നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായ ഡോ. അസ്ന ഇനി സ്വന്തം നാട്ടില്‍ രോഗികള്‍ക്ക് ആശ്വാസമാകും. 20 വര്‍ഷം മുമ്പ് ആര്‍എസ്എസുകാരുടെ ബോംബേറിൽ കാലുനഷ്ടപ്പെട്ട അസ്ന സ്വന്തം നാട്ടിലെ ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായി ചുമതലയേറ്റു. അച്ഛൻ നാണുവിന് ഒപ്പമെത്തി ബുധനാഴ്ച രാവിലെ 9.30നാണ് അസ്ന ചുമതലയേറ്റത്.
കൈവിട്ടുപോകുമെന്നു കരുതിയ ജീവിതം ഇങ്ങനെ എത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് പിതാവ് നാണു പറഞ്ഞു. അക്രമരാഷ്ട്രീയത്തിനിരയായി വലതുകാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരിയിലെ അസ്ന ഏറെക്കാലം വാർത്തകളിൽ നിറഞ്ഞുനിന്നു. 2000 സെപ്റ്റംബർ 27‑ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരൻ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാണു-ശാന്ത ദമ്പതികളുടെ അഞ്ചു വയസ്സുകാരിയായ അസ്നയുടെ നേർക്ക് ബോംബ് വന്നുവീണത്.
ബോംബേറിൽ ആനന്ദിനും പരിക്കേറ്റിരുന്നു. വീടിനു സമീപം പൂവത്തൂർ ന്യൂ എൽപി സ്കൂളിലായിരുന്നു പോളിങ് സ്റ്റേഷൻ. അവിടെയുണ്ടായ അക്രമത്തിനിടെ ആര്‍എസ്എസുകാര്‍ എറിഞ്ഞ ബോംബ് അസ്നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ അസ്നയ്ക്ക് പിന്നീട് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. എന്നാൽ വിധിക്കെതിരെയുള്ള പോരാട്ടമായിരുന്നു അസ്നയ്ക്ക് തുടർന്നുള്ള ജീവിതം. മൂന്ന് മാസം തുടർച്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഡോക്ടറാകണമെന്ന ആഗ്രഹം അസ്നയുടെ മനസ്സിൽ പൂവിട്ടത്. കൃത്രിമക്കാൽ ഘടിപ്പിച്ചായിരുന്നു ഓരോ കാൽവെപ്പും. മിടുക്കിയായ അസ്ന അങ്ങനെ ഡോക്ടറാകാൻ പഠിച്ചു തുടങ്ങി. 2013‑ലായിരുന്നു അസ്ന മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. ഇതിനിടെ അഭ്യുദയകാംക്ഷികളുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് അസ്നയുടെ കുടുംബത്തിന് വീട് നിർമിച്ചു നല്കി. കഴിഞ്ഞ വര്‍ഷമാണ് അസ്ന എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്.
English summary: Dr Asna will be comfort to the home country
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.