Web Desk

കവിത

December 29, 2020, 2:40 pm

“പുഴയെ സ്നേഹിക്കുന്നവൻ്റെ മൈത്രീ പ്രവാഹം” ;ഡോ. ദേശമംഗലം രാമകൃഷ്ണൻ

Janayugom Online

“എങ്കിലുമിടക്കിടെ
വന്നു നിൽക്കും ഞാനിവിടെ
അല്ലാതെ പറ്റില്ലെനി-
ക്കെന്നെപ്പിന്നെ നേരിടാൻ ”

എന്ന ഉൽകണ്ഠയിൽ ഞാനും
കുടുങ്ങുന്നു. പാലം മുതൽ
അവസാന ചിത്രം
വരെയുള്ള 20 ഖണ്ഡങ്ങളിലൂടെ മനമോടിയപ്പോൾ ഞാൻ
എൻ്റെ ഗ്രാമത്തെയും
പുഴയെയും ഓർത്തു.
ഓരോ പുഴയും പുഴത്തടങ്ങളും
ജീവിതമാണ്, ചരിത്രമാണ്,
ഗൃഹാതുരത്വമാണ്.

രാധാകൃഷ്ണൻ പെരുമ്പള സ്വന്തം
ദേശ കാലങ്ങളുടെ പ്രവാഹത്തെയും നിശ്ചലതയെയും
“പെരുമ്പളപ്പുഴ ” യിലൂടെ കുറിച്ചിടുന്നു.
ചോരയും ശവവും കിനാവും കാണുന്നു.
കർണാടക-ഉത്തര കേരള
വരമ്പിൽ നിൽക്കുന്നു.
പഴയ തുളുനാടൻ്റെ ചരിത്രം കാണുന്നു.

“മരം കൊത്തിപ്പക്ഷി
തൻ്റെ തലയിലെ
കുടുമ താഴെയിറക്കുന്ന കാലം “-

മാബലിപ്പാട്ടു പോലെ തുളു ബലീന്ദ്രൻ്റെ
കാലം പാടുന്നു. തുളുപ്പൊലിമയിലൂടെ സംസ്കാര സങ്കലനങ്ങളിലൂടെ
സഞ്ചരിക്കുന്നു.
കവി കാണും പോലെ
പുഴദേശത്തിൻ്റെ ഋതുപ്പകർച്ചകളും
പുഴയുടെ ആഴങ്ങളും കടവുകളും
ഞാൻ ഓർത്തെടുക്കുന്നു.

അമ്മയുടെ വീട്,
മഴക്കാല ‑പുഴക്കാലങ്ങൾ,
അമ്മമ്മയുടെ വാക്കുകൾ,
പുഴയുടെ വർത്തമാന വ്യഗ്രതകൾക്കെതിരെയുള്ള
പഴമയുടെ നിരോധങ്ങൾ,
നീന്തൽ, നീരാട്ട്, മുദ്രാവാക്യങ്ങൾ
എല്ലാം ഞാനും ഓർക്കുന്നു.

” പുഴയിൽ കുളിക്കുമ്പോൾ
ജലത്തിൻ ആലിംഗനം
ഉടലിൻ ഇടുക്കുകളിൽ
അതിൻ്റെ വിരൽസ്പർശം.…”

കടവു തോണിയിൽ യാത്ര,
തോണി കാത്തുള്ള കൂവൽ:
എല്ലാം എൻ്റെ അനുഭവങ്ങളെ
വീണ്ടും തന്നു.
ഒരു ഗ്രാമത്തിൻ്റെ രക്ഷകനെ
തേടുകയാണ് കവി, എല്ലാവരും
ആ പൊട്ടൻ തെയ്യത്തിൻ്റെ
മനസ്സുള്ളവരാവാൻ എന്ന് കഴിയും?

മീനുകളും പക്ഷികളും നിറഞ്ഞ
പുഴപ്പാട്ടിന് ഞാൻ കാതോർക്കുന്നു.

“പുഴയോട് പക്ഷികൾ
എന്തു ഭാഷയിലാണ് മിണ്ടുക,
അവയുടെ പറക്കലുകൾ
ഏതു കാലത്തിലാണ്… ”

എന്നും കവി ചോദിക്കുന്നു ;
സ്വന്തം കവിതയുടെ പറക്കലാവുന്നു.

പിതൃക്കളുടെ അസ്ഥികൾ,
ദുരധികാരകാലങ്ങൾ,
ധീര കർഷകർ, ഗാന്ധി,
പുഴ കടന്നു വന്ന
ചുകപ്പിൻ്റെ പോരാളികൾ,

പുഴ പോലൊഴുകിയ സഖാക്കൾ:
ഒരു ദേശചരിത്രത്തിൻ്റെ
പ്രകട സൂചകങ്ങൾ — വിസ്മരിക്കാനാവില്ല.
നദീതടത്തിലെ മുഖ ചരിത്രങ്ങൾ, അവഗണിക്കാനാവില്ല.

ഒരു പുഴയെ സ്നേഹിക്കുന്നവൻ്റെ
മൈത്രീ പ്രവാഹമാണ് ഈ കവിതയുടെ പൊരുൾ.

പോയ കാലത്തിൻ്റെ പൂക്കളും
മുറിവുകളും
കവിത കാട്ടിത്തരുന്നു.

കവി, “മേഘപാളികളിൽ നിന്ന്
കവിതയുടെ വീഞ്ഞ്
കോരിയെടുക്കുന്നു”, പകരുന്നു.

” കർഷകരു ടെ വിയർത്ത മുതുകെല്ലിലെമഴവില്ല് “കണ്ടെത്തുന്നു -
കവിത ഇവിടെ സുകൃതം നേടുന്നു.

ഇന്ന് പുഴ അന്യത്വത്തിൻ്റെ
ഭീകരതയിലാണ്.
ഈ യാഥാർത്ഥ്യം ക്രൂരമാകുന്നു.
മനുഷ്യൻ്റെ ക്രൗര്യവും
അന്യത്വവുമാണത്.
ഇതാണ് അവസാന ചിത്രം.

“ഒരു മൂന്നാം കര പുഴയ്ക്ക്
ഉണ്ടാകുമോ “എന്ന നിസ്സഹായ സമസ്യയിൽ
രാധാകൃഷ്ണനെ പ്പോലെ ഞാനും ഉഴറുന്നു.