സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്

ഡാലിയ ജേക്കബ്
Posted on November 27, 2019, 12:36 pm

ആലപ്പുഴ: സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങൾക്ക് കുറവില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുളിൽ 224 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. കേരളത്തിൽ കഴിഞ്ഞ വർഷം 16 സ്ത്രീകൾ സ്ത്രീധന പീഡനത്തിന്റെ ഇരകളായി ക്രൂരമായി വധിക്കപ്പെട്ടു. ഈ വിവരങ്ങൾ കേരള പൊലീസിന്റെ ക്രൈം റെക്കാർഡ്സ് ബ്യൂറോ വെബ്സൈറ്റിൽ ലഭ്യമാണ്. ദേശീയ ശരാശരി പ്രകാരം മണിക്കൂറിൽ ഒരു സ്ത്രീ വീതം സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ട്. ഈ വർഷം മുതൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നമ്മുടെ നാട്ടിൽ നിന്ന് സ്ത്രീധനസമ്പ്രദായത്തെ ഇല്ലാതാക്കാൻ സംസ്ഥാനസർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പ് പ്രതിജ്ഞാബദ്ധമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്.

കഴിഞ്ഞ മാർച്ചിൽ കരുനാഗപ്പള്ളിയിലെ തുഷാര എന്ന സ്ത്രീയെ സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ടാണ് അവരുടെ ഭർത്താവും അമ്മയും ചേർന്ന് കൊന്നത്. മരിക്കുന്ന നേരത്ത് തികച്ചും ക്ഷീണിതയായ ആ സ്ത്രീയുടെ ഭാരം 20 കിലോയിൽ താഴെയായിരുന്നു. 2008‑ൽ കേരളത്തിൽ 25ൽ പരം സ്ത്രീധന കൊലകൾ നടന്നെങ്കിൽ 2014‑ൽ അത് 28 എണ്ണമായി വർദ്ധിച്ചു. ആലപ്പുഴയിലെ റസിയ എന്ന പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചത് നീണ്ട നാലു വർഷത്തെ പീഡനങ്ങളെ അതിജീവിക്കാൻ കഴിയാതെയാണ്. നാഷണൽ ക്രൈംബ്യൂറോയുടെ കണക്കുപ്രകാരം 87 ശതമാനം സ്ത്രീധന പീഡനകേസുകൾ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നുണ്ട്. വിവാഹത്തിന് വധുവിന് നൽകേണ്ട സ്വർണത്തിന്റെ അളവ് 120 ഗ്രാമിൽ കൂടാൻ പാടില്ലെന്നൊരു നിർദ്ദേശം വനിത കമ്മിഷൻ സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും അത് എവിടെയും പ്രാവർത്തികമാകുന്നില്ല.

അമിതമായി സ്വർണ്ണാഭരണങ്ങളിട്ടാണ് മിക്ക വധുവിനെയും വീട്ടുകാർ അണിയിച്ചൊരുക്കുന്നത്. ഇതിനു കൂട്ടുനിൽക്കുന്നവരാവട്ടെ സ്ത്രീകൾ തന്നെയുമാണ്. വിവാഹപൂർവ്വവും വിവാഹശേഷവുമുള്ള കൗൺസിലിങ് നമ്മുടെ നാട്ടിൽ ഉയർന്നുവരുന്നുണ്ടെങ്കിലും അത് വേണ്ടത്ര പ്രയോഗവൽകരിക്കാത്തതിന്റെ ദൂഷ്യങ്ങളാണ് പല ദുരന്തങ്ങൾക്കും കാരണമാകുന്നത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും സ്ത്രീധന സമ്പ്രദായം ഇപ്പോഴും സമൂഹത്തിൽ ആഴത്തിൽ വേരോടുന്നുണ്ട്. അതിനാൽ തന്നെ യുവജനങ്ങളുടെ ഇടയിൽ ശക്തമായ അവബോധത്തിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. ഈയൊരു ലക്ഷ്യം മുൻനിർത്തി നിയമം കർശനമാക്കുന്നതോടൊപ്പം വിപുലമായ പരിപാടികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്നത്.