July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

മീടുവില്‍ പറയാനുള്ളത്

Janayugom Webdesk
April 28, 2022

മീ ടൂ വിഷയത്തെ പല ഭാഗങ്ങളാക്കി പറയാനാഗ്രഹിക്കുന്നു.ഒന്ന് പരാതിക്കാരിയുടെയും കുറ്റാരോപിതന്റെയും സ്വകാര്യത,മറ്റൊന്ന് സെക്സ് കൺസെന്റ് (con­sent ), വർത്തമാന സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷന്റെ പ്രിവിലജും സ്ത്രീയുടെ ഗതികേടും ‚ഏറ്റവും മുഖ്യമായത് എന്തേ ഇത്ര താമസിച്ചു എന്ന ചോദ്യം. ഇതത്രയും, ചിലപ്പോൾ ഇതിലധികവും പറയേണ്ടതുണ്ട്.
പരാതിക്കാരിയുടെയും കുറ്റാരോപിതന്റെയും പേര് ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഇരുവരുടെയും അവകാശമാണ് സ്വകാര്യത എന്നത്.

കുറ്റാരോപിതന്റെ പേര് എല്ലായിടത്തും പരസ്യപ്പെടുത്താമെന്നും പരാതിക്കാരിയുടെ പേര് മറച്ചു വെച്ച് അവൾ മുഖവും വ്യക്തിത്വവും ഇല്ലാതെ, പീഡിപ്പിക്കപ്പെട്ടവളായി, മാനം നഷ്ടപ്പെട്ടവളായി, പൊതു മധ്യത്തിൽ നിന്നും മറഞ്ഞു നിൽക്കേണ്ടവളാണെന്നും ഉള്ള കാലങ്ങളായുള്ള ആചാരം എല്ലാക്കാലത്തും പെണ്ണിനെ ദുർബലയായി ആണിന് കീഴ്പ്പെടേണ്ടവളായി തുടരാനുള്ള കെണിയല്ലേ യഥാർത്ഥത്തിൽ?ഈ അതിക്രമത്തിൽ പെണ്ണിന് മാത്രമാണ് പലതും നഷ്ടപ്പെടാനുള്ളത് എന്ന ബോധ്യം ആണ് ഇര എന്ന പേര് പോലും ഉണ്ടാകാനുള്ള കാരണം.ഒരു ലൈംഗിക പീഡനം ഉണ്ടായാൽ ആണിന് നഷ്ടപ്പെടാത്ത എന്താണ് പെണ്ണിന് നഷ്ടമാകുന്നത്?
സെക്സ് കൺസെന്റിനെ പറ്റി ഒരുപാട് സംസാരിച്ചിട്ടുള്ളതാണ്. ഒരിക്കൽ സെക്സ് ചെയ്യാനുള്ള കൺസെന്റ് കിട്ടി എന്നത് ജീവിതകാലം മുഴുവൻ സെക്സ് ചെയ്യാൻ അനുവദിച്ചു കൊണ്ടുള്ള സമ്മതപത്രം അല്ല.പക്ഷെ ഒരു ബന്ധത്തിൽ നിന്നും, അത് എക്സ്ട്രാ മാരീറ്റൽ ആയാലും അല്ലെങ്കിലും, ഇറങ്ങി പോകുമ്പോൾ രണ്ടു പേരും മാനസികമായി ട്രോമയിൽ ആവുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടേ? പ്രത്യേകിച്ചും മാനസികമായി തീവ്രമായി അടുത്ത ഒരു ബന്ധമാണെങ്കിൽ.ചൂഷണം മാത്രമാണ് അതിൽ ഒരാളുടെ ലക്ഷ്യം എങ്കിൽ അത്തരം മാനസിക പരിഗണനകൾ നൽകണം എന്ന വാദത്തിന് പ്രസക്തിയില്ലാതാവും.ടോക്സിക് റിലേഷൻഷിപ്പുകൾ ആണെങ്കിൽ ഏകപക്ഷീയമായി ഇറങ്ങിപ്പോരേണ്ടതായും വരും.

ഒറ്റവാക്കുകൊണ്ട് പറഞ്ഞു പരിഹരിക്കാനോ ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ട് ആക്രമിച്ചു കൊണ്ടോ വ്യക്തി കേന്ദ്രീകൃതങ്ങളായി അഭിസംബോധന ചെയ്ത് പരിഹരിക്കാവുന്ന വിഷയം അല്ലിത്.ഒരു സമൂഹത്തിന്റെ നീതിയുക്തമല്ലാത്ത കാഴ്ചപ്പാടുകളെ , അതിന്റെ അന്യായ വ്യവസ്ഥിതികളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അതിനെപ്പറ്റിയെല്ലാം സമൂഹമനസ്സുകളെ ബോധ്യപ്പെടുത്തി കൊണ്ട് മാത്രമേ മാറ്റവും പരിഹാരങ്ങളും ഒക്കെ സാധ്യമാവുകയുള്ളു.
“എന്തേ പീഡന വിവരം പറയാൻ ഇത്ര താമസിച്ചു ” ഈ ചോദ്യം എന്തുമാത്രം ക്രൂരവും അവിവേകവുമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?ഒരവസരത്തിൽ തനിക്ക് എല്ലാമാണ് ഇയാൾ എന്ന് വിശ്വസിച്ച്, സ്നേഹിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് താൻ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിയുമ്പോൾ തിരിഞ്ഞു നടക്കുകയും ചെയ്യുന്നവൾക്ക് പിന്നീട് താൻ നേരിട്ട പീഡനം തുറന്ന് പറയാനുള്ള ഇടം കൊടുക്കാതിരിക്കുന്നത് അവളിതുവരെ നേരിട്ടതിലും വലിയ പീഡനമല്ലേ.ഇതുവരെയുണ്ടായ സ്വകാര്യ നിമിഷങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ഫോട്ടോകളും പൊതു മധ്യത്തിൽ പ്രചരിപ്പിക്കുന്നതൊക്കെ എന്തു മാത്രം ആഘാതമാണ് ഒരു മനുഷ്യന്റെ മനസിൽ ഉണ്ടാക്കുക എന്നോർത്തിട്ടുണ്ടോ?

അധികാരത്തോടുള്ള, പ്രിവിലജ് ഉള്ളവരോടുള്ള ഭയവും വിധേയത്വവും എല്ലാവരിലുമുള്ളതാണ്.അതുകൊണ്ട് തന്നെയാണ് അധികാര കോട്ടകൾക്ക് ഇളക്കം തട്ടുമ്പോൾ പലർക്കും വിറളി പിടിക്കുന്നത്.അധികാരികളുടെ ശ്രദ്ധയും സംരക്ഷണവും ലഭിച്ച് തുടങ്ങിയാൽ അതിൽ ആനന്ദം കണ്ടെത്തി വിധേയപ്പെട്ടു പോവുന്നവരുണ്ട്. ആ വിധേയത്വം അല്ലെങ്കിൽ അടിമപ്പെടൽ അവർ പോലുമറിയാതെ അവരെ നിയന്ത്രിക്കും. പിന്നീടൊരു മോചനം സാധ്യമാകാൻ ചിലപ്പോൾ ഒരുപാട് പ്രയാസപ്പെടും. മോചനം ആഗ്രഹിച്ച് ഉയിർത്തെഴുന്നേൽക്കുന്നവരെ അടിച്ചമർത്താൻ ചുറ്റുമുള്ളവർ ചുറ്റികകളുമായി കാവലിരിപ്പുണ്ടാകും.

ഇപ്പോൾ ഇവിടെ ഇതാണ് സംഭവിച്ചത് എന്നല്ല പറയുന്നത് കുറ്റം തെളിയിക്കപ്പെടേണ്ടതുണ്ട്.അതുവരെ ഇരുവരുടെ നേർക്കും ആൾക്കൂട്ട ആക്രമങ്ങളുമായി വരാതിരിക്കൂ. ഇത് പറയുമ്പോൾ തന്നെ പറയേണ്ടുന്ന മറ്റൊന്ന് പ്രിവിലജും അധികാരവും പണവും ഒരാൾക്ക് നൽകുന്ന ധൈര്യത്തെ പറ്റിയും എന്തും ചെയ്യാനുള്ള ലൈസൻസ് ആയി അതിനെ ഉപയോഗിക്കുന്നതിനെയും പറ്റിയാണ്.ലൈംഗിക അസമത്വം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന നമ്മുടെ സമൂഹത്തിൽ പ്രിവിലജും അധികാരവും നൽകുന്ന ധൈര്യം പുരുഷനിൽ തന്നെയാണ്.ആ ധൈര്യത്തിൽ നിന്നും അവൻ വിളിച്ചു പറയുന്ന വാക്കുകൾ പൗരുഷവും ഹീറോയിസവും ആയി വാഴ്ത്തുന്നവർ ഉണ്ടാവുന്നത് വീണ്ടും വലിയ ലൈംഗിക അരാജകത്വത്തിലേക്ക് ആണ് സമൂഹത്തെ നയിക്കുക.അവിടെ ഒരു പെണ്ണിന് നീതി കിട്ടാൻ, അവളെ ശക്തയാക്കാൻ, പിന്തുണ കൊടുക്കാൻ അവൾക്ക് വേണ്ടി കുറച്ചധികം ശബ്ദമുയർത്തേണ്ടി വരും.പക്ഷെ അത് സ്ത്രീ ദുർബലയാണെന്ന് അരക്കെട്ടുറപ്പിച്ചു കൊണ്ടാവരുത്. വിവാഹത്തിന് ധനസഹായം ലഭിക്കേണ്ടവളായി, സൗജന്യ വിദ്യാഭ്യാസം ലഭിക്കേണ്ടവളായി,മാനം നഷ്ടപ്പെട്ടവളായി, ഇരയായി അവളെ കാണുന്ന കാലം ഇനിയും മാറുന്നില്ലേ?അവളെ അതിക്രമങ്ങളെ പറ്റി ബോധ്യമുള്ളവളും അത് തുറന്ന് പറയാൻ ശക്തിയുള്ളവളും ആക്കി മാറ്റുകയാണ് നമ്മുടെ ഉദ്ദേശ്യമെങ്കിൽ സെക്ഷ്വൽ അബ്യൂസ് നടന്നു കഴിഞ്ഞാൽ പെണ്ണിന് മാത്രം എന്തോ നഷ്ടമായി എന്ന സഹതാപത്തിന്റെ ഭാഷയിൽ അവളോട്‌ സംസാരിക്കാതിരിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.