22 April 2024, Monday

ഡോ. വി വി വേലുക്കുട്ടി അരയൻ, കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയ നവോത്ഥാന നായകൻ

പി കെ മേദിനി
March 11, 2023 4:30 am

മ്മ്യൂണിസ്റ്റുപാർട്ടിക്ക് പ്രവർത്തനസ്വാതന്ത്ര്യമോ കാര്യമായ സ്വാധീനമോ ഇല്ലാത്ത ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളിലാണ് മൂത്ത സഹോദരന്മാരുടെ സാഹസികപാത പിന്തുടർന്ന് ഞാനും പാർട്ടിയുടെ ഭാഗമായത്. സഖാവ് പി കൃഷ്ണപിള്ള ഒളിവിലിരിക്കുമ്പോൾ കാണാനും സംസാരിക്കാനും എനിക്കു കഴിഞ്ഞതും അങ്ങനെയാണ്. ശക്തമായ രീതിയിലുള്ള എതിർപ്പുകളും ഭീഷണികളും കമ്മ്യൂണിസ്റ്റുപാർട്ടി നേരിടുന്ന സമയത്താണ് 1948ലെ പൊതുതെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി സാഹിത്യം, പത്രപ്രവർത്തനം തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തനായ നവോത്ഥാന നായകനും പിന്നാക്ക സമുദായങ്ങളുടെ നേതാവുമായിരുന്ന ഡോ. വി വി വേലുക്കുട്ടി അരയൻ മത്സരിച്ചത് പാർട്ടി അണികളിലുണ്ടാക്കിയ ആവേശം ഞാനോർക്കുന്നു.
സ്വാമി വിവേകാനന്ദൻ ‘ഭ്രാന്താലയം’ എന്നു വിളിച്ച കേരളത്തിൽ നിലനിന്നിരുന്ന ജാതിപരമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചമർത്തലുകളും ഇല്ലാതാക്കിയതിൽ കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ പങ്ക് ലോകചരിത്രത്തിൽത്തന്നെ സമുജ്ജ്വലമായി രേഖപ്പെടുത്തേണ്ടതാണ്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യന്‍കാളി, മഹാകവി കുമാരനാശാൻ, ടി കെ മാധവൻ, മന്നത്തു പത്മനാഭൻ, സി വി കുഞ്ഞിരാമൻ, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, സി എസ് സുബ്രഹ്മണ്യൻ പോറ്റി, വാഗ്ഭടാനന്ദൻ, പണ്ഡിറ്റ് കറപ്പൻ, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയവരുടെ ശ്രേണിയിൽ ബഹുമുഖപ്രതിഭയെന്ന നിലയിലും പുരോഗമനവാദിയെന്ന നിലയിലും വ്യത്യസ്തനായ നവോത്ഥാന നായകനാണ് ഡോ. വി വി വേലുക്കുട്ടി അരയൻ, സാമൂഹ്യപരിഷ്കർത്താവും സ്വാതന്ത്ര്യസമരസേനാനിയും അരയസമുദായോദ്ധാരകനുമായിരുന്ന അദ്ദേഹം അരയൻ തുടങ്ങിയ വിവിധങ്ങളായ പത്രമാസികകളുടെ പത്രാധിപർ, പത്രമുടമ, ഗദ്യത്തിലും പദ്യത്തിലും ഈടുറ്റ കൃതികളുടെ കർത്താവായ സാഹിത്യകാരൻ, നിർഭയനായ നിരൂപകൻ, കലാകാരൻ, ബഹുഭാഷാപണ്ഡിതൻ, ഉജ്വല പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ശാസ്ത്രഗവേഷകൻ, മൂന്നു വൈദ്യശാസ്ത്രങ്ങളിലും യോഗ്യത നേടിയ ഡോക്ടർ, യുക്തിവാദി, നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപകൻ, രാഷ്ട്രീയനേതാവ് തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.


ഇതുകൂടി വായിക്കൂ:  ലക്ഷദ്വീപ് രാഷ്ട്രീയം എങ്ങോട്ട്


1917ലെ റഷ്യൻ വിപ്ലവത്തെ റിപ്പോർട്ടുചെയ്യുകയും എല്ലാ സ്വേച്ഛാധിപതികൾക്കും ഇതൊരു പാഠമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്ത ഏക പത്രം ഡോ. വേലുക്കുട്ടി അരയന്റെ പത്രാധിപത്യത്തിലും ഉടമസ്ഥതയിലും അതേ വർഷം പുറത്തിറങ്ങിയ ‘അരയൻ’ പത്രമായിരുന്നു. 1918ൽ ആത്മമിത്രങ്ങളായിരുന്ന ടി കെ മാധവനും ഡോ. വി വി വേലുക്കുട്ടി അരയനും തങ്ങളുടെ പത്രങ്ങളായ ദേശാഭിമാനി‘യിലും അരയനി‘ലും എഴുതിയ ശക്തമായ മുഖപ്രസംഗങ്ങളിലൂടെ ക്ഷേത്രപ്രവേശനവാദം ആദ്യമായി ഉന്നയിക്കുകയും കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിൽ പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, മന്നത്തു പത്മനാഭൻ, സി എസ് സുബ്രഹ്മണ്യൻ പോറ്റി തുടങ്ങിയ ഉത്‌പതിഷ്ണുക്കളായ സവർണനേതാക്കളുടെ പിന്തുണ ഈ വാദത്തിന് കരുത്തു പകർന്നു.
കേരളത്തിലെമ്പാടും പല പേരുകളിൽ ചിതറിക്കിടന്നിരുന്ന സ്വസമുദായത്തെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് സംഘടിപ്പിക്കുകയും അരയൻ’ പത്രം വഴി ശക്തരാക്കുകയും ചെയ്ത ഡോ. വേലുക്കുട്ടി അരയൻ 1919ൽ സമസ്ത കേരളീയ അരയ മഹാജനയോഗം രൂപീകരിച്ചു. എസ്എൻഡിപി യോഗം മുൻകൈ എടുത്ത് ടി കെ മാധവന്റെ നേതൃത്വത്തിൽ 1924ൽ മുതുകുളത്തു വച്ച് അവർണ ഹിന്ദു മഹാസഭയ്ക്ക് രൂപം നൽകിയപ്പോൾ എൻ കുമാരൻ പ്രസിഡന്റായും ഡോ. വി വി വേലുക്കുട്ടി അരയൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വൈക്കം സത്യഗ്രഹത്തിന്റെ തുടർച്ചയായി നടന്ന മിക്ക ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങളുടെയും നേതൃത്വം ഈ സംഘടനയാണ് വഹിച്ചത്. ക്ഷേത്ര പ്രവേശന പ്രക്ഷോഭങ്ങൾക്കു നേതൃത്വം നല്കുമ്പോഴും “വ്യക്തിപരമായി എനിക്ക് ക്ഷേത്രപ്രവേശനം ആവശ്യമില്ല” എന്ന് തുറന്നുപറഞ്ഞ യുക്തവാദിയായിരുന്നു ഡോ. വേലുക്കുട്ടി അരയൻ.
സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചുകൊണ്ട് മഹാരാജാവിനെയും ദിവാനെയും ബ്രിട്ടീഷ് അധികാരികളെയും നിശിതമായി വിമർശിച്ചുകൊണ്ട് മുഖപ്രസംഗങ്ങളെഴുതുകയും റിപ്പോർട്ടുകൾ നൽകുകയും ചെയ്തതിന് 1921ലും 1938ലും അരയൻ’ പത്രം കണ്ടുകെട്ടപ്പെടുകയും ഡോ. വേലുക്കുട്ടി അരയൻ അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി.
നവോത്ഥാന നായകരിൽ മുൻപന്തിയിലുണ്ടായിരുന്നവരിൽ ചിലർ മൺമറയുകയും ചിലർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളായി മാറുകയും മറ്റു ചിലർ രാഷ്ട്രീയത്തിലേക്കു വരാതെ ആത്മീയ രംഗങ്ങളിലും മറ്റും വ്യാപരിക്കുകയും ചെയ്തപ്പോൾ ആ നിരയിൽപ്പെട്ട ഡോ. വി വി വേലുക്കുട്ടി അരയനാകട്ടെ, ഏറ്റവും ധീരവും കാലോചിതവുമായ നിലപാട് സ്വീകരിച്ചുകൊണ്ട് നവോത്ഥാന നായകരിലെ ആദ്യ കമ്മ്യൂണിസ്റ്റായി മാറി. വെറുമൊരു മാറ്റമായിരുന്നില്ല അത്.


ഇതുകൂടി വായിക്കൂ:  പികെവി


ജാതി-മത സംഘടനകൾ ഇനി പ്രസക്തമല്ലെന്നും വർഗാടിസ്ഥാനത്തിലുള്ള സംഘടനകളാണ് മനുഷ്യർക്കാവശ്യമെന്നും പ്രഖ്യാപിച്ച ഡോ. വേലുക്കുട്ടി അരയൻ, 1930കളില്‍ത്തന്നെ വിവിധ തൊഴിൽമേഖലകളിൽ തൊഴിലാളി സംഘടനകൾ രൂപീകരിക്കുന്നതിന് ശക്തമായ നേതൃത്വം നൽകി. അവകാശങ്ങൾക്ക് വേണ്ടിയുള്ള നാവിക പണിമുടക്കത്തിലൂടെ സർ സി പിയെ മുട്ടുകുത്തിച്ച തിരുവിതാംകൂർ നാവിക തൊഴിലാളി സംഘത്തിന്റെ ലീഡിങ് ഡയറക്ടറും ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു. കേരളത്തിലാദ്യത്തെ മത്സ്യത്തൊഴിലാളി യൂണിയൻ, കയർത്തൊഴിലാളി യൂണിയൻ, പോർട്ട് വർക്കേഴ്സ് യൂണിയൻ, തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ, ഉൾനാടൻ ജലാശയ മത്സ്യത്തൊഴിലാളി യൂണിയൻ തുടങ്ങിയവയുടെ രൂപീകരണത്തിനും സമരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. സ്വതവേ പുരോഗമനവാദിയായിരുന്ന ഡോ. വേലുക്കുട്ടി അരയൻ, കൽക്കട്ടയിലെ ഹോമിയോപ്പതി വിദ്യാഭ്യാസകാലത്തുതന്നെ വിപ്ലവകരമായ ആശയങ്ങളോട് കൂടുതൽ ആഭിമുഖ്യം പുലർത്തിത്തുടങ്ങിയിരുന്നു. കേരളത്തിലെ കോൺഗ്രസിൽ സോഷ്യലിസ്റ്റു ചേരി രൂപപ്പെടുകയും കമ്മ്യൂണിസ്റ്റുപാർട്ടിയായി അതു മാറുകയും സംഘടനാപ്രവർത്തനം വളരെ ദുഷ്ക്കരമായിത്തീരുകയും ചെയ്ത സാഹചര്യത്തിലാണ് ഡോ. വേലുക്കുട്ടി അരയൻ കമ്മ്യൂണിസ്റ്റുപാർട്ടിയിലേക്ക് വരുന്നത്.
അവർണഹിന്ദു മഹാസഭയുടെ സ്ഥാപക ജനറൽസെക്രട്ടറിയായി പിന്നാക്ക ജന വിഭാഗങ്ങളുടെയാകെ നേതാവായൊരാൾ കമ്മ്യൂണിസ്റ്റുപാർട്ടിയിലേക്കു വന്നപ്പോൾ ആ ജനവിഭാഗവും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസമർപ്പിക്കുക സ്വാഭാവികമാണല്ലോ. ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് വിടപറയുകയും സമരത്തീച്ചുളയിൽ നിരോധനവും അറസ്റ്റും തടവും ഒളിവു പ്രവർത്തനവും മർദനവുമെല്ലാം നേരിട്ടുകൊണ്ട് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റുപാർട്ടിയിലേക്ക് വരികയും ചെയ്ത ഡോ. വി വി വേലുക്കുട്ടി അരയന്റെ നിലപാടും ചങ്കൂറ്റവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1948ലെ പൊതു തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റുപാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു. കേരളത്തിലെ പി‌ന്നാക്ക വിഭാഗങ്ങളിലും അവശതയനുഭവിച്ചിരുന്ന മറ്റു വിഭാഗങ്ങളിലും തൊഴിലാളികളിലും വളരെ ആവേശം സൃഷ്ടിക്കാൻ ആ സ്ഥാനാർത്ഥിത്വത്തിനു കഴിഞ്ഞു.


ഇതുകൂടി വായിക്കൂ:  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വെല്ലുവിളികളും ചുമതലകളും


ഞാനും എന്റെ മൂത്ത സഹോദരന്മാരായ ബാവയും ശാരംഗപാണിയും മറ്റും കമ്മ്യൂണിസ്റ്റുപാർട്ടിയിൽ സജീവമായ കാലത്ത് ബഹുമുഖപ്രതിഭയായ ഡോ. വേലുക്കുട്ടി അരയനെക്കുറിച്ച് ധാരാളം കേട്ടറിഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ നാട്ടിൽ കലാപ്രവർത്തനത്തിന്റെയും പാർട്ടി പ്രവർത്തനത്തിന്റെയും ഭാഗമായി പോകുകയും അദ്ദേഹത്തിന്റെ മക്കളായ ഡോ. രവീന്ദ്രൻ, അഡ്വ. നാഗേന്ദ്രൻ, വി വി ശാന്തമ്മ, മരുമകനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി ജി വേലായുധൻ നായർ തുടങ്ങിയവരുമായി അടുത്ത സൗഹൃദം പുലർത്താൻ കഴിയുകയും ചെയ്തു. അക്കാലത്ത് പുരോഗമന ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന യുവസാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും പത്രപ്രവർത്തകരുടെയും മറ്റും ഇഷ്ടസങ്കേതങ്ങളിലൊന്നായിരുന്നു വേലുക്കുട്ടി അരയന്റെ വസതി. ആലപ്പാടു പഞ്ചായത്തിൽ ചെറിയഴീക്കൽ എന്ന ദേശം കടലിനും കായലിനും മധ്യേയുള്ളതായതിനാൽ പുന്നപ്ര‑വയലാറിലെയും ശൂരനാട്ടെയും സമര പോരാളികളും പി കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളും ഒളിവിലിരിക്കാൻ ഈ വസതിയും പ്രദേശവും തെരഞ്ഞെടുത്തിരുന്നു. അന്ന് കമ്മ്യൂണിസ്റ്റുപാർട്ടിയുടെ രഹസ്യരേഖകൾ ചെറിയഴീക്കലുള്ള അദ്ദേഹത്തിന്റെ പ്രിന്റിങ് പ്രസിൽ സുരക്ഷിതമായി അച്ചടിച്ചിരുന്നു. 1957ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍‌മെന്റ് അധികാരത്തിൽ വരുന്നതിന് മുമ്പുള്ള യോഗങ്ങളിൽ ഒന്നാന്തരം പ്രാസംഗികനായി ഡോ. വേലുക്കുട്ടി അരയൻ നിറഞ്ഞുനിന്നിരുന്നു. അതുപോലെ വിമോചനസമരത്തെ പ്രതിരോധിച്ചുകൊണ്ടുള്ള ആശയപ്രചരണത്തിലും അദ്ദേഹത്തിന്റെ പേനയും നാവും വിശ്രമമില്ലാതെ പ്രവർത്തിച്ചു.
ഡോ. വേലുക്കുട്ടി അരയന്റെ നൂറ്റി ഇരുപത്തിയൊമ്പതാമത് ജന്മദിനാഘോഷം നടക്കുന്ന ഈ അവസരത്തിലും ആ ബഹുമുഖപ്രതിഭയുടെ ജീവിതവും സാഹിത്യ‑പത്രപ്രവർത്തന-ഗവേഷണ സംഭാവനകളും പുതുതലമുറ അറിയുന്നുണ്ടോ എന്നു സംശയമാണ്. ചരിത്രം സൃഷ്ടിച്ച ഡോ. വേലുക്കുട്ടി അരയന്റെ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാൻ നമു‌‌ക്ക് കഴിയേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.