നെല്ല് വിളയും കോള്‍നിലങ്ങളും നന്മ നിറഞ്ഞ മനസുകളും

Web Desk
Posted on November 17, 2018, 11:44 am
ഡോ. ജി എസ് ശ്രീദയ

ഡോ. ജി എസ് ശ്രീദയ

കൃഷിയെക്കുറിച്ചുള്ള പഠനം പുസ്തകത്താളുകളെ മാത്രം ആശ്രയിച്ചുള്ളതല്ല. പ്രവൃത്തി പരിചയത്തിലൂടെയും തലമുറകളിലൂടെയും കൈമാറപ്പെടേണ്ടതാണ്. വെള്ളായണി കാര്‍ഷിക കോളജിലെ വിദ്യാര്‍ഥികള്‍ കൃഷിയെ അടുത്തറിയാന്‍ തൃശൂര്‍ ജില്ലയിലെ കോള്‍പാടങ്ങളിലേക്ക് നടത്തിയ യാത്രയില്‍ തിരിച്ചറിഞ്ഞത് കര്‍ഷകന്റെ സ്‌നേഹം കൂടിയാണ്. മൂന്ന് വര്‍ഷം കൊണ്ട് കൃഷിശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ നാലാം വര്‍ഷത്തില്‍ കൃഷിയെ അടുത്തറിയാനുള്ള യാത്ര തുടങ്ങുന്നു. പല ഭാഗങ്ങളിലായി പൂര്‍ത്തീകരിക്കപ്പെടുന്ന ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടിയില്‍ പ്രധാനമാണ് കര്‍ഷക സമ്പര്‍ക്ക പരിപാടി. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ഷക ഭവനങ്ങളില്‍ താമസിച്ച് അവരവരുടെ ദൈനംദിന കൃഷിചര്യകളെപ്പറ്റി അറിയുവാനും പരമ്പരാഗത കൃഷി രീതികള്‍ പരിചയപ്പെടുവാനുമുള്ള അവസരം ലഭിക്കുന്നു. ഇതിന്റെ ഭാഗമായി വെളളായണി കാര്‍ഷിക കോളജ് 2015 ബാച്ചിലെ 106 ബിരുദ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത് തൃശൂര്‍ ജില്ലയിലെ പരമ്പരാഗത കോള്‍ നിലങ്ങളാണ്. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാന്‍ കര്‍ഷക ഭവനങ്ങള്‍ ഒരുങ്ങിയപ്പോള്‍ അതില്‍ സത്യന്‍ അന്തിക്കാടിന്റെ വീടും ഉള്‍പ്പെട്ടത് കോളിനെക്കുറിച്ചറിയാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കോളാവുകയായിരുന്നു.

സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 0.5 –മുതല്‍ 2 ചതുരശ്ര മീറ്റര്‍ വരെ താഴെയായി സ്ഥിതി ചെയ്യുന്ന കോള്‍ നിലങ്ങള്‍ കേരളത്തിന് ആവശ്യമായ അരിയുടെ 40 ശതമാനത്തോളം പ്രദാനം ചെയ്യുന്നു. വലുതും, ഉല്‍പാദനക്ഷമത കൂടുതലുള്ളതും ഭീഷണി നേരിടുന്നതുമായ ഈ വെള്ളക്കെട്ട് മേഖലയുടെ ഏകദേശം വിസ്തൃതി 136.4 ചതുരശ്ര കിലോമീറ്ററാണ്. അമ്ലതയും ഉപ്പ് രസവുമാണ് പ്രധാന പ്രശ്‌നങ്ങള്‍. മണല്‍ കലര്‍ന്ന കളിമണ്ണാണ് പ്രധാന മണ്ണിനം. ഓര്‍ഗാനിക് കാര്‍ബണിന്റെ അളവ് താരതമ്യേന കുറവായതിനാല്‍ ജൈവവള പ്രയോഗം അനിവാര്യം. സാധാരണ ഗതിയില്‍ രണ്ട് തവണ കൃഷിയിറക്കാം. മുണ്ടകനില്‍ (സെപ്റ്റംബര്‍ — ഡിസംബര്‍) ഞാറു നടീലും പുഞ്ചയില്‍ (ജനുവരി–- മെയ്) ചേറ്റ് വിതയും ഞാറു നടീലും പിന്‍തുടരുന്നു.

കോള്‍ നിലത്തിലെ കര്‍ഷകര്‍ക്ക് നെല്‍കൃഷി ജീവനും ജിവിതവുമാണ്. അമ്പത് സെന്റിനു താഴെയും 10 ഏക്കറിനു മുകളിലും കൃഷി ഭൂമി ഉള്ളവരും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുമൊക്കെ ചേര്‍ന്നതാണ് ഇവിടത്തെ കര്‍ഷകകൂട്ടായ്മകള്‍. ഒരു കാലത്ത് കള്ള് ചെത്ത് തൊഴിലാളികള്‍ ധാരാളം ഉണ്ടായിരുന്ന ഈ പ്രദേശത്തെ പ്രധാന വിളകള്‍ തെങ്ങും, കമുകുമൊക്കെയായിരുന്നു. മറ്റ് കീട രോഗ ബാധകള്‍ക്കൊപ്പം മണ്ഡരി കൂടി പിടിമുറുക്കിയപ്പോള്‍ തെങ്ങ് കൃഷി ഉപേക്ഷിക്കപ്പെട്ടു. ഇന്ന് നെല്‍ കൃഷിയാണ് ഇവിടെ പ്രധാനം.
മുമ്പ് ഇരുപ്പൂ കൃഷി ഉണ്ടായിരുന്ന ഈ പ്രദേശത്ത് ഇന്ന് നവംബര്‍ മാര്‍ച്ച് കാലങ്ങളിലായി ഒരുപൂ കൃഷി മാത്രമാണ് ചെയ്യുന്നത്. തൊഴിലാളികളുടെ ലഭ്യതക്കുറവും കൂലി വര്‍ദ്ധനവും പ്രശ്‌നമാണെങ്കിലും ഒരു ചര്യ പോലെ കര്‍ഷകര്‍ ഇന്നും മുടങ്ങാതെ കൃഷി ഇറക്കുന്നു.

നിലമൊരുക്കുന്നതിലും കൊയ്യുന്നതിലും ലഭ്യമായ യന്ത്രവല്‍ക്കരണം കൂലിച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു. യന്ത്രമുപയോഗിച്ച് വിത്തിടുന്നതും ഞാറു നടുന്നതും പരീക്ഷിച്ചിട്ടുള്ള ഇവര്‍ക്ക് ബംഗാളികളെക്കൊണ്ട് ഞാറു നട്ടത് വന്‍ നഷ്ടമാണ് നല്‍കിയത്. വേരു പൊട്ടിയ ഞാറുകള്‍ മാറ്റി നടുന്നതും ഞാറുകള്‍ക്കിടയിലെ അകലം കൂടിയതും കളകള്‍ മുളച്ച് പൊന്തുന്നതിന് കാരണമായി. ബംഗാളി ഭാഷ കൈകാര്യം ചെയ്യാന്‍ പഠിച്ചത് മാത്രം മെച്ചമെന്ന് നാട്ടുകാര്‍. കൃഷിയിറക്കുന്നതിന് മുമ്പ് പാടത്തെ വെള്ളം ഒഴുക്കി കളയുന്നതിനായി പെട്ടിയും പറയ്ക്കും പുറമെ ഇന്നു വെര്‍ട്ടിക്കല്‍ പമ്പ് സെറ്റും സബ്‌മെര്‍സിബിള്‍ പമ്പും ഉപയോഗിക്കുന്നു. കുളവാഴ, ആഫ്രിക്കന്‍ പായല്‍, കവട, കൊഴുപ്പ, അടമ്പ്, ആമ്പല്‍ മുതലായ കളകള്‍ നിറഞ്ഞ പാടങ്ങള്‍ കൃഷിക്ക് അനുയോജ്യമാക്കി മാറ്റാന്‍ കര്‍ഷകര്‍ പാട്‌പെടുന്നു.

തൊഴിലുറപ്പ് തൊഴിലാളികള്‍, ബംഗാളികള്‍, തമിഴ്‌നാട്ട്കാരായ തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമം ചണ്ടി നീക്കം ചെയ്യല്‍ ഒരു പരിധി വരെ വിജയകരമാക്കുന്നു. ട്രാക്ടറില്‍ കേജ് വീല്‍ ഘടിപ്പിച്ച് രണ്ട് തവണ നിലം പൂട്ടുന്നു. ടില്ലര്‍ ഉപയോഗിച്ച് നിരപ്പാക്കിയ പാടത്തേക്ക് മുളപ്പിച്ച നെല്‍ വിത്ത് വിതയ്ക്കുന്നു. കുമ്മായം ചേര്‍ത്ത് കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞശേഷമാണ് രാസവളപ്രയോഗം. ചിനപ്പ് പൊട്ടുന്ന സമയത്തും അടിക്കണ പരുവത്തിവും രണ്ടും മൂന്നും വള പ്രയോഗങ്ങള്‍ നടത്തുന്നു. എപ്പോഴും വെള്ളം കെട്ടി നിര്‍ത്താതെ വെള്ളം കയറ്റി ഇറക്കുന്ന രീതിയാണ് വേര് വളരാനും ചെടി കൂടുതല്‍ മൂലകങ്ങള്‍ വലിച്ചെടുക്കാനും നല്ല വിളവ് തരാനും യോജിച്ചത് എന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. ജലസേചന സൗകര്യങ്ങള്‍ക്കായി പീച്ചി, ചിമ്മിനി ഡാമുകളെയാണ് കോള്‍ കര്‍ഷകര്‍ ആശ്രയിക്കുന്നത്. കേരളം വരള്‍ച്ച നേരിടുന്ന സമയത്താണ് ഇവിടെ കൊയ്ത്തു കാലം. കൊയ്ത്തിനോടടുക്കുമ്പോള്‍ വെള്ളം കുറഞ്ഞാല്‍ വിളവ് കുറയും എന്നത് ജലസേചനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു. സപ്ലൈക്കോ വഴി ഗവണ്‍മെന്റ് നെല്ല് സംഭരിക്കുന്നതിനാല്‍ വിപണനം ഒരു പ്രശ്‌നമല്ല എന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്.

കാര്‍ഷിക കോളജ് വിദ്യാര്‍ത്ഥികള്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിനൊപ്പം

കാര്‍ഷിക കോളജ് വിദ്യാര്‍ത്ഥികള്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിനൊപ്പം

പ്രളയത്തില്‍ വെള്ളം കയറി മോട്ടോറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപണികള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കിയതിനാല്‍ വെള്ളം വറ്റിക്കല്‍ യഥാസമയം ചെയ്യാനാകുന്നു. കാര്‍ഷിക സര്‍വ്വകലാശാല ഉരുത്തിരിച്ച ഇനമായ മനുരത്‌ന കോള്‍ നിലങ്ങള്‍ക്ക് അനുയോജ്യവും 95 ദിവസം ദൈര്‍ഘ്യമുള്ളതുമാണ്. ഇത് ഉപയോഗിച്ച് ഇരുപ്പൂ കൃഷി ചെയ്യാനുള്ള പ്രയത്‌നത്തിന്റെ ഭാഗമായി കൃഷി ഇറക്കിയിട്ടുണ്ട്. ജ്യോതിയും ഉമയുമാണ് പ്രധാന കൃഷിയെങ്കിലും ജ്യോതിക്കാണ് വിപണിയില്‍ മുന്‍തൂക്കമെന്ന് കര്‍ഷകര്‍. വരമ്പില്‍ പയര്‍ വിതയ്ക്കുന്നതിലൂടെയും നല്ല വിളവ് ലഭിക്കുന്നതിനാല്‍ അധിക വരുമാന മാര്‍ഗ്ഗവുമാണ്. ഇവയ്ക്ക് പുറമെ ഉഴുന്ന്,സൂര്യകാന്തി,ഉള്ളി ഉരുളക്കിഴങ്ങ് എന്നിവ തുരുത്തില്‍ വിജയകരമായി പരീക്ഷിച്ച കര്‍ഷകരും ധാരാളം.

കൃഷിയില്‍ നൂതന ആശയങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായി ജലസേചന ചാലുകള്‍ക്ക് കുറുകെ പന്തല്‍ നിര്‍ത്തി കൃഷിയിറക്കാനും ചാലുകളില്‍ മീന്‍ വളര്‍ത്തുവാനുമുള്ള ആഗ്രഹം കര്‍ഷകര്‍ വിദ്യാര്‍ത്ഥികളുമായി പങ്കു വച്ചു. കുളവാഴയും മറ്റ് കളകളും കര്‍ഷക കൂട്ടായ്മയിലൂടെ കമ്പോസ്റ്റാക്കി മാറ്റി ആ കമ്പോസ്റ്റ് കൃഷിയിടത്തില്‍ ഉപയോഗിക്കുമ്പോള്‍ ജൈവവള പര്യതയും മണ്ണില്‍ ഓര്‍ഗാനിക് കാര്‍ബണിന്റെ അളവും കൂട്ടാന്‍കഴിയുമെന്ന വിദ്യാര്‍ഥികളുടെ അഭിപ്രായം പരിഗണിക്കാമെന്ന് അവര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി.

ആല്‍ത്തറയില്‍ കര്‍ഷകര്‍ക്കും ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം അനുഭവങ്ങള്‍ പങ്കുവച്ചും പാട്ടുകള്‍ പാടിയും സൂര്യാസ്തമനം കണ്ടും സായാഹ്ന സംഗമത്തിനും സംഘം സാക്ഷിയായി. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ഗോപിദാസ്,അസിസ്റ്റന്റ് ഡയറക്ടര്‍ നരേന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മണലൂരില്‍ നിന്നും ടി ജെ ഇഗ്‌നേഷ്യസ്, കെഎന്‍ സുന്ദരന്‍, സോമന്‍, വാസു, പുരുഷോത്തമന്‍, ശോഭിക, മോഹനന്‍, വെങ്കിടങ്ങില്‍ നിന്നും ടി എസ് രാമകൃഷ്ണന്‍, ജോര്‍ജ് കെറ്റി ചാഴൂരില്‍ നിന്നും കേശവരാജ്, തിലകന്‍ ഇഎ, അനിരുദ്ധന്‍, ഷൈജ, ലതാ വിജയന്‍, ഹരിലാല്‍, അന്തിക്കാട് നിന്നും എംജി സുഗുണദാസ്, സിഎ ജോഷി, സെബി, വിശ്വംഭരന്‍, രാമദാസ് പിബി, സത്യന്‍ അന്തിക്കാട്, മുല്ലശ്ശേരിയില്‍ നിന്നും നന്ദന്‍, സണ്ണി, യേശുദാസ്, എന്നിവരുടെ വീടുകളിലാണ് 106 വിദ്യാര്‍ഥികള്‍ക്ക് താമസമൊരുക്കിയത്.

കൃഷിയെ അടുത്തറിയുന്ന മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാറിന്റെ വീടും സംഘം സന്ദര്‍ശിച്ചു. അന്തിക്കാട് കടവാരത്തില്‍ നടത്തിയ സമാപന സമ്മേളനത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ചന്ദ്രബാബു, കാര്‍ഷിക കോളജ് ഡീന്‍ ഡോ. എ അനില്‍കുമാര്‍, ഭരണസമിതിയംഗം ഡോ. പ്രദീപ്കുമാര്‍, ഡിഎഫ്ഡബ്ല്യു ഡോ. ടി മനോജ്, ഡോ. ബി സീമ, ഡോ. ജയശ്രീ കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

കോളജ് ഡീന്‍ ഡോ. എ അനില്‍കുമാര്‍, വിഞ്ജാന വ്യാപന വിഭാഗം മേധാവി ഡോ.ബി സീമ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജിഎസ് ശ്രീദയ എന്നിവര്‍ക്കൊപ്പം ഡബിള്‍ കോള്‍ നോഡല്‍ ഓഫീസര്‍, ഡോ.വിവാന്‍സി എന്നിവര്‍ ചേര്‍ന്നാണ് പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.