണ് ഇക്കാലത്ത് നാടിനുവേണ്ടതെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. അര്‍ഷാദ് മദനിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇസ്‌ലാം മതവിഭാഗത്തില്‍ നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

Eng­lish sum­ma­ry; Don’t send girls to co-ed schools, col­leges: Jami­at Ulema-e-Hind

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.