September 29, 2022 Thursday

Related news

September 22, 2022
September 20, 2022
September 17, 2022
July 5, 2022
June 19, 2022
June 9, 2022
June 3, 2022
April 4, 2022
March 24, 2022
March 23, 2022

ഡോക്ടര്‍ ആസാദ് മൂപ്പന് ദുബായിലെ അമിറ്റി യൂണിവേഴ്സിറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

Janayugom Webdesk
ദുബായ്
March 22, 2022 11:32 am

ഓരോ വര്‍ഷവും ജിസിസിയിലും ഇന്ത്യയിലുമുള്ള അര്‍ഹരായ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രാപ്യമായ രീതിയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി പ്രതിജ്ഞാബദ്ധത നിലനിര്‍ത്തുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ദുബായിലെ അമിറ്റി യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മാര്‍ച്ച് 10 ന് ദുബായിലെ അമിറ്റി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.

1987ല്‍ ദുബായില്‍ ഒരൊറ്റ ക്ലിനിക്കില്‍ ഡോ. മൂപ്പന്‍ പ്രാക്ടീസ് ആരംഭിച്ചതുമുതല്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ഡിഎന്‍എയില്‍ സമൂഹത്തിന് തിരികെ നല്‍കുക എന്ന ആശയം രൂപപ്പെട്ടിരുന്നു. രാവിലെ മുതല്‍ രാത്രി വരെ സൗജന്യമായി രോഗികളെ കാണാന്‍ അദ്ദേഹം ആഴ്ചയില്‍ ഒരു ദിവസം നീക്കിവെക്കുമായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി, ആസ്റ്റര്‍, ആക്സസ്, മെഡ്കെയര്‍ ബ്രാന്‍ഡുകളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പ്രൈമറി, ക്വാട്ടേണറി മെഡിക്കല്‍ പരിചരണം നല്‍കുന്ന ഒരു ആഗോള ആരോഗ്യ സംരക്ഷണ സ്ഥാപനമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ന്, ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് 27 ആശുപത്രികള്‍, 118 ക്ലിനിക്കുകള്‍, 66 ലാബുകള്‍ എന്നിവയുള്‍പ്പെടെ 7 രാജ്യങ്ങളിലായി 535 സ്ഥാപനങ്ങളുണ്ട്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മനുഷ്യസ്നേഹിയായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, ഡോ. മൂപ്പന്‍ ഫാമിലി ഫൗണ്ടേഷന്‍ എന്നിവയിലൂടെ നിരവധി സാമൂഹിക സേവന ഉദ്യമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാമൂഹിക ശാക്തീകരണം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ഉദ്യമങ്ങള്‍ ലോകത്തെല്ലായിടത്തുമുളള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. തന്റെ സ്വകാര്യ സമ്പത്തിന്റെ 20 ശതമാനം സാമൂഹിക മാറ്റം പ്രാപ്തമാക്കുന്നതിനും, അര്‍ഹരായ ആളുകളെ സഹായിക്കുന്നതിനും വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവച്ചിരിക്കുകയാണ്. സഹായം ആവശ്യമുള്ളവരെയും, സഹായിക്കാന്‍ സന്നദ്ധമായവരെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 2017‑ലാണ് അദ്ദേഹം ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ഗ്ലോബല്‍ സിഎസ്ആര്‍ പ്രോഗ്രാം ആരംഭിച്ചത്.

ഇന്ന്, ഇന്ത്യ, സൊമാലിയ, സുഡാന്‍, ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ 3.5 ദശലക്ഷം ജീവിതങ്ങള്‍ക്ക് സഹായ ഹസ്തമെത്തിച്ച ആസ്റ്റര്‍ വോളണ്ടിയേഴ്‌സില്‍ 42,000 സന്നദ്ധപ്രവര്‍ത്തകരാണ് കര്‍മ്മനിരതരായിട്ടുള്ളത്. കഴിഞ്ഞ 5 പതിറ്റാണ്ടുകളായി, ജനങ്ങള്‍ക്ക് പ്രാപ്യമായ ചെലവില്‍ ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ദിവസവും ആളുകളുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്പര്‍ശിക്കാന്‍ സാധിക്കുകയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യ പരിചരണം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത നേരിട്ട് അറിയുകയും ചെയ്യുന്നതായി ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വിവിധ ഉദ്യമങ്ങളിലൂടെ ഇത് പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ സജീവമായി ശ്രമിക്കുന്നുണ്ട്. അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഈ അഭിമാനകരമായ ബിരുദം നേടാനായത് വലിയ അംഗീകാരമായി ഞാന്‍ കാണുന്നു.

ഇത് ലോകമെമ്പാടുമുള്ള കൂടുതല്‍ ആളുകള്‍ക്ക് സേവിക്കുന്നത് തുടരാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ”ഈ മേഖലയിലെ മുന്‍നിര നേതാക്കളുടെയും, നൂതനമായ ആശയങ്ങളുടെ പ്രയോക്താക്കളുടെയും സാന്നിധ്യത്താല്‍ സമ്പന്നമായ ഇത്തവണത്തെ ബിരുദദാന ചടങ്ങ് ഏറെ ഗംഭീരമായി ആഘോഷിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ. ആസാദ് മൂപ്പന് ഡോക്ടറേറ്റ് സമ്മാനിച്ചുകൊണ്ട് സംസാരിച്ച അമിറ്റി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. അതുല്‍ ചൗഹാന്‍ പറഞ്ഞു. ആഗോള ആരോഗ്യ സംരക്ഷണ വ്യവസായത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദീര്‍ഘവീക്ഷണമുള്ള നേതൃമുഖമായ ഡോ. ആസാദ് മൂപ്പന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കാനായത് ഞങ്ങള്‍ക്ക് ലഭിച്ച ബഹുമതിയായി കാണുന്നു. തുടര്‍ച്ചയായ മികവ്, ഉന്നത പ്രൊഫഷണലിസം, കരുതല്‍, അനുകമ്പ എന്നീ ഗുണങ്ങളെല്ലാം ചേര്‍ന്ന വ്യക്തിത്വമാണ് ഡോ. മൂപ്പനെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനകം നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഡോ. ആസാദ് മൂപ്പനെ തേടിയെത്തിയിട്ടുണ്ട്.

2011‑ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പ്രവാസി ഭാരതീയ സമ്മാന്‍, പത്മശ്രീ എന്നിവ നല്‍കി ആദരിച്ചു. ഫിക്കിയുടെ (എകഇഇകഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി) ‘ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’, മഹാമാരിയുടെ സമയത്തെ ഏകോപന മികവ് പരിഗണിച്ചുകൊണ്ട് ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അറേബ്യന്‍ ബിസിനസ് മാഗസിന്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രചോദനം പകരുന്ന 100 നേതാക്കളില്‍ ഒരാളായി ഡോ. ആസാദ് മൂപ്പനെ തിരഞ്ഞെടുത്തിരുന്നു. ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് മാഗസിന്‍ അറബ് ലോകത്തെ ഏറ്റവും ശക്തരായ ഇന്ത്യന്‍ നേതൃമുഖങ്ങളില്‍ ഒരാളായും അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്.

eng­lish summary;Dr. Azad Moopan hon­ored with a doc­tor­ate by Ami­ty Uni­ver­si­ty Char­i­ty in Dubai

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.