വന്ദന ദാസ് കൊലപാതക കേസിലെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ആശുപത്രി ജീവനക്കാരായ മിനിമോൾ, പ്രദീപ, രമ്യ എന്നിവരുടെ ചീഫ് സാക്ഷിവിസ്താരമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി എൻ വിനോദ് മുമ്പാകെ പൂർത്തിയായത്. സംഭവദിവസം കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ താൻ ജോലി ചെയ്തുകൊണ്ടിരുന്ന സമയം പ്രതി ഒബ്സർവേഷൻ റൂമിന്റെ മുന്നിൽ വെച്ച് വന്ദനയെ തലയ്ക്കും കഴുത്തിനും കുത്തി പരിക്കേൽപ്പിക്കുന്നത് കണ്ടിരുന്നു എന്നും വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഷിബിന് പ്രതി വന്ദനയെ ആക്രമിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുത്തത് താനാണെന്നും ആശുപത്രി ജീവനക്കാരി മിനിമോൾ മൊഴി നൽകി. പ്രതി, വന്ദനയെ ആക്രമിക്കാൻ ഉപയോഗിച്ച കത്രികയും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവര്‍ തിരിച്ചറിഞ്ഞു.
പൂയപ്പള്ളി പൊലീസ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ച സമയം കാഷ്വാലിറ്റി ഓഫിസ് കൗണ്ടറിൽ ജോലി നോക്കിയിരുന്ന പ്രദീപയെയും കോടതി വിസ്തരിച്ചു. ഒപി കൗണ്ടറിൽ പ്രതി സന്ദീപ് എന്ന പേരും മേൽവിലാസവും പറഞ്ഞിരുന്നു എന്നും ഒപി കൗണ്ടറിന്റെ മുൻവശത്ത് വച്ച് തന്നെ പ്രതി ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നതും പരിക്കേറ്റ വന്ദനയെ ഡോക്ടർ ഷിബിൻ പുറത്തേക്ക് താങ്ങി കൊണ്ടുപോകുന്നതും താൻ കണ്ടെന്നും പ്രതി താനിരുന്ന ഒപി കൗണ്ടറിന്റെ മുമ്പിൽ വന്ന് ഗ്രില്ലിൽ അടിച്ച് തുറക്കാൻ ശ്രമിച്ചുവെന്നും പ്രദീപ മൊഴി നൽകി. പ്രതിയെ തിരിച്ചറിഞ്ഞ സാക്ഷി പ്രതിക്ക് താൻ നൽകിയ ഒപി ടിക്കറ്റും തിരിച്ചറിഞ്ഞു. സംഭവദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന രമ്യയെയും കോടതി വിസ്തരിച്ചു. പ്രതി ആക്രമണത്തിന് ഉപയോഗിച്ച കത്രിക ആശുപത്രിയിലെ ഉപയോഗത്തിനായി ഡ്രസിങ് റൂമിൽ സൂക്ഷിച്ചിരുന്നതാണെന്നും പ്രതി സംഭവം സമയം പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് കണ്ടിരുന്നതായും കോടതിയിൽ മൊഴി നൽകി. കേസിലെ തുടർ സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവര്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.