സ്റ്റെതസ്‌കോപ്പിലെ കലാസ്പന്ദനം

Web Desk
Posted on May 05, 2019, 7:26 am

 

വി എസ് വസന്തൻ

ഹൃദയത്തിന്റെ ഒരറയില്‍ രോഗികളോടുള്ള കാരുണ്യവും മറ്റൊരറയില്‍ തുള്ളലിനോടും കഥകളിയോടുമുള്ള അഭിനിവേശവും. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അര്‍ബുദരോഗചികിത്സാ വിദഗ്ധനായ ഡോ. കെ ആര്‍ രാജീവ് കലയെ, അതും ക്‌ളാസിക് കലകളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നിര്‍മ്മലമനുഷ്യനാണ്.

Dr. K R Rajeev

കൂടല്‍മാണിക്യം ക്ഷേത്രവും തെക്കേനടയില്‍ വീടിനടുത്തുള്ള വലിയ കുളവും കൂടിയാട്ടം കുലപതി പത്മഭൂഷന്‍ അമ്മന്നൂര്‍ മാധവചാക്യാരുടെ ലളിതമായ ജീവിതചര്യകളും അദ്ദേഹത്തിന്റെ വത്സലശിഷ്യനായ വേണുജിയുടെ ചിട്ടയായ കലാസമീപനവും രാജീവെന്ന ബാലനെ കുട്ടിക്കാലത്തേ ഹരംകൊള്ളിച്ചിരുന്നു. ‘ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയ’മാണ് ഡോ. രാജീവിനെ കലയിലേക്ക് ആകര്‍ഷിച്ച മുഖ്യ കലാകേന്ദ്രം. ആതുരശുശ്രൂഷ തന്റെ പ്രൊഫഷനും കല തന്റെ വികാരവുമാണെന്നു ചിന്തിക്കുന്ന ഡോ. കെ ആര്‍ രാജീവ് സംസാരിച്ചു തുടങ്ങി.….

”ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ വിദ്യാര്‍ത്ഥിയായി, അധ്യാപകനായി, പ്രിന്‍സിപ്പലായി വിരമിച്ച കഥകളി ആചാര്യന്‍ കലാനിലയം രാഘവന്‍ ആശാനും പ്രശസ്ത ഹരികഥാ കലാകാരി ആനിക്കാട് സരസ്വതി അമ്മയുമാണ് എന്റെ അച്ഛനും അമ്മയും. വീട്ടില്‍ കുട്ടികളെ കഥകളി പഠിപ്പിക്കാന്‍വേണ്ടി അച്ഛന്‍ മുട്ടിമേല്‍ കൊട്ടുന്ന ശബ്ദം കേട്ടാണ് ഞങ്ങള്‍, മക്കള്‍ ഉണരുക. ഉറക്കുപാട്ടിനുപകരം കാതുകളില്‍ വന്നുവീണിരുന്ന ആ ശബ്ദത്തിന് ഭക്ഷണത്തിന്റെയും പുസ്തകത്തിന്റെയും ഈണവും മണവുമായിരുന്നു. പ്രചോദനഹേതുവായ ഉണര്‍ത്തുപാട്ടായി ഇന്നുമത് ഞങ്ങളുടെ കാതുകളില്‍ തങ്ങിനില്‍പ്പുണ്ട്. മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ അയച്ചുതന്നിരുന്ന പണത്തിനുമുണ്ടായിരുന്നു ഇതേ ഈണവും മണവും.

കല ഏതും പഠിക്കാം. കൊണ്ടുനടക്കാം. അതുകൊണ്ടുമാത്രം ജീവിതവൃത്തി പുലരണമെന്നില്ല. പറ്റാവുന്നിടത്തോളം പഠിക്കുക. ജോലി തേടിപ്പിടിക്കുക. ഒപ്പം കലയും കൂട്ടിപ്പിടിക്കുക. ഇതാണ് അച്ഛന്‍ ഞങ്ങളെ പറഞ്ഞുമനസ്സിലാക്കിത്തന്നിട്ടുള്ളത്. അച്ഛന്റെ ഇച്ഛാശക്തിക്ക് കൂട്ടായി ഉണ്ടായിരുന്നത് അച്ഛനെ ഇഷ്ടപ്പെടുന്നവരും കലയെ സ്‌നേഹിക്കുന്നവരും നാടും കൂടല്‍മാണിക്യ സ്വാമിയുമാണ് എന്നാണ് അച്ഛന്‍ പറയുക. ഹരികഥാപ്രസംഗത്തിന്റെ കാലംകഴിയുമ്പോഴേക്കും പിടിപ്പതു ജോലിയായിരുന്നു അമ്മയെന്ന ഗൃഹസ്ഥയ്ക്ക്. അച്ഛന്റെയടുത്ത് പഠിക്കാന്‍വരുന്ന കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന വീട്ടുകാരിയായ അമ്മയെ കൗതുകത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്, കലയും വൈദ്യശാസ്ത്രവും മനുഷ്യനെ സ്‌നേഹിക്കുവാനുള്ളതാണ് എന്ന സ്‌നേഹ തത്ത്വം എന്ന് എന്നെ പഠിപ്പിച്ചത് അച്ഛനും അമ്മയുമാണ്.
പ്രൈമറിതലംമുതല്‍ തുടങ്ങുന്ന കലാപഠനം ‘കലാനിലയം രാഘവനാശാന്‍
‘സര്‍വകലാശാല’യിലൂടെ ഇന്നും തുടരുന്നു. സ്‌കൂള്‍, കോളേജ് പഠനകാലത്തും കലാജീവിതം സജീവമായിരുന്നു. മികച്ച അഭിനേതാവിനും മൃദംഗവാദനത്തിനും ഓട്ടന്‍തുള്ളലിനും കഥകളിക്കും നിരവധി സമ്മാനങ്ങള്‍ കിട്ടിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി യുവജനോത്സവം, നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ എന്നിവയില്‍ പങ്കെടുത്തിരുന്നു. ‘സാര്‍ക്ക്’ യുവജനോത്സവത്തില്‍ പങ്കെടുത്ത് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത് കോളേജിന് വലിയ അംഗീകാരമായിരുന്നു. ഗ്രൂപ്പ് ഐറ്റമായ’താളവാദ്യ’മത്സരത്തിലായിരുന്നു കോളേജിന് ഒന്നാം സ്ഥാനംലഭിച്ചത്.
യുവജനോത്സവങ്ങളില്‍ ‘കലാപ്രതിഭ’ പുരസ്‌ക്കാരം, മൃദംഗത്തിന് കേരള സംഗീത നാടക അക്കാദമി സ്‌കോളര്‍ഷിപ്പ്, കഥകളിക്കുള്ള കേന്ദ്രഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് മുതലയാവ കരസ്ഥമാക്കി. 2013ല്‍ ഓങ്കോളജിയില്‍ ആലേെ ഥീൗവേ ഉീരീേൃ അംമൃറ ഥീൗിഴ ഛിരീഹീഴ്യ എീൃൗാ, ഞീമേൃ്യ ഇഹൗയഋഃരലഹഹലിര്യ അംമൃറ, ഘശീി െഇഹൗയ അംമൃറ,െ ഗശറില്യ എലറലൃമശേീി ീള കിറശമ എന്നിവയാണ് പഠനകാലത്ത് കിട്ടിയ അംഗീകാരങ്ങള്‍.
യാദൃച്ഛികമായിട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓങ്കോളജി വിഭാഗത്തിലേക്ക് താല്ക്കാലിക നിയമനം ലഭിക്കുന്നത്. അന്ന് അവിടെ പ്രൊഫസര്‍ മാരായിരുന്ന ഡോ. സുധാകരനും ഡോ. ബാലചന്ദ്രനുമാണ് ഈ രംഗത്തേക്കുള്ള വരവിന് പ്രചോദനം നല്‍കിയവര്‍.

വേദനയില്‍തുടങ്ങി വേദനയില്‍തന്നെ തീരുന്ന ഏതുരോഗവും ഭയാനകം തന്നെയാണ്. അതിനെ വെല്ലുകയെന്നത് വലിയൊരു ശ്രമവുമാണ്. ഈ വിഭാഗത്തിലുള്ള രോഗികള്‍, ഞങ്ങള്‍ പഠിക്കുന്ന കാലത്ത് വേദനയുടെ തീരാദുഃഖത്തില്‍ മുങ്ങിത്താഴുക യായിരുന്നു. അതെല്ലാം ശ്രദ്ധിച്ച ഞങ്ങളുടെ അധ്യാപകര്‍ തങ്ങളുടെ അടുത്തെത്തുന്ന രോഗികള്‍ക്ക് പകര്‍ന്നുനല്‍കിയിരുന്ന സ്‌നേഹം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. വാക്കിലും നോക്കിലും തേന്‍തുള്ളികള്‍ കിനിയുംഭാവത്തില്‍ സ്‌നേഹം നിറച്ചു വയ്ക്കണമന്ന് അവര്‍ ഞങ്ങളോട് പറയാതെ പറയും. അവര്‍ അതുചെയ്യും. ഞങ്ങളെ പ്രേരിപ്പിക്കും.
മഹാവ്യാധിയെന്നും മാറാവ്യാധിയെന്നുള്ള മാറാപ്പേരുംപേറി രോഗരാജാവായി കഴിഞ്ഞിരുന്ന അര്‍ബുദകാലം കഴിഞ്ഞു. ഇന്ന്, പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും രോഗവിമുക്തി എളുപ്പം ഉറപ്പാക്കാവുന്നുമായ ആധുനികമരുന്നുകള്‍ കിട്ടാനുണ്ട്. സാങ്കേതികവളര്‍ച്ചയുടെ ഭാഗമായി കണ്ടുപിടിക്കപ്പെട്ട നൂതനമെഷനറികളുണ്ട്. ഇനി ഈ രോഗത്തിന്റെ മൂലകാരണമായ ജീന്‍ കണ്ടുപിടിക്കുന്നതോടെ തീരും ലോകത്തുള്ള എല്ലാ കാന്‍സര്‍രോഗികളുടെയും ഒടുങ്ങാത്ത ദുഃഖം.


വല്യേട്ടനെന്ന് ബഹുമാനിക്കുന്ന അച്ഛന്റെ ശിഷ്യനും ചേച്ചിയുടെ ഭര്‍ത്താവുമായ കലാനിലയം ഗോപി ആശാനാണ് കഥകളിയിലെ ഗുരു. അദ്ദേഹത്തിന്റെ സ്‌നേഹമില്ലായിരുന്നങ്കില്‍ രാജീവെന്ന കഥകളിനടന്‍ ഉണ്ടാകുമായിരുന്നില്ല. ഇഷ്ടവേഷമായ കൃഷ്ണനുപുറമെ കല്യാണസൗഗന്ധികത്തിലെ ഭീമനായും അര്‍ജ്ജുനനായും അരങ്ങിലെത്താറുണ്ട്. പച്ച, കത്തി എന്നിവയും മിനുക്കുവേഷവും ഇഷ്ടംതന്നെയാണ്. ഏതുവേഷവും അത്ഭുതകരമായി കയ്യാളുന്ന സദനം കൃഷ്ണന്‍കുട്ടി ആശാന്‍ എന്റെ മാനസഗുരുവാണ്. അച്ഛന്റെ അടുത്ത സുഹൃത്തും അയല്‍വാസിയുംകൂടിയാണ് അദ്ദേഹം.
മൃദംഗം വായിക്കാന്‍വേണ്ടി എന്റെ വിരലുകള്‍ അഞ്ചാംവയസ്സുമുതല്‍ ചേര്‍ത്തുപിടിപ്പിച്ചത് കൊരമ്പ് സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ്. തുടര്‍ന്ന് കൊടുവായൂര്‍ രാധാകൃഷ്ണന്‍, പാലക്കാട് രാജാമണി എന്നീ ഗുരുക്കന്മാരില്‍നിന്ന് മൃദംഗത്തില്‍ ഉപരിപഠനം നടത്തി. കലയുടെ കണക്കുകള്‍ക്കുമപ്പുറം ജീവിതവീക്ഷണത്തിന്റെ നല്ല പാഠങ്ങളും നല്‍കിക്കൊണ്ടായിരുന്നു ഈ ഗുരുക്കന്മാര്‍ കൈപിടിച്ച് ഉയര്‍ത്തിയത്. ഗുരുകുല വിദ്യാഭ്യാസസമ്പ്രദായത്തിന്റെ മേന്മയും അതുതന്നെ.


ഓട്ടന്‍തുള്ളലിലേക്കുള്ള കാല്‍വെപ്പ് സഹോദരി ജയന്തിയെന്ന ഗുരുവിന്റെ നിരീക്ഷണത്തിലായിരുന്നു. അഞ്ചാംവയസ്സില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിന് കിരീടംവെയ്ക്കാന്‍ കെല്‍പ്പില്ലാത്ത അന്നത്തെ കൊച്ചുകുട്ടിക്കുവേണ്ടി കാര്‍ഡ്‌ബോര്‍ഡുകൊണ്ട് കിരീടമുണ്ടാക്കി കെട്ടിത്തന്നത് കലാനിലയം പരമേശ്വരന്‍ ആശാനാണ്. അദ്ദേഹം കേരളത്തിലെ എണ്ണം പറഞ്ഞ ചുട്ടി കലാകാരനാണ്. മൂകാഭിനയവും ഏകാഭിനയവും പഠിപ്പിച്ചുതന്നത് കലാഭവന്‍ നൗഷാദ് എന്ന പ്രശസ്ത കലാകാരനാണ്. ക്രൈസ്റ്റ് കോളേജില്‍ പഠിക്കുമ്പോള്‍ ആ ഇനത്തില്‍ ധാരാളം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സംഗീതത്തിലെ ഗുരു ലളിതടീച്ചറും നാടകാഭിനയത്തില്‍ പി തങ്കപ്പന്‍മാസ്റ്ററുമാണ്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തുനിന്നുള്ള ഗുരുനാഥന്മാരില്‍ ഡോ. ഗണപതി റാവു, ഡോ. സുധാകരന്‍, തുടങ്ങിയവരുടേയും തിരുവനന്തപുരം ആര്‍സിസിയിലെ മറ്റു ഗുരുനാഥന്മാരുടെയും സ്‌നേഹപരിലാളനകള്‍ ഏറ്റുവാങ്ങുവാനുള്ള ഭാഗ്യം ലഭിച്ചിരുന്നു.
ഒരു കാന്‍സര്‍രോഗ ചികിത്സാവിദഗ്ധന് വൈദ്യശാസ്ത്രത്തിന്റെ ഏതുമേഖലയിലും പരിജ്ഞാനമുണ്ടാകണം. ഒരു കഥകളിനടന്‍ സര്‍വ്വകലകളും അറിഞ്ഞിരിക്കണം എന്നപോലെ കലാകാരനുണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ചികിത്സാമുറിയില്‍ രോഗിയെ കേള്‍ക്കാന്‍വേണ്ടി ഇരിക്കുന്ന ഒരു ഡോക്ടര്‍ക്കും ഉണ്ടാകണം. ക്ഷമ, ഏകാഗ്രത, കൃത്യത (രോഗാവസ്ഥ നിര്‍ണ്ണയിക്കുന്നതിലും മറ്റും), ധാര്‍മികത, നിഷ്ഠ എന്നിവ ഓരോ കഥകളി കലാകാരനും വേണം. ഒരു ഡോക്ടര്‍ക്കും അതു കൂടിയേ തീരൂ.
എല്ലാവരുമെന്നും വിദ്യാര്‍ത്ഥികളായിരിക്കുമെന്ന സിദ്ധാന്തമനുസരിച്ചാണ് താനും നീങ്ങുന്നത്. സൈക്കോ ഓങ്കോളജി എന്ന പുതിയ വൈദ്യശാസ്ത്രവിഭാഗത്തില്‍ പിഎച്ച്ഡി ചെയ്യാന്‍ ശ്രമിക്കുന്നു. രോഗിയുടെയും കുടുംബത്തിന്റെയും മാനസികമായ പരിവര്‍ത്തനത്തിനും രോഗശാന്തിക്കും ഏറെ ആവശ്യമായ വിഭാഗമാണിത്. പോസിറ്റീവ് ആറ്റിറ്റിയൂഡ് പ്രദാനം ചെയ്യുന്നതിന്റെ പ്രാധാന്യം ഏറെ വലുതാണല്ലോ.
കഥകളികലാകാരന്മാര്‍ വര്‍ഷംതോറും മെയ്‌വഴക്കത്തിനുവേണ്ടി ഉഴിച്ചില്‍ നടത്താറുണ്ട്. മരുന്നുകൂട്ട്, ആധികാരികത, പഠനം എന്നിവ രേഖപ്പെടുത്തിവെയ്ക്കാന്‍ ഒരു ‘കൈപ്പുസ്തകം’ ഇതിന് ആവശ്യമാണ്. ഇതിന്റെ ഗവേഷണത്തിലാണിപ്പോള്‍.” എന്ന് പറഞ്ഞു നിറുത്തുമ്പോള്‍ ഡോ. രാജീവിന്റെ കണ്ണുകളില്‍ പ്രത്യാശയുടെ കിരണങ്ങള്‍.
ഫലശ്രുതി

ഒഴിവുദിവസങ്ങളില്‍ അച്ഛനെയും അമ്മയെയും കാണാന്‍ നാട്ടിലെത്തുമ്പോള്‍ വലിയ തിരക്കാണ് ഡോക്ടര്‍ക്ക്. വൈകുന്നേരങ്ങളില്‍ പരിസരത്തുള്ള രോഗികളുടെ വീടുകളില്‍ പോയി രോഗികളെ സന്ദര്‍ശിക്കുവാനുണ്ടാവും. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന്റെ കഥകളിയില്‍ വേഷം ചെയ്യാനുണ്ടാവും. അതുമല്ലെങ്കില്‍ കാന്‍സര്‍ ബോധവത്ക്കരണക്ലാസിലെ അധ്യാപകനായി പകര്‍ന്നാട്ടമുണ്ടാവും. ഡോക്ടറുടെ സമയം നഷ്ടപ്പെടുത്താതിരിക്കാനും ക്ലാസ്സില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാനും വേണ്ടി വീട്ടില്‍നിന്ന് പുറപ്പെടുന്ന കാറില്‍ യാത്രചെയ്താല്‍ വിവരങ്ങള്‍ ചോദിച്ചറിയാം. ക്ലാസു കേട്ട് നോട്ടെടുക്കുകയും ആവാം.
യാത്രപറയുംനേരം ഡോക്ടറുടെ മുഖത്ത് തെളിഞ്ഞുകണ്ടത്,് ആട്ടവിളക്കിനുമുന്‍പില്‍ ചുട്ടിചമയാലാങ്കാരങ്ങളുമായി ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന കൃഷ്ണനെത്തന്നെയായിരുന്നു. കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരിയാശാന്റെ കഥകളിപ്പദവും അന്നേരം ഉയര്‍ന്നുവന്നിരുന്നുവോ: ”അജിതാ… ഹരേ… ജയാ മാധവാ വിഷ്‌ണോ…”