March 24, 2023 Friday

കവിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡോ. പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 14, 2020 5:36 pm

പുരോഗമനപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും കവിയും അധ്യാപകനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡോ. പുതുശ്ശേരി രാമചന്ദ്രൻ (92) അന്തരിച്ചു.

വെള്ളയമ്പലം, ഇലങ്കം ഗാർഡൻസിലായിരുന്നു സ്ഥിരതാമസം. മാവേലിക്കര താലൂക്കിലെ വള്ളികുന്നത് പോക്കാട്ട് ദാമോദരൻ പിള്ളയുടെയും പുതുശ്ശേരിയിൽ ജാനകി അമ്മയുടെയും മകനായി ജനിച്ചു. മണക്കാട് പ്രൈമറി സ്കൂൾ, വട്ടയ്ക്കാട് ഗവ. യു പി സ്കൂൾ, ഭരണിക്കവ് പോപ്പ് പയസ് ഇലവൻത് ഇംഗ്ലീഷ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക പഠനം പൂർത്തിയാക്കി. ക്വിറ്റ് ഇന്ത്യാ സമരം, പുന്നപ്ര‑വയലാർ സംഭവത്തെ തുടർന്നുള്ള വിദ്യാർത്ഥി പ്രക്ഷോഭം എന്നിവയിൽ പങ്കെടുത്തതിന് സ്കൂളുകളിൽ നിന്ന് പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. കൊല്ലം, എസ്എൻ കോളജ് വിദ്യാഭ്യാസകാലത്തെ സമരത്തിൽ അറസ്റ്റും ലോക്കപ്പ് വാസവും അനുഭവിച്ചു. 1951–53 കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വള്ളികുന്നം — ശൂരനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു.

1953–56 കാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ബിഎ (ഓണേഴ്സ്) ഒന്നാം റാങ്കിൽ പാസായി. 1957ൽ കൊല്ലം എസ്എൻ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1967–69 കാലഘട്ടത്തിൽ വർക്കല ശിവഗിരി എസ്എൻ കോളജിലും, 1969ൽ കേരള സർവ്വകലാശാല മലയാളം വിഭാഗത്തിൽ ലക്ചററായും പ്രവർത്തിച്ചു. 1988ൽ പ്രൊഫസറും പൗരസ്ത്യ ഭാഷാ ഫാക്കിൽറ്റി ഡീനും ആയിരിക്കെ റിട്ടയർചെയ്തു. 1976–80 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റി സിൻഡികേറ്റ് അംഗമായിരുന്നു.

മലയാള ഭാഷയേയും സാഹിത്യത്തെയും ഏറെ സ്നേഹിച്ചിരുന്ന പുതുശേരി രാമചന്ദ്രനായിരുന്നു 1971 നടന്ന ആദ്യത്തെ അഖിലേന്ത്യാ ദ്രാവിഡ ഭാഷാശാസ്ത്ര സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറിയായി പ്രവർത്തിച്ചത്. 1977ൽ ലോക മലയാള സമ്മേളനത്തിന്റെ ജനറൽ സെക്രട്ടറി, എകെപിസിറ്റിയുടെ ആദ്യകാല ഭാരവാഹി, കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, യൂണിവേഴ്സിറ്റ് ടീച്ചേഴ്സ് ഫെഡറേഷൻ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

മോസ്കോ സർവ്വകലാശാല, ലെനിൻ ഗ്രാഡ് യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിംങ് പ്രൊഫസറായിരുന്ന പുതുശ്ശേരി രാമചന്ദ്രൻ, സോവിയേറ്റ് യൂണിയൻ, അമേരിക്ക, ഇംഗ്ലണ്ട്, പശ്ചിമ ജർമ്മനി, ഫ്രാൻസ്, നെതർലന്റ്, വിവിധ ഗൾഫ് രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. റിട്ടയേഡ് റവന്യൂ ഉദ്യോഗസ്ഥ രാജമ്മയാണ് ഭാര്യ. ഗീത, ഉണ്ണികൃഷ്ണൻ, ഹേമചന്ദ്രൻ, പ്രേമചന്ദ്രൻ, ജയചന്ദ്രൻ, ശ്യാമചന്ദ്രൻ എന്നിവർ മക്കളാണ്. രവികുമാർ, ഗീതാമണി, ശ്രീദേവി, ഇന്ദു, റാണി എന്നിവർ മരുമക്കളാണ്.

Eng­lish Sum­ma­ry; Dr. puthussery ramachan­dran passed away

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.