Web Desk

തിരുവനന്തപുരം

January 14, 2021, 6:41 pm

വൈദ്യുതകമ്പി വാഹനത്തിനു മുകളില്‍ വീണാല്‍ എന്തു ചെയ്യണം?

Janayugom Online

കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴയാണ്. മഴയും ശക്തമായ കാറ്റും കാരണം പല സ്ഥലങ്ങളിലും കനത്ത നാശ നഷ്ടങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രതയോടെ യാത്ര ചെയ്യേണ്ട സമയവുമാണിത്.

കനത്ത മഴയിലും ശക്തമായ കാറ്റിലും വെെദ്യുത കമ്പികൾ പൊട്ടിവീണുള്ള അപകടങ്ങൾ നിരവധിയാണ്. എന്നാൽ ഇതിനെ കുറിച്ച് ആരും ബോധവാന്മാരല്ല എന്ന് വേണം പറയാൻ. വാഹനം നിർത്തിയിട്ടതായോ ഓടിക്കൊണ്ടിരിക്കുമ്പോഴോ ഉള്ള സന്ദർഭങ്ങളിൽ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന് പലർക്കും അറിയില്ല. വാഹനത്തിന് മുകളിൽ വൈദ്യുതി ലൈൻ വീണാൽ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും ഭൂരിഭാഗം ആളുകളും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ?

വാഹനത്തിന് മുകളിൽ വൈദ്യുതി ലൈൻ വീണാൽ പുറത്തിറങ്ങാൻ പരമാവധി ശ്രമിക്കരുത്. ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് സുരക്ഷിതം. തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുക.

വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക. സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക. ഇറങ്ങേണ്ട സാഹചര്യത്തിൽ കാൽ ഭൂമിയിൽ സ്പർശിക്കുമ്പോൾ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത്. വാഹനത്തിന്റെ മറ്റു മെറ്റൽ ഘടകങ്ങൾ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക. വെള്ളമോ നനവോ ഇല്ലാത്ത സ്ഥലമാണോ പുറത്തെന്നും ഉറപ്പുവരുത്തി രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തണം.

വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക.  അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാൽ പൊലീസിനെയും വിവരം അറിയിക്കുക.  വാഹനത്തിനുള്ളിൽ തുടരുകയാണെങ്കിൽ, മെറ്റൽ ഘടകങ്ങളിൽ സ്പർശിക്കാതിരിക്കുക. ഇറങ്ങി കഴിഞ്ഞാൽ കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കുക. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മാത്രം വാഹനത്തിൻറെ അടുത്തേക്ക് പോകുക.

Eng­lish sum­ma­ry: Do’s and Don’ts of Elec­tri­cal Wire Falling Over a Vehicle.

You may also like this video: