6 February 2025, Thursday
KSFE Galaxy Chits Banner 2

ഇപിഎഫ്ഒയിലെ ഇരട്ടത്താപ്പ്

Janayugom Webdesk
January 21, 2025 5:00 am

തൊഴിലാളികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം തകര്‍ക്കുന്നതില്‍ ഗവേഷണം നടത്തിവരുന്ന മോഡി സര്‍ക്കാരിന്റെ മറ്റൊരു കബളിപ്പിക്കല്‍ കൂടി പുറത്തുവന്നിരിക്കുന്നു. ഉയര്‍ന്ന പിഎഫ് പെൻഷനു വേണ്ടി തൊഴിലാളികള്‍ നിരന്തരം ആവശ്യമുന്നയിക്കുകയും പരമോന്നത നീതിപീഠം വിഷയത്തിലിടപെടുകയും ചെയ്തിരുന്നതാണ്. കോടതിയിടപെടലിലൂടെ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പാവപ്പെട്ട തൊഴിലാളികളെ പരിഹസിക്കുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്നുണ്ടായിരിക്കുന്നത്. ഉയർന്ന പെൻഷൻ കണക്കാക്കുന്നതിൽ പ്രോ റേറ്റ (ആനുപാതിക) രീതി നടപ്പാക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെന്ന ഇപിഎഫ്ഒയുടെ സർക്കുലറാണ് പുറത്തുവന്നത്. 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്ക്‌, വിരമിക്കുന്നതിന്‌ മുമ്പുള്ള 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെൻഷൻ നിശ്ചയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ്‌ അട്ടിമറിക്കുന്ന തീരുമാനമാണിത്‌. പ്രോ റേറ്റ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇപിഎഫ്ഒ നല്‍കുന്ന വിശദീകരണം. യഥാര്‍ത്ഥത്തില്‍ പ്രോ റേറ്റ കേസിൽ വിഷയമായിരുന്നില്ലെന്നത് മറച്ചുവച്ചാണ് ഈ ന്യായീകരണം. എംപ്ലോയീസ് പെൻഷൻ സ്കീമിന്റെ 12-ാം ഖണ്ഡികയിൽ പറയുന്ന പ്രോ റേറ്റ രീതി, നിശ്ചിത ശമ്പളപരിധിയിൽ താഴെ വേതനം ലഭിക്കുന്നവരെയും അല്ലാത്തവരെയും പരിഗണിക്കുന്നതാണെന്ന് ഇപിഎഫ്ഒ പറയുന്നു. സർവീസ് കാലാവധിയെ രണ്ടായി വിഭജിച്ച് പെൻഷൻ കണക്കാക്കുന്നതുമൂലം വൻ നഷ്ടം വരുമെന്നതിനാൽ പ്രോ റേറ്റ വ്യവസ്ഥയ്ക്കതിരെ വിവിധ കോടതികളിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് പുതിയ സർക്കുലർ എന്നത് കോടതികളോടുള്ള അവമതിപ്പ് കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
2022 നവംബർ നാലിനാണ് യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് വകമാറ്റിക്കൊണ്ട് പിഎഫ് അംഗങ്ങൾക്ക് ഉയർന്ന പെൻഷന് അവസരമൊരുക്കാന്‍ സുപ്രീം കോടതി ഇടപെട്ടത്. 2014 സെപ്റ്റംബർ ­വിരമിച്ചവർക്ക്‌, വിരമിക്കുന്നതിന്‌ മുമ്പുള്ള 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെന്‍ഷന്‍ നല്‍കണമെന്നായിരുന്നു കോ­ടതിയുടെ ഉത്തരവ്. എന്നാൽ, പുതിയ പെൻഷൻ പദ്ധതി നിലവിൽവന്ന 2014 സെപ്റ്റംബർ ഒന്നിന് മുമ്പും ശേഷവുമുള്ള സേവനകാലയളവിനെ വെവ്വേറെ പരിഗണിച്ചാണ് കണക്കുകൂട്ടൽ നടത്തേണ്ടതെന്നാണ് പിഎഫ് ഓഫിസുകൾ സർക്കുലർ ഇറക്കിയിരിക്കുന്നത്. ഇതുപ്രകാരം 1995 നവംബർ മുതൽ 2014 ഓഗസ്റ്റ് വരെ പരമാവധി 6,500 രൂപ വേതനത്തിലും 2014 സെ­പ്റ്റംബറിനു ശേഷം പരമാവധി 15,000 രൂപയിലുമാണ് പെൻഷൻ ക­ണക്കാക്കുക. ഉയർന്ന പെൻഷൻ കണക്കാക്കുന്നതിന്‌ പ്രോ റേറ്റ വ്യവസ്ഥയാകും നടപ്പാക്കുകയെന്ന് കഴിഞ്ഞ ഏപ്രിലില്‍ കേരള ഹെെക്കോടതിയിലും ഇപിഎഫ്ഒ സത്യവാങ്മൂലം നല്‍കിയിരുന്നു. കിൻഫ്രയിൽനിന്ന്‌ വിരമിച്ച ജീവനക്കാരന്‌ സുപ്രീം കോടതി വിധിയനുസരിച്ച് ലഭിക്കേണ്ട ഉയർന്ന പെൻഷന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഇത്. ഉയർന്ന പിഎഫ് പെൻഷൻ അവശ്യപ്പെട്ടുള്ള അപേക്ഷകളിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ തുടർനടപടികൾ വേണ്ടെന്ന് കഴിഞ്ഞ നവംബറില്‍ കേന്ദ്ര സർക്കാർ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇപിഎഫ്ഒ ആസ്ഥാനത്തുനിന്ന് സോണൽ ഓഫിസുകളിലേക്ക് അടിയന്തരസ്വഭാവമുള്ള ഇമെയിലിലൂടെയാണ് നിർദേശം നല്‍കിയത്. ഹെഡ്ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരമാണ് നടപടിയെന്നും അറിയിപ്പിലുണ്ടായിരുന്നു.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷന്‍ ലഭ്യമാക്കണമെന്ന സുപ്രീം കോടതി വിധി വന്ന് രണ്ടുവർഷം പിന്നിട്ടിട്ടും അപേക്ഷകരിൽ ഒരു ശതമാനത്തിനു പോലും ഇത് അനുവദിക്കാന്‍ നടപടി പൂർത്തിയാക്കിയിട്ടില്ല. രാജ്യത്താകെ 17,48,775 പേരാണ് 2024 അവസാനം വരെ ഉയർന്ന പെൻഷന് അപേക്ഷിച്ചിരുന്നത്. ഇതില്‍ ഇപിഎഫ്ഒയ്ക്ക് ലഭിച്ച 14.3 ലക്ഷം അപേക്ഷകളിൽ 1.48 ലക്ഷവും തള്ളി. 8,401 പേർക്ക് മാത്രമാണ് പെൻഷൻ അനുവദിച്ചത്. 3.14 ലക്ഷം അപേക്ഷകൾ ഇപ്പോഴും തൊഴിലുടമകളുടെ പക്കല്‍ കെട്ടിക്കിടക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കാത്ത ഇപിഎഫ്ഒയ്ക്കും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനുമെതിരെ കോടതിയലക്ഷ്യ നടപടികൾക്കുള്ള ആലോചനയിലാണ് ജീവനക്കാരുടെയും വിരമിച്ചവരുടെയും സംഘടനകൾ. അതിനിടെ ഉയർന്ന പിഎഫ് പെൻഷനു വേണ്ടിയുള്ള മുഴുവൻ അപേക്ഷകളിലും ഫെബ്രുവരി ഏഴിനകം നടപടി പൂർത്തിയാക്കണമെന്ന് സെൻട്രൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണറുടെ ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ഇത്തരം അപേക്ഷകളിൽ ഇനിയൊരു ഉത്തരവുണ്ടാകുംവരെ തുടർനടപടികൾ വേണ്ടെന്ന നവംബറിലെ കേന്ദ്ര നിര്‍ദേശം നിലനില്‍ക്കേ, കമ്മിഷണറുടെ ഉത്തരവിലും വെെരുദ്ധ്യമുണ്ട്. തൊഴിലാളികളെ ഇരുട്ടില്‍ നിര്‍ത്തുകയും അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ഏതുമാര്‍ഗത്തിലൂടെയും തടയുകയും ചെയ്യുന്ന കേന്ദ്ര നിലപാടിനെതിരെ യോജിച്ച ചെറുത്തുനില്പ് അനിവാര്യമാണ്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.