28 March 2024, Thursday

Related news

March 28, 2024
March 26, 2024
March 26, 2024
March 24, 2024
March 24, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024

മഴയും ഉരുൾപൊട്ടലും; നദികള്‍ക്ക് ഘടനാമാറ്റം

സ്വന്തം ലേഖിക
കോട്ടയം/തിരുവനന്തപുരം
October 27, 2021 9:33 pm

മഴയും ഉരുൾപൊട്ടലും ജില്ലയിലെ വിവിധ നദികളുടെ അടിസ്ഥാനഘടനയെ തന്നെ ബാധിച്ചതായി സൂചന. മണിമലയാറിന്റെയും മീനച്ചിലാറിന്റെയും അടിസ്ഥാന ഘടനയെ പ്രളയം സാരമായി ബാധിച്ചെന്നാണ് വിലയിരുത്തൽ. രണ്ട് ആറുകളുടെയും ഉത്ഭവ സ്ഥാനങ്ങളോടു ചേർന്നുള്ള ഭാഗങ്ങൾ പൂർണമായി പാറക്കൂട്ടങ്ങളായി മാറിയിരിക്കുകയാണ്. 

പുഴകൾക്കുണ്ടായ ഘടനാ മാറ്റം പരിസ്ഥിതി പ്രവർത്തകരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് ചില സ്ഥലങ്ങളിൽ പുഴ ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു.മണിമലയാറിന്റെ ഭാഗമായ പുല്ലുകയാറിന്റെ കൂട്ടിക്കൽ പഞ്ചായത്തിലെ ഭാഗങ്ങളാണു പാറക്കൂട്ടങ്ങളായി മാറിയിരിക്കുന്നത്. ഉരുൾപ്പൊട്ടലിലും പ്രളയത്തിലും ഏറ്റവും അധികം നഷ്ടം സംഭവിച്ച കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് മുതൽ താഴേയ്ക്ക് ഏന്തയാർ വരെ അഞ്ചു കിലോമീറ്ററോളം ഭാഗത്തു വൻതോതിലാണു പാറക്കൂട്ടങ്ങൾ നിരന്നിരിക്കുന്നത്. പ്രദേശത്ത് പുഴതന്നെ ഇല്ലാതായ സ്ഥിതിയാണ്. യന്ത്ര സഹായത്തോടെ മാത്രം മാറ്റാൻ കഴിയുന്ന രീതിയിലുള്ള പാറക്കൂട്ടങ്ങളാണ് ഏറെയും. 

ഉരുൾപ്പൊട്ടലിനു ശേഷം തുടർച്ചയായ ദിവസങ്ങളിൽ പ്രദേശത്തു ശക്തമായ മഴ പെയ്യുന്നുവെന്നിരിക്കേ ഈ പാറക്കൂട്ടങ്ങൾ വീണ്ടുമൊരു ദുരന്തത്തിനു കാരണമാകുമെന്നു നാട്ടുകാർക്ക് ആശങ്കയുണ്ട്. ചില ഭാഗങ്ങളിൽ ഇത് ഒഴുക്കു തടസപ്പെടുത്തുകയോ വഴി മാറി ഒഴുകുന്നതിനോ കാരണമാകും. പാറക്കൂട്ടങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയാലുണ്ടാകുന്ന ആഘാതവും ജനങ്ങൾക്കു ഭീഷണിയാണ്. പല സ്ഥലങ്ങളിലും തീരമിടിയുന്നുണ്ട്. തീരത്തോടു ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവരില്‍ പലരും സുരക്ഷിത സ്ഥാനങ്ങൾ ലഭ്യമായാൽ സ്ഥലം മാറാനുള്ള തയാറെടുപ്പിലാണ്. പ്രളയത്തിൽ വൻതോതിൽ മണ്ണ് ഒഴുകിപ്പോയതിനാൽ വേനൽക്കാലത്തു കുടിവെള്ള ക്ഷാമം വർധിക്കുമെന്ന ആശങ്കയുമുണ്ട്. 

മദ്രാസ് ഐഐടിയുടെ നേതൃത്വത്തിൽ പഠനം നടന്നുവരുന്നു: മന്ത്രി കെ രാജൻ

പ്രളയത്തെ തുടർന്ന് നദികളിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ആഴം വർധിപ്പിച്ച് നദികളുടെ സ്വാഭാവിക അടിത്തട്ടിന്റെ ചരിവ് കണ്ടെത്തുന്നതിനായി മദ്രാസ് ഐഐടിയുടെ നേതൃത്വത്തിൽ പഠനം നടന്നുവരികയാണെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ഒഴുക്കിന് വിഘാതമാകുന്ന തരത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്ത് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും പുതിയ കനാലുകൾ നിർമ്മിച്ചും റഗുലേറ്റർ സ്ഥാപിച്ചും ജലം തിരിച്ചുവിടുന്നതിനുള്ള മാർഗ്ഗം കണ്ടെത്താനും പഠനം നടക്കുന്നുണ്ട്. 

എറണാകുളം ജില്ലയിലെ പെരിയാർ, മൂവാറ്റുപുഴയാർ ഡീ സിൽറ്റിങ് നടത്തിയിരുന്നു. പെരിയാറിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും സംബന്ധിച്ച വിഷയം പഠന വിധേയമാക്കി ആവശ്യമായ നടപടികൾ മേജർ ഇറിഗേഷൻ എൻജിനീയർ മുഖാന്തരം നടത്തിവരുന്നുണ്ട്. 2018, 2019 വർഷത്തെ പ്രളയത്തിനുശേഷം പമ്പ നദിയിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് നദിയുടെ നീരൊഴുക്ക് പുനഃസ്ഥാപിച്ചതടക്കമുള്ള വിശദീകരണം അൻവർസാദത്തിന്റെ സബ്മിഷന് മറുപടിയായി മന്ത്രി നടത്തി. 

Eng­lish Sum­ma­ry : drainage pat­tern vary­ing for rivers

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.