Wednesday
20 Feb 2019

ആഹ്വാനവും താക്കീതും

By: Web Desk | Thursday 6 December 2018 8:45 AM IST

അഡ്വ. എന്‍ രാജന്‍

അഭിനവ ഭാരത ശില്‍പികളില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഡോ. അംബേദ്ക്കര്‍ നിര്യാതനായിട്ട് ഇന്ന് 62 വര്‍ഷം തികയുന്നു. ഇക്കൊല്ലത്തെ അദ്ദേഹത്തിന്റെ ചരമദിനം പ്രതേ്യകം സ്മരണീയമാണ്. അംബേദ്ക്കര്‍ അന്ത്യശ്വാസം വലിക്കുന്നതുവരെ സന്ധിയില്ലാതെ പോരാടിയത് യുക്തിശൂന്യമായ ജാതിവ്യവസ്ഥയ്ക്ക് എതിരായും സാമൂഹിക നീതിക്കുവേണ്ടിയും ആയിരുന്നു.
ജാതിവ്യവസ്ഥയെ നിര്‍മാര്‍ജനം ചെയ്യാതെയും സാമൂഹികവും സാമ്പത്തികവുമായ തുല്യാവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും ഉറപ്പ് വരുത്താതെയും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഭദ്രമാവില്ലെന്ന് 1949 നവംബര്‍ 25ന് ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ ചെയ്ത പ്രസിദ്ധമായ പ്രസംഗത്തില്‍ അംബേദ്ക്കര്‍ താക്കീത് നല്‍കിയിരുന്നു. താന്‍ മുഖ്യമായ പങ്ക് വഹിച്ച സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക്കന്‍ ഭരണഘടന പാസാക്കിയ ചരിത്രപ്രധാനമായ സന്ദര്‍ഭമായിരുന്നു അത്. ആ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
‘1950 ജനുവരി 26ന് ഈ ഭരണഘടന നടപ്പില്‍ വരുമ്പോള്‍ നാം വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്ക് കാല് കുത്താന്‍ പോവുകയാണ്. രാഷ്ട്രീയത്തില്‍ നമുക്ക് സമത്വം ഉണ്ടാവും. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ അസമത്വം തുടരും. രാഷ്ട്രീയത്തില്‍ ഓരോ ആള്‍ക്കും ഓരോ വോട്ടിനും ഒരേ മൂല്യമെന്ന തത്വം നാം തുടര്‍ന്നും നിഷേധിച്ചുകൊണ്ടിരിക്കും. ഇതിനുകാരണം നമ്മുടെ സാമൂഹിക-സാമ്പത്തികഘടനയാണ്.
എത്രകാലം വൈരുധ്യങ്ങളുടെ ഈ ജീവിതം നമുക്ക് തുടരാന്‍ കഴിയും? സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ സമത്വം നിഷേധിക്കുന്നത് എത്രകാലം തുടര്‍ന്നുകൊണ്ടിരിക്കാം? ദീര്‍ഘകാലം ആ നിഷേധം തുടരുകയാണെങ്കില്‍ നാം നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ അപകടത്തിലാക്കുക മാത്രമായിരിക്കും ചെയ്യുന്നത്. കഴിയുന്നതും വേഗം നാം വൈരുധ്യം ഇല്ലാതാക്കണം. അല്ലെങ്കില്‍ അതുകൊണ്ട് കഷ്ടപ്പെടുന്നവര്‍, ഈ അസംബ്ലി എത്രയും ബുദ്ധിമുട്ടി പടുത്തുയര്‍ത്തിയ രാഷ്ട്രീയ ജനാധിപത്യ സംവിധാനത്തെ തകര്‍ത്തുകളയും.’
ഈ ആഹ്വാനവും താക്കീതും ഇന്നും പ്രസക്തമാണ്. മതം മാറിയാല്‍ ജാതിവ്യവസ്ഥയുടെ അപമാനങ്ങളില്‍ നിന്ന് അവര്‍ണ ജാതിക്കാരെയും പട്ടികജാതിക്കാരെയും മോചിപ്പിക്കാമെന്ന് ഡോ. അംബേദ്ക്കര്‍ തന്റെ ജീവിതാവസാന ഘട്ടത്തില്‍ വിശ്വസിക്കുകയുണ്ടായി. 1956 ഒക്‌ടോബര്‍ 14ന് മൂന്ന് ലക്ഷം അനുയായികളോടുകൂടി അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. പക്ഷേ, അതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ലെന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ക്ക് എങ്ങനെ അറുതിവരുത്താമെന്ന ചോദ്യത്തിന് തന്റെ പൊതുജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ ഡോ. അംബേദ്ക്കര്‍ വ്യക്തമായ മറുപടി പറഞ്ഞു. അദ്ദേഹം എല്ലായ്‌പ്പോഴും വീരാരാധനയ്ക്ക് എതിരായിരുന്നു. നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തെ അധഃപതിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തത് അതിരുകടന്ന വീരാരാധനാ മനോഭാവമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
1932 ജൂലൈ 20ന് നാഗ്പൂരില്‍ ചേര്‍ന്ന അസ്പൃശ്യരുടെ ഒരു മഹാസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ അംബേദ്ക്കര്‍ പറഞ്ഞു: ‘നിങ്ങളുടെ മോക്ഷത്തിന് ഏതെങ്കിലും വ്യക്തിയെ നിങ്ങളാശ്രയിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ മോചനം നിങ്ങളുടെ കൈകളില്‍ തന്നെയായിരിക്കണം; മോചനം നിങ്ങളുടെ പരിശ്രമങ്ങളിലൂടെ ആയിരിക്കണം.’
ഇന്ത്യയിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ അധഃകൃതരുടെ, ബഹിഷ്‌കൃതരുടെ, ദരിദ്രനാരായണന്‍മാരുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മോചനത്തിനും തുല്യ അവകാശങ്ങള്‍ക്കും ഉറപ്പ് കിട്ടാത്ത കാലത്തോളം രാഷ്ട്രീയ സ്വാതന്ത്ര്യം പൂര്‍ണമാവവുകയില്ലെന്ന് അംബേദ്ക്കര്‍ ഉറച്ചു വിശ്വസിച്ചു. അവരുടെ ഇടയില്‍ നിന്ന് ഉയര്‍ന്നുവന്ന ഇന്ത്യയുടെ ആ മഹാനായ പുത്രന് മറ്റൊരു വിധത്തിലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.

ഡോ. അംബേദ്ക്കര്‍ സ്വാഭാവികമായും ചാതുര്‍വര്‍ണ്യത്തെയും ജാതിവ്യവസ്ഥയെയും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഉന്‍മൂലനം ചെയ്യുക എന്നത് തന്റെ ജീവിതലക്ഷ്യമായി എടുത്തു. ആ ദുഷിച്ച വ്യവസ്ഥ സൃഷ്ടിച്ച അപമാനങ്ങളുടെയും അധിക്ഷേപങ്ങളുടെയും കൈപ്പുനീര് ഏറെ കുടിച്ച ആളാണ് ഡോ. അംബേദ്ക്കര്‍. പത്രങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയുടെ ‘അഭിനവമനു’ എന്ന് പ്രകീര്‍ത്തിച്ചു. ഭരണഘടനയിലെ ജനാധിപത്യ തത്വങ്ങള്‍, വിശേഷിച്ചും സര്‍ക്കാര്‍ നയങ്ങളുടെ മാര്‍ഗനിര്‍ദേശ തത്വങ്ങള്‍ ആത്മാര്‍ഥമായും പൂര്‍ണമായും നടപ്പില്‍ വരുത്തിയാല്‍ നമുക്ക് സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ കഴിയും.
അംബേദ്ക്കര്‍ മുഖ്യശില്‍പിയായി രൂപംകൊടുത്ത നമ്മുടെ ഭരണഘടനയ്ക്ക് തന്നെ വെല്ലുവിളി ഉയരുന്ന കാലഘട്ടമാണ് ഇത്. മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ത്തെറിയപ്പെടുന്നു. മതന്യൂനപക്ഷങ്ങളും ദളിതരും വെല്ലുവിളി നേരിടുന്നു. ഭരണകൂടത്തിനെതിരെ അഭിപ്രായം പറയുന്നവര്‍ കൊലക്കത്തിക്കിരയാവുന്നു.

ഡോ. അംബേദ്ക്കറുടെ ഉപദേശം ഇതായിരുന്നു: ‘പഠിക്കുക, സംഘടിക്കുക, പോരാടുക’. ഭരണഘടനയും മതേതര പാരമ്പര്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം നമുക്ക് തുടരാം. അംബേദ്ക്കറുടെ സ്മരണയും ചിന്തകളും ഈ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരും.

Related News