6 February 2025, Thursday
KSFE Galaxy Chits Banner 2

കരട് യുജിസി ചട്ടങ്ങൾ: പരിഷ്കരണമല്ല പ്രാകൃതം

Janayugom Webdesk
January 13, 2025 5:00 am

ന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞിട്ട് വർഷങ്ങളായി. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിന് ശേഷം സ്ഥിതി കൂടുതൽ പരിതാപകരമായി. രാജ്യത്തിന്റെ അഭിമാന മുദ്രകളായ സർവകലാശാലകളും അവയെ നയിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷ (യുജിസി)നുമൊക്കെ 10 വർഷത്തിലധികമായി വിവാദത്തിന്റെ തൊഴുത്തായിരിക്കുന്നു. വിദ്യാഭ്യാസ, വിജ്ഞാന പ്രാവീണ്യമല്ല, കാവിക്കൊടിയോടുള്ള വിധേയത്വവും തീവ്ര ഹിന്ദുത്വ ആശയങ്ങളോടുള്ള ആഭിമുഖ്യവും മാത്രം മാനദണ്ഡമായി സ്ഥാപന മേധാവികളെ നിർണയിക്കുന്നതും പതിവായി. ആഗോള പ്രമുഖമായ ജവഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു) യിലും ഡൽഹി ജാമിയയിലും അലിഗഢിലും അത്തരം നിയമനങ്ങൾ ഉണ്ടാക്കിയ വിവാദങ്ങൾ മറക്കാറായിട്ടില്ല. ഈ പരിസരത്തുനിന്ന് എത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ യുജിസി അധ്യക്ഷൻ എം ജഗദേഷ് കുമാർ. ജെഎൻയു വിസിയായിരിക്കെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വിദ്യാർത്ഥി വിരുദ്ധവും അക്കാദമിക ധാർമ്മികതകൾക്ക് നിരക്കാത്തതുമായ നടപടികൾ നിരവധിയായിരുന്നു. പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാരിൽ നിന്ന് അതാത് സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് വിവാദവും സംഘർഷാത്മക അന്തരീക്ഷവും പലതവണ സൃഷ്ടിച്ചതുമാണ്. സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമ പ്രകാരം സർവകലാശാലാ ചാൻസലർമാരായിത്തീരുന്ന ഗവർണർമാർ അമിതാധികാര പ്രവണത കാട്ടുന്നതിന്റെ വാർത്തകൾ എല്ലാ ദിവസവുമുണ്ടാകുന്നുണ്ട്. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളെ കാവിവൽക്കരിക്കുന്നതിന് നടത്തിയ ശ്രമങ്ങൾ നിയമയുദ്ധങ്ങൾക്ക് വഴിവച്ചതുമാണ്. സിൻഡിക്കേറ്റ്, സെനറ്റ്, കൗൺസിൽ പോലുള്ള സമിതികളിൽ തന്നിഷ്ടപ്രകാരം അംഗങ്ങളെ നിയമിക്കുക മാത്രമല്ല മാനദണ്ഡങ്ങളും യോഗ്യതകളും പാലിക്കാതെയും വിസിമാരെയും മറ്റും നിയമിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചും അഭിപ്രായങ്ങൾ തേടിയും നിയമനം നടത്തണമെന്ന തത്വങ്ങൾ ലംഘിച്ചായിരുന്നു ഇത്തരം നടപടികൾ.

സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന നടപടികളും ഗവർണറിൽ നിന്നുണ്ടായി. മുൻഗാമിയുടെ വഴിയേ തന്നെയാണ് സഞ്ചരിക്കുകയെന്ന് പുതിയ ഗവർണർ നിലപാട് പറഞ്ഞിട്ടുമുണ്ട്. പ്രതിപക്ഷഭരണമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സർവകലാശാലകളിൽ വൈസ് ചാൻസലർ ഉൾപ്പെടെ ഉന്നത പദവികളിൽ പഠനയോഗ്യതയോ അധ്യാപന പരിചയമോ ഇല്ലാത്ത ആരെയും നിയമിക്കാവുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി യുജിസി ചട്ടങ്ങൾ പുതുക്കുവാൻ പോകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാൻസലർമാരായ ഗവർണർമാർക്ക് അതിസമ്പന്നരെയോ വൻവ്യവസായികളെയോ പോലും വിസിമാരാക്കാവുന്ന സ്ഥിതിയാണുണ്ടാകാൻ പോകുന്നത്. നിലവിലുള്ള നിയമമനുസരിച്ച് 10 വർഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചവർക്കും ഗവേഷണരംഗത്ത് ഗൈഡായവർക്കുമാണ് വിസിമാർ ആകുവാൻ സാധിക്കുക. എന്നാൽ കരട് ചട്ട പ്രകാരം വ്യവസായം, പൊതുനയം, പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 10 വർഷത്തെ പരിചയമുണ്ടായാൽ മതി.

അക്കാദമിക് വൈദഗ്ധ്യമില്ലാത്തവരെയും പരിഗണിക്കാമെന്നർത്ഥം. 55 ശതമാനം മാർക്കോടെ എംഇ, എംടെക് ബിരുദം നേടിയവർക്ക് അസിസ്റ്റന്റ് പ്രൊഫസർമാരാവാം, യുജിസി നെറ്റ് പാസാവേണ്ടതില്ല. നിലവിൽ നെറ്റ് നിർബന്ധമാണ്. കരട് ചട്ടങ്ങൾ പൊതു അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെ ചാൻസല (ഗവർണർ) റും ഒരംഗത്തെ യുജിസി ചെയർമാനും നിശ്ചയിക്കും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്മെന്റ് തുടങ്ങിയ സമിതികൾക്ക് മൂന്നാമത്തെ അംഗത്തെ നിർദേശിക്കാം. അപേക്ഷകരിൽ നിന്ന് സമിതി നിർദേശിക്കുന്ന മൂന്ന്-അഞ്ച് പേരിൽ നിന്നു ഒരാളെ ചാൻസലർക്കു വിസിയായി നിയമിക്കാം. പുനർനിയമനത്തിനും അനുമതിയുണ്ട്. സെർച്ച് സമിതിയിൽ നിലവിലെ ചാൻസലറായ ഗവർണർ, യുജിസി അധ്യക്ഷൻ എന്നിവരുടെ പ്രതിനിധികൾക്ക് പുറമേ ഒരാൾ മാത്രമാണുള്ളത്.

തീർച്ചയായും തർക്കങ്ങളുണ്ടായാൽ ആദ്യരണ്ടുപേർ ചേർന്ന് തീരുമാനിക്കുന്ന പാനലായിരിക്കും ചാൻസലർക്ക് സമർപ്പിക്കപ്പെടുക. ഇതിൽ നിന്ന് ഒരാളെ നിശ്ചയിക്കുമ്പോൾ അത് കേന്ദ്ര താല്പര്യപ്രകാരം മാത്രമാകുമെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് ബോധ്യമാകും. ഫലത്തിൽ യോഗ്യതാമാനദണ്ഡങ്ങളിലെ മാറ്റം മാത്രമല്ല സംസ്ഥാന അധികാരത്തിലുള്ള കൈകടത്തൽ കൂടിയാണ് ചട്ടം നടപ്പിലായാൽ സംഭവിക്കുവാൻ പോകുന്നത്. സംസ്ഥാനങ്ങളുടെ പൂർണ നിയന്ത്രണത്തിലുണ്ടായിരുന്ന വിസി നിയമനാധികാരവും യുജിസിയുടെ ചട്ട പരിഷ്കാരമെന്ന പേരിൽ ഏറ്റെടുക്കുവാനുള്ള കേന്ദ്രനീക്കമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് ശക്തമായ പ്രതിഷേധമുയർന്നിരിക്കുന്നത്. കേരളം, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങൾ ശക്തമായ എതിർപ്പുന്നയിച്ചതിന് പുറമേ നിയമ പോരാട്ടത്തിനും ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസ വിചക്ഷണർ, വിദ്യാർത്ഥി, അധ്യാപക സംഘടനകൾ എന്നിങ്ങനെ എല്ലാവരും യുജിസി നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചട്ടങ്ങൾ പരിഷ്കരിക്കുന്നു എന്നാണ് കഴിഞ്ഞയാഴ്ച കരട് പുറത്തിറക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വിശദീകരിച്ചതെങ്കിലും നിര്‍ദിഷ്ട ചട്ടം പ്രാബല്യത്തിലായാൽ വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ പ്രാകൃതമാകുകയാണ് ചെയ്യുക.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.