Web Desk

August 02, 2020, 5:23 am

ദൂരദർശൻ ഒരു രാഷ്ട്രീയ ഉപകരണമല്ല

Janayugom Online

തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രചരണത്തിന്റെ മുന്നേറ്റകാലത്ത് ചാനലുകൾ നിർണായക പങ്കാണ് വഹിക്കുന്നത്. ഫാസിസ്റ്റ് പ്രവണതകൾക്ക് ഇപ്പോൾ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇന്ത്യൻ ഫാസിസത്തിന്റെ മുഖമായ സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി ചുരുങ്ങിയ സമയത്തിനുള്ളിൽ വിവിധ മേഖലകളിൽ നിർണായ സ്വാധീനം ചെലുത്തി. പ്രചാരണങ്ങളിലൂടെ കറുപ്പിനെ വെളുപ്പിക്കാനും തെറ്റുകളെ ശരികളാക്കാനും കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. ദേശീയ വാർത്താ ചാനലായ ദൂരദർശനു മേലും ഈ പാത പിൻതുടരാനുള്ള സമ്മർദ്ദങ്ങൾ ഏറെയാണ്. കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ഭരണവർഗത്തിന്റെ വക്താക്കളായി മാറി. കഴിഞ്ഞ കുറച്ചുകാലമായി ഭരണവർഗത്തിന്റെ കല്പനകൾ അനുസരണയോടെ ചെയ്യുകയാണവ.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഐയുടെ പരാ‍മർശങ്ങളെ എഡിറ്റ് ചെയ്യുന്ന സംഭവങ്ങൾ പോലുമുണ്ടായി. ഭരണവർഗത്തിന്റെ രാഷ്ട്രീയത്തോട് യോജിക്കാത്ത പരാ‍മർശങ്ങൾ ഒഴിവാക്കാൻ ദൂരദർശൻ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം സിപിഐ തള്ളി. ഈ മാസം അഞ്ചിന് രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട തറക്കല്ലിടൽ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യാൻ ദുരദർശനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങ് പ്രധാനപ്പെട്ടതാണെന്ന കാര്യം ആരും തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങ് ദേശീയ ചാനൽ എന്ന നിലയിൽ ദൂരദർശൻ സംപ്രേഷണം ചെയ്യണം. എന്നാൽ അയോധ്യയിലെ പരിപാടി തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം തെറ്റായ സന്ദേശമാണ് രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നത്. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ യുക്തി ചർച്ചചെയ്യപ്പെടേണ്ടതാണ്. കൂടുതൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഏതറ്റം വരെ പോകാനും സംഘപരിവാർ തയ്യാറാണ്. എന്നതിന്റെ ഉദാഹരണമാണ് ഈ നടപടി. ദേശീയ ചാനൽ ഈ ചടങ്ങ് തൽസമയം സംപ്രേഷണം ചെയ്യണമെന്ന തിടുക്കത്തിന് പിന്നിലുള്ള വിവേകം സംബന്ധിച്ച ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇത് രാജ്യത്തിന്റെ മതേതര സംഹിതകളെ ബാധിക്കും.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കേറ്റ മുറിവിന്റെ ആക്കം വർധിപ്പിക്കും. അയോധ്യയെ വർഗീയ അസ്വാരസ്യങ്ങളുടെ കേന്ദ്രമായി കാണാൻ രാജ്യത്തെ യഥാർത്ഥ ഹിന്ദുക്കൾക്കും താല്പര്യമില്ല. മതവ്യത്യാസങ്ങൾക്ക് ഉപരിയായി രാജ്യം ഇപ്പോൾ നേരിടുന്ന മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരുമിച്ച് നീങ്ങാനാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ സംഘപരിവാറിന്റെയും ബിജെപിയുടേയും ലക്ഷ്യം നേർവിപരീതമാണ്. നേട്ടങ്ങളും കോട്ടങ്ങളും മാറ്റിവച്ചാൽ, അയോധ്യ കേസുമായി ബന്ധപ്പെട്ട 2019 നവംബർ ഒമ്പതിലെ സുപ്രീം കോടതി വിധി എല്ലാപേർക്കും ബോധ്യമുണ്ട്. തങ്ങൾ ദീർഘകാലമായി താലോലിച്ച സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് സുപ്രീം കോടതി വിധിയെന്നാണ് ബിജെപിയും സംഘപരിവാറും കൊട്ടിഘോഷിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിനായി 2.77 ഏക്കർ സ്ഥലം നൽകാനാണ് കോടതി പറഞ്ഞത്. എന്നാൽ 67.7 ഏക്കർ ഭൂമി ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നൽകാൻ സർക്കാർ തീരുമാനിച്ചു. ഈ പശ്ചാത്തലത്തിലാകണം ഇപ്പോഴത്തെ തൽസമയ സംപ്രേക്ഷണം വിലയിരുത്തേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുകയാണ് ദൂരദർശന്റെ ലക്ഷ്യമെന്ന് പ്രസാർ ഭാരതി ചട്ടത്തിന്റെ 122(എ) പറയുന്നു.

ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന മതപരമായ ചടങ്ങ് പ്രഷേപണം ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ യുക്തിയോടെ വിലയിരുത്തണം. ദേശീയ ഐക്യത്തിന്റെ മൂല്യങ്ങൾക്ക് വിപരീതമാകരുത് തീരുമാനങ്ങളെന്ന് ദൂരദർശൻ ഉറപ്പാക്കണം. 400 വർഷത്തിലധികം കാലം ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്താണ് ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്. ആരാധാനലയം തകർത്ത സ്ഥലമാണത്. ബാബറി മസ്ജിദ് തകർത്തതിനെ നിയമലംഘനമാണെന്ന് കോടതി തന്നെ പറഞ്ഞു. 1992 ഡിസംബർ ആറിന് പള്ളി തകർത്ത സംഭവത്തെ ഹിന്ദു തീവ്രവാദികൾ മാത്രമേ മഹത്വവൽക്കരിക്കുകയുള്ളു. ഇവിടെയാണ് ഹിന്ദുരാഷ്ട്രത്തിനു വേണ്ടിയുള്ള യുദ്ധകാഹളം ഉയർന്നത്. ഇവിടെയാണ് ഇന്ത്യൻ മതേതരത്വത്തിന് ആഴത്തിൽ മുറിവേറ്റത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം തറക്കല്ലിടൽ ചടങ്ങിനെ തൽസമയ സംപ്രേക്ഷണം അനിവാര്യമാണ്. എന്നാൽ രാജ്യത്തെയും അവിടത്തെ പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനപ്പെട്ടതല്ല. രാജ്യം ഒരു മഹാമാരിയുടെ പിടിയിലാണ്. അതിനെതിരെ പോരാടുകയാണ് ജനങ്ങളുടെ ആവശ്യം.

അവരുടെ ഭക്ഷണം, പാർപ്പിടം എന്നിവയൊക്കെ ഗുരുതരമായ ഭീഷണിയിലാണ്. ചഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണ്. ചടങ്ങിന്റെ തത്സമയ സംപ്രേഷണം കോടിക്കണക്കിന് ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രതികാരമായി തോന്നും. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് തുടങ്ങിയ തീരുമാനങ്ങൾ അവർക്ക് അവാച്യമായ കഷ്ടപാടുകളാണ് സമ്മാനിച്ചത്. രാജ്യത്തെ ജനങ്ങളുടെ ഐക്യമാണ് ഇത്തരുണം അനിവാര്യമെന്നാണ് ഇടത് പാർട്ടികൾ വിശ്വസിക്കുന്നത്. സർക്കാരിന്റെ ഓരോ പ്രവൃത്തിയും രാജ്യത്തിന്റെ അഖണ്ഡതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഭരണവർഗം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം സ്വീകരിക്കുന്നു. ഇത് രാജ്യത്തിന്റെ മതേതര സംവിധാനത്തിന് ഏറ്റ മുറിവിനെ കൂടുതൽ ആഴത്തിലുള്ളതാക്കും. സംഘപരിവാർ ക്യാമ്പിലെ മത തീവ്രവാദികൾക്ക് തറക്കല്ലിടൽ താൽക്കാലിക ഉൻമാദം പകർന്നു നൽകുമായിരിക്കും. ഇത്തരം പ്രവണതകളെ എതിർക്കുകയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയുമാണ് രാജ്യത്തെ മതേതര ജനാധിപത്യ ഭരണ സംവിധാനം ചെയ്യേണ്ടത്. എന്നാൽ ഇപ്പോഴത്തെ സർക്കാരിന്റെ പ്രവർത്തനം അങ്ങനെയല്ല. ഇതാണ് വർത്തമാനകാല ഇന്ത്യയിൽ സംഭവിക്കുന്നത്.

 

Sub: Door­dar­shan is not polit­i­cal tool

 

You may like this video