June 1, 2023 Thursday

Related news

December 31, 2020
November 23, 2020
October 22, 2020
October 16, 2020
September 8, 2020
July 27, 2020
July 22, 2020
July 16, 2020
June 22, 2020
June 19, 2020

‘നിന്നെ ഒന്നിനും കൊള്ളില്ല, നിനക്ക്‌ യാതൊരു വിലയുമില്ല, മുന്നിലേക്ക്‌ പ്രതീക്ഷകളില്ല’, ക്രമം തെറ്റി ഒഴുകുന്ന ഡോപ്പമിനും സെറടോണിനും കാട്ടിക്കൂട്ടുന്ന തോന്നിവാസം; സുശാന്തിന്റെ മരണത്തെക്കുറിച്ച് ഷിംന അസീസിന് പറയുവാനുള്ളത്

Janayugom Webdesk
June 15, 2020 12:33 pm

സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാര്‍ത്തയായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം. മുംബൈയിലെ ബാന്ദ്രയില്‍ സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ നിഗമനം.

എന്നാല്‍ സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സുശാന്ത് കൊല്ലപ്പെട്ടതാണെന്നും മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച്‌ പുറത്ത് കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കുറച്ച് നാളുകളായി സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മിലുള്ള ശക്തമായ ബന്ധത്തെ കുറിച്ച് പറയുകയാണ് ഷിംന. ഷിംനയുടെ വാക്കുകളിലേയ്ക്ക്…

you may also like this video;

ബോളിവുഡ് താരം സുശാന്ത് സിംഗ്‌ രജ്‌പുത്‌ ആത്മഹത്യ ചെയ്‌തിരിക്കുന്നു. മാസങ്ങളായി കടുത്ത വിഷാദരോഗത്താൽ കഷ്‌ടപ്പെടുകയായിരുന്നു എന്നും വാർത്തകൾ. എല്ലാ സൗകര്യങ്ങൾക്കുമിടയിൽ ജീവിച്ചിരുന്ന സക്‌സസ്‌ഫുൾ ആയ കലാകാരൻ ആത്മഹത്യ ചെയ്യുകയോ? അയാൾക്കെന്താപ്പോ ഇത്ര വിഷാദിക്കാൻ എന്നാണോ?

ആത്മഹത്യാപ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്‌. തലക്കകത്ത്‌ നിന്ന്‌ തുടർച്ചയായി ‘നിന്നെ ഒന്നിനും കൊള്ളില്ല, മുന്നിലേക്ക്‌ പ്രതീക്ഷകളില്ല, നിനക്ക്‌ യാതൊരു വിലയുമില്ല’ എന്ന്‌ മസ്‌തിഷ്‌കം പറഞ്ഞ്‌ കൊണ്ടേയിരിക്കും. അത്‌ തന്റെ തലച്ചോറിൽ ക്രമം തെറ്റി ഒഴുകുന്ന ഡോപ്പമിനും സെറടോണിനും കാട്ടിക്കൂട്ടുന്ന തോന്നിവാസമാണ്‌ മനസ്സിലാകാതെ രോഗി ഉഴറും. എത്ര സ്വയം അവബോധമുള്ളവരുടെ മനസ്സും കമ്പിവേലിയിൽ വലിഞ്ഞ്‌ കീറുന്ന പോലെ പിഞ്ഞി അടരും. ഏത്‌ വഴിക്ക്‌ ഒടുങ്ങാം എന്ന അന്വേഷണമാണ്‌ പിന്നെ. കൃത്യമായി എങ്ങനെ പറയുന്നു എന്നാണോ? ആ വേദനയുടെ കടൽ നീന്തി കടന്നവളായത്‌ കൊണ്ട്‌ തന്നെ.

സർവ്വസൗഭാഗ്യവതിയായ, കരിയർ തുടങ്ങിയപ്പൊഴേ ചെറിയ വലിയ കാര്യങ്ങൾ ചെയ്‌ത്‌ വന്ന, രണ്ട്‌ കുഞ്ഞുങ്ങളുടെ അമ്മയായ കുടുംബിനിയായ ഒരുവൾ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌ തിന്നിട്ട്‌ എല്ലിന്റെയുള്ളിൽ കുത്തിയിട്ടാണ്‌ എന്നും ദൈവവിചാരം ഇല്ലാഞ്ഞിട്ടാണ്‌ എന്നുമൊക്കെ കേട്ടു. ‘ശ്രദ്ധ കിട്ടാനുള്ള നാടകമാണ്‌, ചാവാതെ സേഫായി ചെയ്യുന്നത്‌ അല്ലാതെങ്ങെനെയാ?’ എന്ന്‌ വരെ കേട്ടിട്ടുണ്ട്‌. ഞാൻ ചാവാത്തതിലായിരുന്നോ അവരുടെ സങ്കടം?

കുറേയേറെ പേർ (ഒരിക്കലും പ്രതീക്ഷിക്കാത്തവർ പോലും) കട്ടക്ക്‌ സപ്പോർട്ട്‌ ചെയ്‌തു. അന്ന്‌ തൊട്ട്‌ ഇന്ന്‌ വരെ എന്റെ സൈക്യാട്രിസ്‌റ്റ്‌ കൂടെ നിന്നതിന്‌ വാക്കുകളില്ല. സുഹൃത്തുക്കൾ താങ്ങി പിടിക്കുന്നതിന്‌ നന്ദിയൊന്നും പറഞ്ഞാൽ മതിയാകില്ല. കൃത്യമായ ഇടവേളകളിൽ ഡോക്‌ടറെ കാണുന്നു, നേരത്തിന്‌ മരുന്ന്‌ കഴിക്കുന്നു. വീക്ക്‌ ആണെന്ന്‌ തോന്നുന്നേരം ചങ്ങായിയായ സൈക്കോളജിസ്‌റ്റിനെ കാണുന്നു/വിളിക്കുന്നു. ‘വിലയില്ലാത്തവൾ’ എന്ന്‌ സ്വയം മാർക്കിടുമ്പോൾ അല്ലെന്ന്‌ തിരുത്തി തരാൻ അവർ പെടാപ്പാട്‌ പെടാറുണ്ട്‌.

വലിയ തോതിൽ വിഷാദത്തെ തോൽപ്പിച്ചപോഴും ഇപ്പോഴും എന്നോട്‌ യാതൊരു പ്രതിപത്തിയുമില്ല. എന്നെ സ്‌നേഹിക്കുന്നത്‌ പോലും മക്കൾക്ക്‌ വേണ്ടി എന്നെ കരുതി വെക്കാനാണ്‌. എന്നെങ്കിലും സ്വയം സ്‌നേഹിക്കാൻ കഴിഞ്ഞാൽ അന്ന്‌ പൂർണമായും വിജയിച്ചെന്ന്‌ തീരുമാനിക്കാനാവുമെന്ന്‌ കരുതുന്നു.

you may also like this video;

ആത്മഹത്യ ചെയ്യാനുള്ള നൂതനമാര്‍ഗങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നത് പതിവാക്കിയവരുണ്ട് നമുക്ക് ചുറ്റും. ജീവിക്കണമെന്ന് വലിയ നിര്‍ബന്ധമില്ലാത്തത് പോലെ, എല്ലാം പാതിവഴിക്ക് കളഞ്ഞു പോകാമെന്ന് പറയാതെ പറയുന്നവര്‍. ആവശ്യം കഴിയുമ്പോള്‍ കളഞ്ഞിട്ടു പോകുന്ന ഇന്‍സ്റ്റന്റ് കള്‍ച്ചര്‍ ജീവിതത്തെ സംബന്ധിച്ചും ചിലരുടെ മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. 2020 വര്‍ഷത്തോടെ ലോകത്തിനു ബാധ്യതയാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്നത് വിഷാദരോഗത്തെയാണ്.

വിഷാദരോഗം എന്നത് ഒരു അപൂര്‍വ്വതയല്ല. ഉറക്കത്തേയും വിശപ്പിനേയും ജീവിതത്തില്‍ ഇഷ്ടപ്പെടുന്ന സകല സംഗതികളെയും പ്രതികൂലമായി ബാധിച്ചു കൊണ്ട് ജീവിതത്തില്‍ മുന്നോട്ടു ഒന്നുമില്ല, പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് രണ്ടാഴ്ചയിലേറെ തോന്നുന്നതാണ് ലളിതമായി പറഞ്ഞാല്‍ വിഷാദരോഗം എന്ന അവസ്ഥ.

വിഷാദരോഗം, ലഹരി ദുരുപയോഗം, കുടുംബത്തില്‍ മുന്‍പ് ആത്മഹത്യ സംഭവിച്ചിട്ടുള്ളവര്‍, അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരുടെ മരണം സംഭവിച്ചവര്‍, കാന്‍സറും എയിഡ്സും അപസ്മാരവും തുടങ്ങി മാറാരോഗമായി സമൂഹം വീക്ഷിക്കുന്ന രോഗങ്ങള്‍ പിടിപെട്ടവർ, ജയിൽവാസികൾ‍ എന്നിങ്ങനെയുള്ളവര്‍ ആത്മഹത്യ എന്ന സാധ്യത പരിഗണിക്കുന്നവരില്‍ മുന്‍ഗണനയില്‍ ഉണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള വ്യക്തി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനുള്ള അപകടസാധ്യത സാധാരണ വ്യക്തിയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഈ തോന്നല്‍ ഉള്ളവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ‘ഇങ്ങനെ തോന്നുന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍’ എന്ന സത്യമാണ്. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ടെന്ന് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. സ്വയം ജീവിതം ആവശ്യമില്ല എന്ന് തോന്നാമെങ്കിലും, ജീവന്റെ വിലയെ കുറിച്ച് കൃത്യമായ ധാരണ തരാന്‍ കുറച്ചു നേരത്തേക്ക് കടം വാങ്ങുന്ന കാതുകള്‍ക്ക് ആയേക്കാം. ആത്മഹത്യ എന്ന ചിന്ത, ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗം, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്നിവ ഒത്തു വന്നാലാണ് അത് സംഭവിക്കുക. ചിന്തയെ നിലക്ക് നിര്‍ത്താന്‍ സാധിക്കില്ലായിരിക്കാം. പക്ഷെ, ആത്മഹത്യ ചെയ്യാനുള്ള കത്തിയും കയറും മറ്റു വഴികളും മുന്നില്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കും. കഴിവതും തനിച്ചിരിക്കാതെ നോക്കാനുമാവും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമിടയില്‍ തുടരുകയാണ് വേണ്ടത്. എന്നിട്ടും വിട്ടൊഴിയാത്ത വിധം ആ ചിന്ത മനസ്സിനെ വേട്ടയാടുന്നുവെങ്കില്‍ ചികിത്സ തേടുക തന്നെ വേണം.

you may also like this video;


നിങ്ങളുടെ സുഹൃത്തോ ബന്ധുവോ പരിചയക്കാരോ ഇനി ഒരു അപരിചിതനോ തന്നെയും സ്വയം ഇല്ലാതാവുന്നതിനെ കുറിച്ച് ചെറിയ സൂചന എങ്കിലും തന്നുവെങ്കില്‍, ദയവു ചെയ്തു ശ്രദ്ധിക്കുക. . തിരക്കിട്ട് വില്‍പത്രം തയ്യാറാക്കുന്നതും, കടമകള്‍ തീര്‍ക്കുന്നതും പതിവില്ലാത്ത ചില വ്യഗ്രതകളുമെല്ലാം വരാന്‍ പോകുന്ന ദുരിതത്തിന്റ മുന്നോടിയാവാം. അത് കേള്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ വാക്കുകൾ ശ്രദ്ധ നേടാനുള്ള അടവായി കണ്ട് അവഗണിക്കുന്ന ഒരു രീതിയും മുന്‍വിധിയോടെയുള്ള സമീപനവും പാടില്ല. ഉപദേശമോ പരിഹാസമോ ഈ വേളയില്‍ നമ്മുടെ ഭാഗത്ത്‌ നിന്നുണ്ടാവാനും പാടില്ല. കഴിഞ്ഞ ദിവസം ഞരമ്പ്‌ മുറിച്ച് ഫെയിസ്ബുക്കില്‍ വന്ന ആളെ വരെ അവഹേളിച്ചുള്ള കമന്റുകള്‍ കണ്ടു. മനുഷ്യത്വരാഹിത്യം എന്നല്ലാതെ ഒരു പേരില്ല അതിന്

നാല്പതു സെക്കന്റില്‍ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇത്രയേറെ പേര്‍ സ്വയം ഹത്യയെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറയുന്നത് പോലും ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല.

ബോളിവുഡ് നടൻ വിട പറഞ്ഞതിന്‌ മാത്രമല്ല നമുക്ക്‌ നോവേണ്ടത്‌. ചിരിക്കുന്ന മുഖങ്ങളിൽ പലതും ഉള്ളിൽ അലറിക്കരയുന്നുണ്ട്‌ എന്നത്‌ കാണാനുള്ള ഉൾക്കണ്ണ്‌ നഷ്‌ടപ്പെടുന്ന നമ്മളെയോർത്തും നമ്മൾ നാണിക്കണം. ജീവൻ രക്ഷിക്കാൻ സാധിക്കുന്നത്‌ ഡോക്‌ടർക്ക്‌ മാത്രമല്ല. നാമോരോരുത്തരും രക്ഷകരാണ്‌, ജീവന്റെ കാവൽക്കാരാണ്‌. അതിന്‌ കാതുകളും കണ്ണുകളും തുറന്ന്‌ വെക്കണം… മനസ്സും.

സുശാന്ത്‌ സിങ്ങ്‌ രജ്‌പുതിന്‌ ആദരാഞ്ജലികൾ.

Dr. Shim­na Azeez

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.