June 7, 2023 Wednesday

Related news

June 4, 2023
June 3, 2023
June 2, 2023
May 24, 2023
May 22, 2023
May 12, 2023
May 10, 2023
May 10, 2023
May 10, 2023
April 30, 2023

ഫോണെടുത്തപ്പോൾ കരച്ചിലാണ് കേട്ടത്, പിന്നെ പതുക്കെ പറഞ്ഞു ‘സാര്‍ ഞാന്‍ ഗര്‍ഭിണിയാണ്’- കുറിപ്പ് വൈറലാകുന്നു

Janayugom Webdesk
December 16, 2019 11:57 am

നമ്മുടെ ജീവിതത്തിൽ ഒരിക്കൽ പോലും മനസ്സിനെ സ്പർശിക്കാത്ത സംഭവങ്ങൾ ഉണ്ടാകാതിരുന്നിട്ടുണ്ടാവില്ല. എന്നാൽ ഒരു ദിവസം തന്നെ നിരവധി പേരുമായി ഇടപഴകുന്ന ഒരു ഡോക്ടറുടെ കാര്യത്തിലാണെങ്കിലോ? തീർച്ചയായും മനസ്സിനെ സ്പർശിച്ച ഒരുപാട് സംഭവങ്ങൾ കടന്നു പോയിട്ടുണ്ടാകും. അത്തരത്തിൽ തന്റെ ഹ‍ൃദയത്തെ സ്പർശിച്ച ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പങ്കു വെച്ചിരിക്കുന്നത് കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനയര്‍ ഗൈനക്കോളജിസ്റ്റും ഇന്‍ഫേര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുമായ ഡോ. റെജി ദിവാകരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

‘അന്നൊരു തിങ്കളാഴ്ച ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2015 ഡിസംബറിലെ ഒരു തിങ്കളാഴ്ച. ഉച്ചയ്ക്കു ശേഷമാണ് എനിക്ക് യുകെയില്‍നിന്ന് അവളുടെ ഫോണ്‍വിളി എത്തുന്നത്.

അപ്പോള്‍ ഒരു പ്രസവശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയറ്ററിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഞാന്‍. വളരെ തിരക്കുള്ള ദിവസം. ശസ്ത്രക്രിയയ്ക്കു ശേഷം കുറച്ചധികം രോഗികളെ നോക്കേണ്ടതുമുണ്ട്. നാലു മണി കഴിഞ്ഞു. കുട്ടികളെയും ഭാര്യയെയും കൂട്ടി ഒരു സിനിമയും അവര്‍ക്ക് ഇഷ്ടപ്പെട്ട റസ്റ്ററന്റില്‍നിന്ന് ഭക്ഷണവും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍തന്നെ സമയം വൈകിയിരിക്കുന്നു. ഇതെല്ലാം കൊണ്ടുതന്നെ വിശദമായ സംഭാഷണത്തിനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു താനും.

എന്നാ!ല്‍ ഫോണെടുത്ത ഞാന്‍ ഒരു കരച്ചിലാണു കേട്ടത്. അത് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഒരു വാക്കുപോലും സംസാരിക്കാന്‍ അവള്‍ക്കു സാധിക്കുന്നുണ്ടായിരുന്നില്ല. സങ്കടമൊക്കെ മാറി സംസാരിക്കാന്‍ സാധിക്കുമ്പോള്‍ വിളിച്ചാല്‍ മതിയെന്ന് ഞാനവളോടു പറഞ്ഞു. ഒന്നും പറയാതെ അവള്‍ ഫോണും വച്ചു. വന്ധ്യതയുമായി ബന്ധപ്പെട്ട ഒരു വിളിയാണ് ഇതെന്ന് എനിക്കു തോന്നി. കാരണം ഭൂരിഭാഗം പേരും അവരുടെ അവസ്ഥ പറയാന്‍ പറ്റാത്ത രീതിയില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് വിളിക്കാറുള്ളത്.

you may also like this video;

എന്നാല്‍ ഇവിടെ എന്തായിരിക്കും അവള്‍ക്കു പറയാനുള്ളത് എന്നു ഞാന്‍ ചിന്തിച്ചു. എന്തുതന്നെ ആയാലും അവര്‍ക്കു വേണ്ടി ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു കൊടുക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. ഡിന്നറിനു പോയപ്പോള്‍ ഈ ഫോണ്‍വിളിയെക്കുറിച്ച് ഞാന്‍ ഭാര്യയോടും പറഞ്ഞു. അവളും ആകാംക്ഷയിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ ഞാനവളുടെ കോള്‍ പ്രതീക്ഷിച്ചിരുന്നു.

രണ്ടു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും അവളുടെ കോള്‍ എന്നെത്തേടിയെത്തി. അവളെ നമുക്ക് മീര എന്നു വിളിക്കാം. ഐടി ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച 34കാരി. മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗം. അച്ഛനും അമ്മയ്ക്കും ഏക മകള്‍. ഭര്‍ത്താവും അവളെപ്പോലെ ഏകമകനാണ്. അതുകൊണ്ടുതന്നെ ഗര്‍ഭിണിയാകാന്‍ വൈകിയാല്‍ എന്താകും സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.

സമ്മര്‍ദവും ടെന്‍ഷനും കൂടി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഒരുവിധം ആശുപത്രികളിലെല്ലാം ഈ പ്രശ്‌നപരിഹാരത്തിനായി ഇവര്‍ സമീപിച്ചിരുന്നു. എല്ലായിടത്തും പരിശോധനകള്‍ പലതു കഴിഞ്ഞെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ നിരാശരായി ഇതാകും വിധിയെന്നു കരുതി സമാധാനിച്ചു ജീവിക്കുകയായിരുന്നു.

ഈ സമയത്താണ് ഒരു ഫാമിലി ഫങ്ഷനില്‍വച്ച്, എന്റെ പേഷ്യന്റായിരുന്ന രാധയെ (സാങ്കല്‍പിക പേര്) കാണുന്നത്. രാധയാണ് എന്റെ കോണ്‍ടാക്ട് നമ്പര്‍ മീരയ്ക്കു നല്‍കിയത്. 18 പ്രാവശ്യം അവര്‍ എന്നെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആശങ്ക കാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നത്രേ. ഒടുവില്‍ 19–ാമത്തെ പ്രവശ്യമാണ് എന്നെ വിളിച്ചത്. ഈ അവസരത്തില്‍ എന്റെ ശബ്ദം കേട്ടപ്പോള്‍ അവര്‍ കരഞ്ഞുപോയതാണ്.

അവരുടെ റിപ്പോര്‍ട്ടുകളെല്ലാം എനിക്ക് അയച്ചുതന്നു. അതു പരിശോധിച്ചപ്പോള്‍ രണ്ടു പേര്‍ക്കും കാര്യമായ കുഴപ്പങ്ങളൊന്നുമില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. അവര്‍ക്കു വേണ്ടത് ഒരു നല്ല കൗണ്‍സിലിങ്ങും പിന്തുണയും മാത്രമായിരുന്നു. പതിയെ അവളുടെ ഭര്‍ത്താവും എന്നെ വിളിക്കാന്‍ തുടങ്ങി. എപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ ഒരു സഹോദരന്‍– സഹോദരി ബന്ധം തുടങ്ങിയതെന്ന് എനിക്ക് ഓര്‍മയില്ല. അവസാനം ഒരു ദിവസം അവര്‍ എന്നെ കാണാന്‍ വന്നു. പിന്നെ ഇടയ്ക്കിടെ സന്ദര്‍ശനം ഉണ്ടായി. കുറച്ച് നാളുകള്‍ക്കു ശേഷം അവര്‍ വീണ്ടും വന്ന് മടങ്ങിപ്പോയി.

you may also like this video;

വീണ്ടും ഒരു ദിവസം അവളുടെ ഫോണ്‍കോള്‍ എനിക്കു കിട്ടി. ഫോണെടുത്തപ്പോള്‍ കരച്ചിലാണു കേട്ടത്. പിന്നെ പതുക്കെ പറഞ്ഞു ‘സാര്‍ ഞാന്‍ ഗര്‍ഭിണിയാണ്’. അപ്പോള്‍ സമയം വെളുപ്പിന് ഏകദേശം ഒരു മണി ആയിരുന്നു. ആ നിമിഷം എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ധന്യനിമിഷമാണ്. ഉടന്‍ !ഞാന്‍ ഭാര്യയെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. സന്തോഷമായെങ്കിലും പ്രഗ്‌നന്‍സിയില്‍ ചെറിയ ആശങ്ക തോന്നി. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്നൊരു ടെന്‍ഷന്‍.

അങ്ങനെ തെറ്റായി ചിന്തിക്കേണ്ടെന്നു കരുതി. ഭാര്യ അവള്‍ക്കു വേണ്ടി കൃഷ്ണനോടു പ്രാര്‍ഥിച്ചു. ഭഗവാന്‍ കൃഷ്ണന് ഓരോന്നു വാഗ്ദാനം ചെയ്ത് ചില കാര്യങ്ങള്‍ അവള്‍ നിറവേറ്റാറുണ്ട്. എങ്ങനെയായാലും അതൊരു ഹെല്‍ത്തി പ്രഗ്‌നന്‍സി ആയിരുന്നു. ഒരു കുഞ്ഞു മാലാഖപ്പെണ്‍കുഞ്ഞിന് അവള്‍ ജന്‍മം നല്‍കി. ഒരു വര്‍ഷത്തിനു ശേഷം കുഞ്ഞുമായി അവര്‍ എന്നെ കാണാനെത്തി. കണ്ടപ്പോള്‍ അവള്‍ വീണ്ടും കരയാന്‍ തുടങ്ങി. കുഞ്ഞിന്റെ പേരു ചോദിച്ച ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയി.

എന്റെ മോളുടെ പേരായ മീനാക്ഷി എന്ന പേരാണ് അവര്‍ കുഞ്ഞിനു നല്‍കിയിരിക്കുന്നത്. പക്ഷേ ഞങ്ങടെ മീനാക്ഷിയ്ക്ക് ഇതു കേട്ടപ്പോള്‍ ചെറിയൊരു കുശുമ്പൊക്കെ തോന്നിയിരുന്നു. എന്റെ ജീവിതത്തിലെ ഒരു സുന്ദരനിമിഷമായിരുന്നു ഇതെന്നു പറയാതെ വയ്യ. ഞാനിവിടെ അദ്ഭുതകരമായി ഒന്നും ചെയ്തിട്ടില്ല. ഒരുപക്ഷേ ദൈവം വിചാരിച്ചിരുന്നിരിക്കണം മീരയ്ക്ക് എന്റെ കൈകളിലൂടെ അങ്ങനെയൊരു ഭാഗ്യം ലഭിക്കണമെന്ന്.

ഇപ്പോള്‍ യാതൊരു ചികിത്സകളുമില്ലാതെ മീര രണ്ടാമതൊരു കുഞ്ഞിനെയും ഉദരത്തിലേറ്റിയിരിക്കുകയാണ്. അവരുടെ സന്തോഷം പോലെതന്നെ ഒരു സഹോദരന്‍, ഒരു ഡോക്ടര്‍ എന്ന രീതിയില്‍ ഇവിടെ ഞാനും സന്തോഷിക്കുന്നു.’

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.