Web Desk

ന്യൂഡല്‍ഹി

June 09, 2020, 11:45 am

ഇതുപോലെ ഒരു ഹണിമൂൺ ഒരു ദമ്പതികൾക്കും സംഭവിച്ചു കാണില്ല, കോവിഡ്‌ വാർഡിലെ ഹണിമൂൺ, വിദേശത്തൊന്നുമല്ല നമ്മുടെ നാട്ടിൽ തന്നെ

Janayugom Online

രാജ്യത്ത് നോവല്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന് കേവലം നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഡോ.ഇഷാന്‍ റോഹ്ത്തഗിയും ഡോ.രാഷ്മി മിശ്രയും വിവാഹിതരായത്. രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായി മാറിക്കഴിഞ്ഞ എന്‍ജെപി ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ആശുപത്രി തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഈ കൊല്ലം മുഴുവന്‍ ലോകമെമ്പാടും യാത്ര ചെയ്യണമെന്നായിരുന്നു ഇവരുടെ തീരുമാനം.

ഇത്തരമൊരു തീരുമാനമെടുത്ത് യാത്രയ്‌ക്കൊരുങ്ങി നിന്നിരുന്ന ദമ്പതിമാരെ ജീവന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങളിലേക്ക് ജോലിക്ക് നിയോഗിക്കപ്പെട്ടു. ആഴ്ചകള്‍ നീളുന്ന സമ്പര്‍ക്ക വിലക്കും കുടുംബത്തും സുഹൃത്തുക്കളില്‍ നിന്നുമുള്ള ഒറ്റപ്പെടലും, ഇതിന് പുറമെയാണ് രോഗം ബാധിക്കാമെന്ന ആശങ്ക.

തനിക്ക് കുഞ്ഞു വേണമെന്ന പേര് പറഞ്ഞ് വേണമെങ്കില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാമായിരുന്നുവെന്ന് ഡോ രാഷ്മി പറയുന്നു. ഗര്‍ഭിണികള്‍ക്ക് ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ നിയമമുണ്ട്. രാജി വയ്ക്കാനുള്ള ആലോചനയും ഉണ്ടായിരുന്നുവെന്ന് ഇരുവരും സമ്മതിക്കുന്നു. എന്നാല്‍ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത ഇതിന് അനുവദിച്ചില്ല. ഇത് ഒരു യുദ്ധ സമാന സാഹചര്യമാണ്. തങ്ങളെ ഏറെ ആവശ്യമുള്ള ഈ സാഹചര്യത്തില്‍ ഓടിയൊളിക്കുന്നത്.… ഡോക്ടറുടെ വാക്കുകള്‍ മുറിയുകയാണ്.

ഇപ്പോള്‍ ഇരുവരും ഒരേ കോവിഡ് വാര്‍ഡില്‍ മാറി മാറി വരുന്ന ആറ്, പന്ത്രണ്ട് മണിക്കൂറുകള്‍ നീളുന്ന ഷിഫ്റ്റുകളില്‍ ജോലി ചെയ്യുകയാണ്. ഇതില്‍ നാലഞ്ച് മണിക്കൂറുകള്‍ രോഗികളെ പരിചരിക്കുകയാണ്.

മൂന്ന് പാളികളുടെ പിപിഇ കിറ്റിനുള്ളിലാണ് ഈ സമയമത്രെയും. ഇതിനുള്ളിലേക്ക് വായു കടക്കുകയേ ഇല്ല. സൂര്യസ്‌നാനം ചെയ്യുന്ന പോലെയാണ് ഇതിനുള്ളിലെ ശാരീരികോഷ്മാവ്. കണ്ണില്‍ ധരിക്കുന്ന ആവരണങ്ങള്‍ പത്ത് മിനിറ്റ് കഴിയുമ്പോള്‍ തന്നെ പുകച്ചിലുണ്ടാക്കും. ബാക്കിയുള്ള സമയം മുഴുവന്‍ മൂടലുള്ള കാഴ്ചമാത്രമാണ്. ഇലാസ്റ്റിക്കുകള്‍ വളരെ മുറുക്കി കെട്ടുന്നത് മൂലം വേദനയുള്ള അടയാളങ്ങളും ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നു. വിയര്‍പ്പിലെ ഉപ്പു കൂടിയാകുമ്പോള്‍ വലിയ വേദനയാണ് സൃഷ്ടിക്കപ്പെടുന്നത്. പിപിഇ കിറ്റിനുള്ളിലായിരിക്കുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാനാകില്ല. ഇത് ശരീരത്തില്‍ വലിയ നിര്‍ജലീകരണമാണ് സൃഷ്ടിക്കുന്നത്. ഇതുണ്ടാക്കുന്ന പേശീ അസ്വസ്ഥതയും ചെറുതല്ല. രണ്ട് പാളികളുള്ള മുഖാവരണം ഉച്ഛ്വസിക്കുന്ന വായു തന്നെ വീണ്ടും ശ്വസിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

നേരത്തെ 24ഉം 36ഉം മണിക്കൂര്‍ ഡ്യൂട്ടി ചെയ്തിരുന്നു. ഇപ്പോഴിത് ആറ് മണിക്കൂറായി ചുരുങ്ങിയിട്ടുണ്ട്. വൈറസ് ബാധ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന ആശങ്കയുണ്ട്. രോഗികളെ വളരെ അടുത്ത് നിന്നാണ് പരിചരിക്കുന്നത്. ശരീരികമായി അവരെ പരിശോധിക്കുമ്പോഴും അവര്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കുമ്പോഴും അവര്‍ക്ക് ട്യൂബിടുമ്പോഴും അവ ഊരിമാറ്റുമ്പോഴുമെല്ലാം ഏറെ അടുത്ത് ഇടപഴകേണ്ടി വരുന്നു. ഇതെല്ലാം വൈറസ് തങ്ങള്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിക്കുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നു.

വളരെ ചെറുപ്പക്കാരായ രോഗികള്‍ പോലും മരണത്തിന് കീഴടങ്ങുന്ന കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടി വരുമ്പോഴാണ് ഏറെ നിസ്സഹായരായി പോകുന്നത്. പലപ്പോഴും വളരെ ചെറിയ രോലക്ഷണങ്ങള്‍ മാത്രമാകും ഇവര്‍ക്കുണ്ടാകുക. എന്നാല്‍ പെട്ടെന്ന് തന്നെ നില വഷളാകുകയും ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയാണ്. കുടുംബാംഗങ്ങളെ ഈ മരണം അറിയിക്കേണ്ടി വരിക എന്നത് അതിലും ദുഷ്‌കരമാണ്. മരണം ഉള്‍ക്കൊള്ളാനാകാതെയുള്ള അവരുടെ സ്ഥിതിയും തങ്ങളില്‍ സൃഷ്ടിക്കുന്ന വേദന പറഞ്ഞറിയിക്കാനാകില്ല.

ഈ സ്ഥിതിക്കിടയിലും ‑ഈ നവദമ്പതികള്‍ തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുകയാണ്. ഇവര്‍ പരസ്പരം കോവിഡ് വാര്‍ഡുകളുടെ ഇടനാഴിയിലൂടെ കടന്ന് പോകുന്നു. ഓരോ രോഗികളുടെയും ചാര്‍ജുകള്‍ കൈമാറുന്നതിനെ സംബന്ധിച്ചാണ് ഇവര്‍ തമ്മില്‍ സംസാരിക്കുന്നതിലേറെയും. ചികിത്സ സംബന്ധിച്ച തര്‍ക്കങ്ങളാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്. ശരിയായി കാര്യങ്ങള്‍ ചെയ്യാത്തതിനാണ് ഇവര്‍ തമ്മില്‍ വഴക്ക് കൂടുന്നത്. പുലര്‍ച്ചെ മുറിയില്‍ എത്തുമ്പോഴേക്കും മറ്റേയാള്‍ ഉറങ്ങിക്കഴിഞ്ഞിരിക്കും. രാത്രി ഷിഫ്റ്റിലുണ്ടായിരുന്ന ആള്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോഴേക്കും മറ്റേയാളിന് ഉച്ച ഷിഫ്റ്റില്‍ കയറാനുള്ള സമയം ആയിട്ടുണ്ടാകും. അതിഥി മന്ദിരത്തിലെ കാന്റീനില്‍ നിന്നോ പുറത്ത് നിന്ന് വരുത്തുന്നതോ ആണ് ഇവരുടെ ഭക്ഷണം. ചില നേരത്ത് ഒരാഡംബരമായി ന്യൂഡില്‍സ് കിട്ടാറുണ്ട്.

ഇതിനെല്ലാമിടയില്‍ ഇവരിലാര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗബാധയുണ്ടാകുക എന്ന ഒരു വലിയ വെല്ലുവിളിയുമുണ്ട്. പിന്നെ തങ്ങള്‍ എങ്ങനെ ഒന്നിച്ച് കഴിയുമെന്നാണ് ഇവരുടെ ആധി. ഡല്‍ഹിയിലെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം രോഗം ബാധിച്ച ഡോക്ടര്‍മാര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രത്യേകം കഴിയണം. ഈസമയത്ത് അത്തരമൊരു വേര്‍പിരിയലിനെക്കുറിച്ച് ചിന്തിക്കാന്‍ പോകുമാകുന്നില്ലെന്ന് ഡോ.രാഷ്മി പറയുന്നു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍ പിപിഇ കിറ്റിനുള്ളില്‍ ഒളിയ്ക്കില്ല. അദ്ദേഹത്തോടൊപ്പം തന്നെ ഉണ്ടാകും-ഇടറുന്ന സ്വരത്തില്‍ രാഷ്മി കൂട്ടിച്ചേര്‍ക്കുന്നു. തങ്ങളില്‍ ആരെങ്കിലും ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ അകന്ന് നില്‍ക്കില്ലെന്ന് ഇരുവരും വ്യക്തമാക്കുന്നു. തങ്ങളുടെ രോഗികളില്‍ പലരും സ്വന്തം കുടുംബത്തില്‍ നിന്നുള്ളവര്‍ പോലും അടുത്ത് വരരുതെന്ന് പറയുന്നത് കേട്ടവരാണ് തങ്ങള്‍. എന്നാലും തങ്ങള്‍ അങ്ങനെ ആകില്ലെന്ന് ഇരുവരും ഉറപ്പിച്ച് പറയുന്നു. അത്തരമൊരു ഘട്ടമുണ്ടായാല്‍ പരസ്പരം താങ്ങായി ഉണ്ടാകുമെന്ന് ഇരുവരും ആവര്‍ത്തിക്കുന്നു.

നേരത്തെ തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍ ദിവസങ്ങളോളം മിണ്ടാതെ ഇരിക്കുമായിരുന്നു. ംന്നാല്‍ ഇപ്പോള്‍ എല്ലാം തങ്ങള്‍ പെട്ടെന്ന് മറക്കുകയും പരസ്പരം ഭക്ഷണം, ആരോഗ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും തെല്ലൊരു നാണത്തോടെ റാഷ്മി പറയുന്നു. ഇതെല്ലാം തങ്ങളുടെ അടുപ്പം കൂട്ടിയെന്നും അവര്‍ പറയുന്നു.

Source Cred­it: India Today https://www.indiatoday.in/coronavirus-the-saviours