‘പുലര്‍ച്ചെ 3:40, ഒറ്റ റിങ് തീരും മുമ്പേ ടീച്ചര്‍ ഫോണ്‍ എടുത്തു’; ഡോ. ഗണേഷ് മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്‌

Web Desk
Posted on June 10, 2019, 11:07 am

നിപ ഭയപ്പാടില്‍ മുങ്ങുന്ന കേരളക്കരയെയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. രണ്ടാമതും നിപ വന്നപ്പോള്‍ എല്ലാവരും ഒരുമിച്ച് നിന്നാണ് അതിനെ പേരാടിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ കര്‍മ്മനിരത പ്രശംസയേറിയതാണ്. ആരോഗ്യമന്ത്രിയുടെ കരുതലും സേവനത്തെയും കുറിച്ച് ഡോക്ടർ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ  എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്…

ഫേസ്ബുക്ക് കുറിപ്പ്:

ഇന്നലെ രാത്രി (7/6/19 )അല്പം ആശങ്കപെട്ടു.
നിപാ ഭീഷണി തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോള്‍ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ സര്‍വ്വ സജ്ജീകരണങ്ങളുമുള്ള ആംബുലന്‍സുകളില്‍ എത്തിച്ച മൂന്നു രോഗികള്‍ മൂര്‍ച്ഛിച്ച ‘നിപാ’ രോഗമെന്ന സംശയത്തില്‍ ഒന്നിന് പുറകെ ഒന്നായി അഡ്മിറ്റായി..
ഒന്ന് പതറി,
ആശങ്ക പറഞ്ഞറിയിക്കാന്‍ പറ്റാത്ത പോലെ…
വിവരം ഡല്‍ഹിയില്‍ ഉള്ള ശൈലജ ടീച്ചറോട് പറഞ്ഞു..
‘ടെന്‍ഷന്‍ വേണ്ട ഗണേഷ്.. എല്ലാം ശരിയാകും, നമ്മുടെ പുതിയ സംവിധാനത്തില്‍ ടെസ്റ്റ് ചെയ്യൂ!
ഞാന്‍ വാച്ചില്‍ നോക്കി.
സമയം രാത്രി 9:30
പൂണെ സംഘം ലാബ് പൂട്ടി വിശ്രമിക്കാന്‍ പോയിരുന്നു
ഞാന്‍ അവരെ വിളിച്ചു
ഒരു മടിയും കൂടാതെ അവര്‍ തിരികെ വന്നു.
’ ഞങ്ങള്‍ ടെസ്റ്റ് ചെയ്യാം, പക്ഷെ തീരുമ്പോള്‍ നേരം വെളുക്കും
ഞങ്ങള്‍ക്ക് ഭക്ഷണവും, തിരികെ പോകാന്‍ ഒരു വാഹനവും റെഡി ആക്കുക”
ഈ കേന്ദ്രസംഘം എന്നൊക്കെ പറയുമ്പോള്‍ എന്റെ കുട്ടിക്കാലത്തു ആലപ്പുഴയിലെ ജൂണ്‍ മാസത്തിലെ പ്രളയം പഠിക്കാന്‍ സെപ്റ്റംബര്‍ മാസത്തില്‍ വരുന്ന സംഘങ്ങളായിരുന്നു മനസില്‍.
പക്ഷെ ഇത് ഡോ. റീമ സഹായിയുടെ നേതൃത്വത്തില്‍ മൂന്ന് മിടു മിടുക്കികള്‍
’ കണ്‍സിഡര്‍ ഇറ്റ് ഡണ്‍’ ഞാന്‍ പറഞ്ഞു..
ഡോ. മനോജ് ഞൊടിയിടയില്‍ അവര്‍ക്ക് കേക്കും ജൂസും സംഘടിപ്പിച്ചു കൊണ്ടോടി വന്നു.

രോഗികളുടെ സാമ്പിളുകള്‍ അവധാനതയോടെ എടുത്ത് എന്റെ കുഞ്ഞനിയന്‍ ഡോ. നിഖിലേഷ് ലാബില്‍ എത്തിക്കുമ്പോള്‍ സമയം 12 കഴിഞ്ഞു.
നാലഞ്ചു ദിവസത്തെ ക്ഷീണം കാരണം ഞാന്‍ മെല്ലെ മയങ്ങി വീണു.
പുലര്‍ച്ചെ 3:30 ആയപ്പോള്‍ എന്റെ ഫോണില്‍ വിളികേട്ട് ഞെട്ടി ഉണര്‍ന്നു.
‘ഡോ. റീമ ഹിയര്‍, ഓള്‍ യുവര്‍ സാംപ്ള്‍സ് ആര്‍ നെഗറ്റീവ്’
ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു,
ആശ്വാസച്ചിരി…
ടീച്ചറോട് പറയണം.
ഈ സമയം പറയണോ അതോ നേരം പുലരുംവരെ കാക്കണോ?
വിളിച്ചു നോക്കാം.
അങ്ങനെ 3:40ന് റിസള്‍ട്ട് പറയാന്‍ ടീച്ചറെ വിളിച്ചൂ.
ഒറ്റ റിങ് തീരും മുമ്പേ ടീച്ചര്‍ ഫോണ്‍ എടുത്തൂ.
‘ഗണേഷ്, റിസല്‍ട്ട് നോര്‍മല്‍ അല്ലേ?’
‘അതേ ടീച്ചര്‍’
‘ഇനി നീ ഉറങ്ങിക്കോളൂ, അവനവന്റെ ആരോഗ്യം നോക്കണേ’
ഞാന്‍ ഫോണ്‍ വെച്ചു.
ആയിരക്കണക്കിന് കാതങ്ങള്‍ അകലെ, ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസള്‍ട്ട് അറിയാന്‍ ഉണര്‍ന്നിരിക്കുന്ന, ഫോണ്‍ ഒറ്റ റിങില്‍ എടുക്കുന്ന ആരോഗ്യ മന്ത്രി !!
അത്താഴം കഴിക്കാതെ അന്യ നാട്ടില്‍ നട്ട പാതിരായ്ക്ക് നിപ്പാ വൈറസിനെ പരതുന്ന മൂന്നു ധൈര്യശാലി പെണ്ണുങ്ങള്‍.
കോഴിക്കോട് നിന്നും വന്ന് ഒരാഴ്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്ത് രോഗികള്‍ക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപെടുത്താന്‍ ഇവിടെ ക്യാമ്പ് ചെയുന്ന ഡോ. ചാന്ദ്‌നി ഇവരൊക്കെയാണ് മരണ താണ്ഡവങ്ങളില്‍ നിന്ന് ഈ നാടിനെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്നത്.