കാന്‍സര്‍ മരുന്നിന് വില കുറപ്പിച്ച ഡോ. ഷംനാദ് ബഷീറിനെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
Posted on August 09, 2019, 12:01 pm

ബെംഗളൂരു: ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ വിദഗ്ധനും ഇന്‍ക്രീസിങ് ഡൈവേഴ്‌സിറ്റി ബൈ ഇന്‍ക്രീസിങ് ആക്‌സസ് ടൂ ലീഗല്‍ ഏജ്യുക്കേഷന്‍ (ഐഡിഐഎ) സ്ഥാപകനുമായ ഡോ ഷംനാദ് ബഷീര്‍ (43) കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍. ഹീറ്റര്‍ ഓണ്‍ ചെയ്ത് കാറില്‍ ഉറങ്ങുന്നതിനിടെ ഇതു പൊട്ടിത്തെറിച്ചുണ്ടായ പുകശ്വസിച്ചാണു മരണമെന്നു പൊലീസ് പറഞ്ഞു. 3 ദിവസം മുന്‍പ് ബെംഗളൂരു ഫ്രെയ്‌സര്‍ ടൗണിലെ ഫ്‌ലാറ്റില്‍ നിന്ന് ചിക്കമഗളൂരുവിലെ തീര്‍ഥാടന കേന്ദ്രമായ ബാബാ ബുധാന്‍ ഗിരിയിലേക്കു പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മരിച്ചതായി കണ്ടെത്തിയത്.

കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ എം എ ബഷീറിന്റെയും പരേതയായ സീനത്ത് ബീവിയുടെയും മകനാണ്. രക്താര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കാവശ്യമായ മരുന്ന് ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കാമെന്നും ഇതിനു ആഗോള പേറ്റന്റ് നിയമം ബാധകമല്ലെന്നും വാദിച്ചു ജയിച്ചതു ഡോ. ഷംനാദ് ആണ്. ഇതാണു കാന്‍സര്‍ മരുന്ന് ചുരുങ്ങിയ ചെലവില്‍ രാജ്യത്ത് ഉല്‍പാദിപ്പിക്കാന്‍ വഴി തുറന്നത്.