യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Web Desk
Posted on April 01, 2019, 3:04 pm

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു. യുവതിയുടെ ഭര്‍ത്താവ് ചന്തുലാലിനും അമ്മായിയമ്മ ഗീതാലാലിനും എതിരെയാണ് കേസെടുത്തത്. ചികിത്സ നിഷേധിച്ചതിനും വിട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനുമെതിരെയാണ് കേസ്.

കഴിഞ്ഞ 21ന് രാത്രിയാണ് തുഷാര(27) ഓയൂര്‍ ചെങ്കുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ മരണപ്പെട്ടത്. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിയിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മനസിലായത്.

വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവിന് നേരെ അന്വേഷണം നീണ്ടത്. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു.