12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
May 17, 2024
December 10, 2023
December 7, 2023
November 10, 2023
August 12, 2022
January 12, 2022
August 13, 2021

സ്ത്രീധനമരണവും പിരിച്ചുവിടലും

Janayugom Webdesk
August 13, 2021 5:15 am

സ്ത്രീധനപീഡനത്തെത്തുടർന്ന് മരണപ്പെട്ട കൊല്ലം നിലമേലിൽ എസ് വി വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് എസ് കിരൺകുമാറിനെ ജോലിയിൽ നിന്ന് സർക്കാർ പിരിച്ചുവിട്ടിരിക്കുന്നു. കുറ്റകൃത്യം ശരിവച്ചുകൊണ്ടുള്ള കോടതിവിധി വരും മുൻപ് നടന്ന ഈ പിരിച്ചുവിടൽ നിലനിൽക്കുമോ എന്നതാണ് നിയമവൃത്തങ്ങളിലെ ചർച്ച. സർക്കാർ ഉദ്യോഗസ്ഥരുടെ 1960ലെ പെരുമാറ്റച്ചട്ടം 93 (സി) ഉൾപ്പെടെയുള്ള ചട്ടങ്ങളുടെ ലംഘനം വകുപ്പുതല അന്വേഷണത്തിൽ തെളിയിക്കപ്പെട്ടതിന്റെ പേരിൽ സർവീസ് ചട്ടം 11(1) (viii) പ്രകാരമാണ് പിരിച്ചുവിടൽ.

സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തര കലഹവും ശാരീരികവും മാനസികവുമായ ഉപദ്രവവുമാണ് വിസ്മയയുടെ മരണകാരണമെന്ന് പൊലീസ് കേസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇത് കോടതിയിൽ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ തെളിയിക്കപ്പെടാൻ ഇരിക്കുന്നതേയുള്ളു. ഇവിടെ പ്രശ്നം സർവീസ് ചട്ടം 15 പ്രകാരമുള്ള അന്വേഷണത്തെത്തുടർന്ന് നടന്ന പിരിച്ചുവിടൽ നിലനിൽക്കുമോ എന്നതാണ്. പിരിച്ചുവിടപ്പെട്ട കിരൺകുമാറിന് പിരിച്ചുവിടൽ ഉത്തരവ് ചോദ്യംചെയ്തുകൊണ്ട് കെഎറ്റി മുതൽ സുപ്രീം കോടതി വരെ പോകാവുന്നതാണ്.

നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ, കുറ്റാരോപിതന് സാമാന്യനീതിതത്വങ്ങൾ ഉറപ്പു ചെയ്യുന്ന അവകാശങ്ങളും അവസരങ്ങളും നൽകിയിട്ടുണ്ടോ അങ്ങനെ പിരിച്ചുവിടൽ തീരുമാനം ക്രമപ്രകാരമാണോ എന്നൊക്കെയാണ് കോടതികൾ പരിശോധിക്കുക. ക്രിമിനൽ കോടതിയിൽ ബാധകമായിട്ടുള്ള തെളിവുനിയമം വകുപ്പുതല അന്വേഷണത്തിന് ബാധകമല്ല. എങ്കിലും നിയമപരമായി സാധുവായ തെളിവുകൾ നിർബന്ധമാണ്. അങ്ങനെ നടപടിക്രമം ശരിയാണെങ്കിൽ ഒരു കോടതിയും കിരൺകുമാറിനെ രക്ഷിക്കില്ല. മറിച്ചാണെങ്കിൽ സംഗതി മാറും.

ഇനി മറ്റൊരുവശം. വകുപ്പുതല കേസിലും ക്രിമിനൽ കേസിലും ആരോപണങ്ങളും സാക്ഷികളും നൂറുശതമാനം സമാനമാണെങ്കിലും കുറ്റം കോടതിയിൽ സംശയാതീതമായി തെളിയുകയും ചെയ്യുന്നപക്ഷം പ്രതി കോടതിയിൽ ശിക്ഷിക്കപ്പെടാം. നേരേമറിച്ച് കോടതികളിൽ തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയും പ്രതി മാന്യമായി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ കിരൺകുമാറിന് സർവീസിൽ തിരിച്ചുവരാൻ അവസരമുണ്ടാകും. ഇതാണ് ക്യാപ്റ്റൻ പോൾ അന്തോണി കേസി (1999) ലും ജിഎം ടാങ്ക് (2006) കേസിലും സുപ്രീം കോടതി വിധിച്ചിട്ടുള്ളത്. എന്നാൽ രണ്ട് കേസുകളിലും കുറ്റാരോപണവും സാക്ഷികളും വ്യത്യസ്തമാണെങ്കിലും ക്രിമിനൽ കോടതി തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതേ വിട്ടാൽപ്പോലും വകുപ്പുതല പിരിച്ചുവിടൽ ഉത്തരവിന് ഒന്നും സംഭവിക്കില്ല. കാരണം, അത്തരം കേസുകളിൽ കോടതി വെറുതേവിട്ടാലും അത് വകുപ്പുതല നടപടിക്ക് ബാധകമല്ല. കിരൺകുമാർ അവസാനം രക്ഷപ്പെട്ടാൽ പോലും വിസ്മയ എങ്ങനെ മരണപ്പെട്ടു എന്ന ചോദ്യം അപ്പോഴും അവശേഷിക്കും.

എൻ എസ് പിള്ള

തിരുവനന്തപുരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.