ഡോ.കഫീല്‍ ഖാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു

Web Desk

ഖൊരക്പൂര്‍

Posted on September 22, 2020, 1:03 pm

മഥുര ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ക്രൂരമായ പീഢനത്തിന് വിധേയമായെന്ന് കാണിച്ച് ശിശുരോഗ വിദഗ്ധൻ ഡോ.കഫീല്‍ ഖാൻ ഐക്യരാഷ്ട്രസഭയിലെ വിദഗ്ധര്‍ക്ക് കത്തയച്ചു. ‘എന്നെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചു, ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നിഷേധിച്ചു, തിരക്കേറിയതും തിങ്ങിനിറഞ്ഞതുമായ മഥുര ജയിലില്‍ മാസങ്ങളോളം തടവില്‍ കഴിയുമ്പോള്‍ മനുഷ്യത്വ രഹിതമായി പെരുമാറി’ കത്തില്‍ പറയുന്നു.

ഡിസംബറില്‍ അലിഗഡ് മുസ്‍ലിം സര്‍വകലാശാലയില്‍ നടന്ന പൗരത്വ ഭേതഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പരാമര്‍ശം നടത്തിയതിന് ജനുവരി 29 മുതല്‍ കഫീല്‍ ഖാൻ കസ്റ്റഡിയിലായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാനിയമം റദ്ദാക്കുകയും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തുിരുന്നു.

ഫെബ്രുവരി 10ന് ഖാന് ജാമ്യം അനുവദിച്ചെങ്കിലും വീണ്ടും ദേശീയ സുരക്ഷാനിയമം ചുമത്തി തടവ് നീട്ടുകയായിരുന്നു. തനിക്കെതിരായ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളാണ് കത്തില്‍ ഖാൻ ചൂണ്ടിക്കാട്ടുന്നത്. ഖാന്റെ തടവ് നിയമ വിരുദ്ധമാണെന്നു അദ്ദേഹത്തിന്റെ പ്രസംഗം അക്രമമോ വിദ്വേഷമോ പ്രോല്‍സാഹിപ്പിക്കുന്നതല്ലെന്നും കോടതി പ്രധമദൃഷ്ടിയില്‍ കണ്ടെത്തിയിരുന്നു.