Saturday
16 Feb 2019

നാടകാന്തം ഉജ്ജയിനി

By: Web Desk | Saturday 9 February 2019 10:47 PM IST

നാടക നാടിന്റെ പ്രബുദ്ധത കാത്തുസൂക്ഷിച്ച ഗ്രാമ്യപ്രകാശമാണ് എന്‍ എസ് പ്രകാശ് എന്ന അനുഗ്രഹീത കലാകാരന്റെ വേര്‍പാടിലൂടെ പൊലിഞ്ഞത്. രാഷ്ട്രീയ ജാഗ്രതയുടെ വീര്യം പോലെ സര്‍ഗ്ഗാത്മകതയുടെ ആഴം തേടുന്ന മനസ്സും കാത്തു സൂക്ഷിക്കുന്നവരാണ് ഓണാട്ടുകര ദേശവാസികള്‍. നാടകവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ശ്വസനക്രിയപോലെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടങ്ങളാണ് ഇവിടത്തെ സര്‍ഗ്ഗാത്മക കൂട്ടായ്മകള്‍. വള്ളികുന്നം, ചൂനാട്, ശൂരനാട് ഗ്രാമങ്ങളിലെ മനുഷ്യരില്‍ സാമൂഹ്യ നീതിക്കും ജനനന്മയുടെ നിത്യതയ്ക്കുമായി ജീവിച്ച അര്‍പ്പിത ചേതസ്സായിരുന്നു എന്‍ എസ് പ്രകാശ് എന്ന ഓണാട്ടുകരക്കാരുടെ പ്രിയപ്പെട്ട പ്രകാശേട്ടന്‍. അരങ്ങ് ബോധത്തിന്റെ കരുത്തുറയുന്ന വാക്കുകളും, വള്ളിക്കുന്നം വെറ്റില ചവച്ച് മുറുക്കി ചുവന്ന ചുണ്ടില്‍ ആര്‍ദ്രതയുടെ ചിരിയുമായി ഇനി നമുക്കിടയില്‍ പ്രകാശേട്ടനില്ല. കാലം അങ്ങനെയാണ്, മരണം എന്ന അപ്രതീക്ഷിത കഥാപാത്രത്തെ നിനച്ചിരിക്കാതെ ജീവിത നാടകത്തിന്റെ വേദിയിലേക്ക് നന്മ വിളയിക്കുന്ന മനുഷ്യരെ അപഹരിക്കാന്‍ വിരുന്നെത്തിക്കും. മുന്‍പേ പറന്നകലുന്നത് ജനമനസ്സുകളില്‍ ഇടം നേടിയ ജീവിതമാകുമ്പോള്‍ വേര്‍പാടിന്റെ ശൂന്യതയില്‍ കരയാന്‍ മാത്രമറിയുന്ന മനുഷ്യര്‍ നിസഹായതയോടെ വിറങ്ങലിച്ച് നില്‍ക്കും.
സമഭാവനയിലേക്കുള്ള സ്വപ്‌നസഞ്ചാരവും ആ കനവുകളെ സമൂഹത്തിനായി സ്വായത്തമാക്കാനുള്ള സഞ്ചാര സ്വാതന്ത്ര്യവുമായിരുന്നു എന്‍ എസ് പ്രകാശ് എന്ന ഗ്രാമീണന്റെ സര്‍ഗ്ഗജീവിതം. ചൂനാട്ടിലെ തറവാട്ടുമുറ്റത്തെ ചിതയില്‍ ആ സര്‍ഗ്ഗ ചൈതന്യത്തെ തീനാളങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്നേയുള്ള സായാഹ്നത്തിലേക്ക് കിതച്ചോടുകയായിരുന്നു മനസ്സ്. പുളിമര ചോട്ടിലെ തണല്‍ കാറ്റ് ഏറ്റ് വാങ്ങുന്ന പൂമുഖത്ത് പെയ്ത് തീര്‍ന്ന ആകാശം പോലെ പ്രസരിപ്പുള്ള മുഖവുമായി പ്രിയപ്പെട്ട പ്രകാശേട്ടന്‍. അരികെ, നാടക ഗുരു തോപ്പില്‍ ഭാസിയുടെ മകന്‍ അഡ്വ. സോമന്‍, ഒപ്പം എന്‍ജിഒയുടെ സാരഥിയും തികഞ്ഞ സഹൃദയനുമായ ജയപ്രകാശ് മേനോനും പണിക്കശ്ശേരിയില്‍ ഷാജിയും. ചിരസ്മരണീയനായ കവി ഒഎന്‍വിയുടെ ഉജ്ജയിനിക്ക് നാടകരചിത പാഠമൊരുക്കുവാനുള്ള ആത്മസംഘര്‍ഷങ്ങള്‍ നിര്‍വൃതിയായി പെയ്‌തൊഴിയുന്ന അനഘ നിമിഷങ്ങള്‍. രചനക്കൊപ്പം നിന്ന അഡ്വ. സോമന്‍ രംഗസാക്ഷ്യങ്ങളുടെ വികാര തീവ്രത ചോര്‍ന്നുപോകാതെ നാടക രചന വായിക്കുന്നു. മേഘ സന്ദേശത്തിലെ വെണ്‍മേഘക്കൂട്ടങ്ങള്‍ പോലെ മനസ്സ് എത്ര വേഗത്തിലാണ് ഉജജ്ജയിനിയിലേക്ക് പറന്നത്. ഋതുഭേദങ്ങളുടെ ഭാവപ്പകര്‍ച്ചപോലെ മാറിമറിയുന്ന രംഗങ്ങള്‍. അക്ഷരങ്ങളുടെയും സര്‍ഗ്ഗ സൃഷ്ടികളുടെയും അനശ്വരതയില്‍ വിശ്വസിച്ച മഹാകവിയുടെ ജീവിതയാത്രയിലെ നാടകീയത ഉറയുന്ന അവസ്ഥാന്തരങ്ങള്‍.
ഭരണകൂടങ്ങളില്‍ വാര്‍ത്തെടുക്കപ്പെടുന്നവരുടെ ആജ്ഞകള്‍ അനുസരിക്കേണ്ടവനല്ല കലാകാരനെന്നും അവര്‍ കാലത്തിന്റെ ആപത്തുകളെ തന്റേടത്തോടെ വിളിച്ചോതേണ്ടവനാണെന്നും ജീവിതം കൊണ്ട് ബോദ്ധ്യപ്പെടുത്തിയ കാളിദാസന്‍. പ്രണയത്തിന്റെ കടലാഴങ്ങളില്‍ നിന്ന് ഒരിക്കലൂം വാടാത്ത കനവുകളുടെ കടല്‍പ്പൂക്കള്‍ ശേഖരിച്ചവന്‍. ഉജ്ജയിനി കേന്ദ്രീകരിച്ചുള്ള ഈ രചിതപാഠം കരുത്തിന്റെ കാവല്‍ ചിറകാണ് നാടകമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നനവുള്ള മണ്ണില്‍ നിലയുറപ്പിച്ച് നിന്ന് കൊണ്ട് പറയേണ്ടുന്ന ജീവിതത്തതിന്റെ നേരടരുകളാണ് നാടകമെന്നറിഞ്ഞ്, ഉജജ്ജയിനിയിലെ കാവ്യബിംബങ്ങള്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി കൊണ്ടാണ് എന്‍ എസ് പ്രകാശ് കാലാതീതമായ ഈ സര്‍ഗ്ഗ സൃഷ്ടി ഒരുക്കിയിരിക്കുന്നത്.
പ്രൊഫഷണല്‍ നാടകമെന്ന ഓമനപ്പേരില്‍ ലക്കും ലഗാനുമില്ലാതെ കച്ചവട നാടകങ്ങള്‍ എഴുതി തള്ളുന്നവര്‍ക്കിടയില്‍, രണ്ട് വര്‍ഷം കൊണ്ട് ഉജജ്ജയിനി എഴുതി തീര്‍ത്ത എന്‍ എസ് പ്രകാശ് കൊട്ടിഘോഷിക്കപ്പെട്ടേക്കില്ല. പക്ഷെ നാടകാന്തം കവിത്വം എന്ന ചൊല്ലിന് അര്‍ത്ഥപൂര്‍ണ്ണത നല്‍കികൊണ്ട്, അഭിനേതാവ്, സംവിധായകന്‍, രചയിതാവ് എന്നീ അനുഭവ ജ്ഞാനങ്ങളിലൂടെ കടന്നു വന്നാണ് സര്‍ഗ്ഗ സപര്യയുടെ നാടകാന്തത്തില്‍ എന്‍ എസ് പ്രകാശ് ഉജജ്ജയിനിയുടെ നാടകരചന പൂര്‍ത്തിയാക്കിയത്. ഇത് ക്രാന്തദര്‍ശിയായ ഒഎന്‍വി എന്ന കാവ്യാചാര്യന്റെ ഉള്‍ക്കാഴ്ചയുള്ള കാവ്യബിംബങ്ങളുടെ ദൃശ്യപുനരാവിഷ്‌ക്കാരമാകുന്നു എന്നത് ഈ സൃഷ്ടിയുടെ ചൈതന്യത്തെ ‘വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന’ ബഷീറിയന്‍ വിശേഷണത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു.
എപ്പിക് ഡ്രാമയുടെ ശൈലീപരമായ സവിശേഷതകളും നവനാടക ദൃശ്യബോധത്തിന്റെ അനന്ത സാധ്യതകളും ഈ നാടകകൃതി മുന്നോട്ട് വയ്ക്കുന്നുണ്ട്. തികഞ്ഞ രംഗബോധമുള്ള നാടക രചയിതാക്കളില്‍ മാത്രം കാണുന്ന രംഗദൃശ്യ സൂചികകളും കഥാപാത്രങ്ങളുടെ സൂക്ഷ്മ ചലനങ്ങളെ കുറിച്ചുള്ള കുറിപ്പും ധ്വനി പാഠത്തിന്റെ കരുത്തും ഉജ്ജയിനി എന്ന നാടകകൃതി കാഴ്ചയുടെ പുഴപോലെ നമ്മളിലേക്ക് ഒഴുകി എത്തിക്കുന്നു. സങ്കേതങ്ങള്‍ ഏതുമായി കൊള്ളട്ടെ ജനകീയ സംവേദത്തിന് ഉതകുന്നതായിരിക്കണം നാടകമെന്ന് എന്‍ എസ് പ്രകാശ് ഉജ്ജയിനിയിലൂടെ പറയാതെ പറയുന്നു. വായനാ ശേഷം, വിടപറയുമ്പോള്‍… ഗോപാലകൃഷ്ണനണ്ണന്റെ ഓര്‍മ്മ ദിനമായ ഫെബ്രുവരി 20ന് നാടകാവതരണത്തിന്റെ പ്രായോഗിക കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളിലും സാംസ്‌കാരിക പ്രബുദ്ധതയിലും ഉറച്ച്‌നിന്ന് നിസ്വവര്‍ഗ്ഗത്തിനായി ജീവിതം ഉഴിഞ്ഞു വച്ച തോപ്പില്‍ ഗോപാലകൃഷ്ണന്റെ പത്ത് വര്‍ഷങ്ങളിലെ ഓര്‍മ്മ കൂട്ടായ്മകളിലെല്ലാം പുഷ്പാര്‍ച്ചന മുതല്‍ സാംസ്‌കാരിക അവതരണം വരെ ഒപ്പമുണ്ടാകുമായിരുന്നു പ്രകാശേട്ടനും സംവിധായകലയുടെ പെരുന്തച്ചനായിരുന്ന അജയനമ്മാവനും. ചിരസ്മരണകളുടെ ഈ 11-ാം വര്‍ഷത്തില്‍ ഒത്തുകൂടാന്‍ ഈ രണ്ട് സര്‍ഗ്ഗ സാന്നിധ്യങ്ങള്‍ നമുക്കൊപ്പമില്ല. കടന്നുപോയ ഓര്‍മ്മ വര്‍ഷങ്ങളില്‍ അര്‍ത്ഥയുക്തവും മനോഹരവുമായ നാടകങ്ങളിലൂടെ അരങ്ങും മനസ്സും ഉണര്‍ത്തിയിരുന്ന പ്രിയപ്പെട്ട പ്രകാശേട്ടനും, റാഫി കാമ്പിശ്ശേരിയും, തോപ്പില്‍ സോമനും വള്ളിക്കുന്നത്തെ സാംസ്‌കാരിക പ്രബുദ്ധതയുള്ള സഹയാത്രികരും വിപ്ലവവീര്യങ്ങളുറങ്ങുന്ന തോപ്പില്‍ തറവാട്ടിന്റെ മണ്ണില്‍ ഒത്തുകൂടിയിരുന്നു. അനശ്വരനായ കാമ്പിശ്ശേരി കരുണാകരന്റെ ‘അളിയന്‍ വന്നത് നന്നായി’ എന്ന കഥ അവലംബിച്ചൊരുക്കിയ റിയലിസ്റ്റിക് നാടകത്തില്‍ തോപ്പില്‍ ഭാസിയും ,കാമ്പിശ്ശേരിയും തമ്മിലുള്ള സൗഹൃദ പച്ചയേയും പ്രമേയത്തിലെ ആക്ഷേപ ഹാസ്യത്തിന്റെ ഉള്‍ക്കരുത്തിനെ കുറിച്ചും സൂത്രധാരനായി വന്ന് സംഭാഷണ ചാതുര്യത്തിന്റെയും ഭാവപ്രകാശനത്തിന്റെയും മിഴിവോടെ എന്‍ എസ് പ്രകാശ് എന്ന അഭിനേതാവ് അരങ്ങത്ത് ആടി തിമിര്‍ത്തത് മനസ്സില്‍ നിന്ന് മായുന്നില്ല.…
കമ്മ്യുണിസ്റ്റ് ബോധങ്ങളില്‍ തളിര്‍ക്കുന്ന സര്‍ഗ്ഗാത്മകതയുടെ ഇടങ്ങളില്‍ നീതിയുക്തമായ ഇടപെടലുകളിലൂടെയാണ് എന്‍ എസ്സ് പ്രകാശ് സഞ്ചരിച്ചത്. ചരിത്ര പാരമ്പര്യത്തിന്റെ വെള്ളി വെളിച്ചത്തില്‍ നിലകൊള്ളുന്ന നമ്മുടെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ ഈ പ്രതിഭക്ക് ഇടം നല്‍കിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന കലാരൂപമാണ് നാടകം. ഓണാട്ടുകരയുടെ പ്രതിഭാധനരുടെ പ്രത്യയശാസ്ത്ര ബോധത്തിന്റെയും സര്‍ഗ്ഗാത്മകതയുടേയും ഉള്‍ക്കരുത്തോടെ പുരോഗമന കേരളത്തിന്റെ ജനാധിപത്യ ബോധത്തെ കെപിഎസി എന്ന മഹത്തായ നാടക പ്രസ്ഥാനം ഉഴുതു മറിച്ചു എന്നത് ചരിത്ര സത്യം.
അവരുടെ പിന്മുറക്കാര്‍ നാടക കലയുടെ സാധ്യതകളിലൂടെ പുതിയ ലോകത്തെ ജനനന്മയ്ക്കായി നിര്‍മിച്ചെടുക്കാന്‍ മുന്നോട്ട് വരുമ്പോള്‍ ആ ആവേശങ്ങളെ പുറമ്പോക്കിലേക്ക് വലിച്ചെറിയുന്നതിന്റെ അപചയം ഒടുവില്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് അതത് കാലത്ത് സാംസ്‌കാരിക സ്ഥാപനത്തെ നയിച്ചവരായിരിക്കും. എന്‍ എസ്സ് പ്രകാശിനെ പോലുള്ള പ്രതിഭകള്‍ കാലത്തോടും സമൂഹത്തോടും പറയാനുള്ളത് മുന്നേ പറഞ്ഞു കടന്നു പോകും. തികഞ്ഞ കമ്മ്യൂണിസ്റ്റ് ബോധത്തിലും മാനവികതയിലും അടിയുറച്ച് നിന്ന്, പ്രസ്ഥാനത്തിനൊപ്പം സാംസ്‌കാരികതയുടെ അരിക് ചേര്‍ന്ന് നടന്നു പോയവരോട് ജീവിച്ചിരിക്കുമ്പോള്‍ നീതികാണിച്ചില്ലെങ്കില്‍, ആ ഓര്‍മ്മകള്‍ നമുക്ക് നല്‍കുന്നത് കുറ്റബോധത്തിന്റെ നോവായിരിക്കും. കാരണം അവര്‍ കാലത്തിനപ്പുറത്തേക്ക് നീതിബോധത്തിന്റെ സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ തീര്‍ത്താണ് കടന്നു പോയതെന്ന് ബഹുജനങ്ങള്‍ തിരിച്ചറിയും. അഭിനേതാവ്, രചയിതാവ്, സംവിധായകന്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം എന്നീ നിലകളില്‍ എന്‍ എസ് പ്രകാശ് തന്റെ സര്‍ഗ്ഗ ചൈതന്യം കാലത്തിനപ്പുറത്തേക്ക് അടയാളപ്പെടുത്തിയാണ് വിടപറഞ്ഞത്.
നല്ലവീട്ടില്‍ ശങ്കരന്‍നായരുടേയും സ്‌നേഹലതാമ്മയുടെയും ഏഴുമക്കളില്‍ ഇളയ മകനായി 1954-ല്‍ ഇലിപ്പകുളത്താണ് എന്‍ എസ് പ്രകാശ് ജനിച്ചത്. വേലിയത്ത് ഗോപാലകൃഷ്ണപിള്ള, ചെറുശ്ശേരില്‍ വിജയകുമാര്‍ എന്നിവരില്‍ നിന്നും നാടകകലയുടെ ആദ്യപാഠങ്ങളറിഞ്ഞു. തുടര്‍ കലായാത്രയില്‍ വഴിവെളിച്ചവും മാനസഗുരുവുമായി നിന്നത് നാടകം സാമൂഹ്യ മാറ്റത്തിനുള്ള ചാലകശക്തിയാക്കി തീര്‍ന്ന സാക്ഷാല്‍ തോപ്പില്‍ ഭാസി. രംഗവേദികളില്‍ പകര്‍ന്നാട്ടങ്ങളിലൂടെ പ്രകാശപൂരിതമായ എന്‍ എസിന്റെ കഥാപാത്ര വൈവിധ്യങ്ങള്‍ നിരവധിയുണ്ട്. കായങ്കുളം എം.എസ്.എം കോളജില്‍ ആര്‍ട്‌സ് ക്ലബ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട മിടുക്കനായ വിദ്യാഥിയായിരുന്നു എന്‍ എസ് പ്രകാശ്. കലാലയ പഠനശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും പഞ്ചായത്ത് സെക്രട്ടറിയായും പ്രവര്‍ത്തിക്കുമ്പോഴും അരങ്ങിലും സംസ്‌കാരികതയ്ക്കുമായി നേരം കണ്ടെത്തിയിരുന്നു എന്‍ എസ് ശ്രീമൂലനഗരം വിജയന്‍ എഴുതിയ ‘തടാകം’ എന്ന നാടകത്തില്‍ ഡോക്ടറായി അഭിനയിക്കുമ്പോള്‍ എന്‍ എസിന്റെ പ്രായം 18.
തുടര്‍ന്ന് ഒരുവിളിക്കാലം അകലെ, കാവ്യം, പൊന്നുതമ്പുരാന്‍ തിരുമനസ്സ്, ദൗത്യം,അശ്വതി എന്റെ അനുജത്തി, ജാലിയന്‍ വാലാബാഗ്, സെക്യൂരിറ്റി, ഗാര്‍ഡ്, അടിമ, പ്രമാണി,ഗുരുകുലം, അലക്കുകല്ല് എന്നീ നാടകങ്ങള്‍ കേരളത്തിലെ പ്രൊഫഷണല്‍ നാടക സംഘങ്ങളിലൂടെ മികവാര്‍ന്ന ചാതുര്യത്തോടെ എന്‍ എസ് പ്രകാശ് അവതരിപ്പിച്ചു. തകഴിയുടെ ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞിനെ രംഗവേദിയില്‍ പകര്‍ന്നാടി 1995 ലെ സംസ്ഥാന പുരസ്‌കാരത്തിന് ഈ അഭിനയ പ്രതിഭ അര്‍ഹനായി. ഏണിക്കല്ല്, ഏണിപ്പടികള്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ച് തകഴിയുടെ പ്രശംസയ്ക്ക് അര്‍ഹനായത് അഭിനയ ജീവിതത്തിന്റെ ഇന്ധനമായി എന്നും മനസ്സില്‍ കൊണ്ടു നടന്നിരുന്നു എന്‍ എസ് കുറച്ചു വര്‍ഷം മുമ്പേ തോപ്പില്‍ ഭാസി തീയറ്ററിനായി തോപ്പില്‍ ഭാസിയുടെ ആദ്യ നാടകമായ മുന്നേറ്റത്തിന്റെ സാക്ഷാത്കാരം ഒരുക്കിയതും എന്‍ എസിന്റെ സര്‍ഗ്ഗാത്മകതയുടെ പൊന്‍തൂവലിലുണ്ട്.
ഓര്‍മ്മകളും ചിന്തകളും തിരികെ എത്തും നേരം ചിതയിലെ തീനാളങ്ങള്‍ ഇപ്പോഴും കനലായി എരിയുകയാണ്. നാടകാനുഭവങ്ങള്‍ നല്‍കിയ നോവുകളുടെ വെയില്‍ വഴിയില്‍ വേര്‍പാടിന്റെ വേദനയുമായി നില്‍ക്കുമ്പോള്‍, ചിതയിലെ തീനാളങ്ങളെ സാക്ഷി നിര്‍ത്തി ഈയുള്ളവന് പറയുവാന്‍ ഇത്ര മാത്രം. ഉജ്ജയിനിയില്‍ താങ്കള്‍ അര്‍പ്പിച്ച സര്‍ഗ്ഗാത്മകതയുടെ ആകാശത്തിന് രംഗഭാഷയുടെ മഴവില്ല് തീര്‍ക്കുവാന്‍ താങ്കള്‍ വിശ്വസിച്ച പുരോഗമന പ്രസ്ഥാനമുണ്ട്. താങ്കള്‍ ആത്മാര്‍പ്പണം കൊണ്ട് ഒരുക്കൂട്ടിയ നാടക കൂട്ടായ്മയിലെ പ്രിയപ്പെട്ട ചങ്ങാതിമാരുണ്ട്, അവര്‍ക്കൊപ്പം ദൃശ്യ കല്‍പനകളുടെ രംഗഭാഷ ചമയ്ക്കാന്‍ താങ്കള്‍ വിശ്വാസപൂര്‍വ്വം ദൗത്യമേല്‍പിച്ച ഈയുള്ളവനുമുണ്ട്. ഒഎന്‍വി എന്ന സര്‍ഗ്ഗ സൂര്യനേയും എന്‍ എസ് പ്രകാശ് എന്ന നീതിബോധമുള്ള കലാകാരനേയും നാടകമെന്ന സ്‌നേഹഭൂമികയേയും നെഞ്ചേറ്റുന്നവന്‍. മാറ്റി നിര്‍ത്തപ്പെടുന്ന ഇടങ്ങള്‍ക്കപ്പുറത്തേയ്ക്ക് മാറ്റങ്ങളായി പടരണമെന്ന് നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങള്‍ പഠിപ്പിച്ചവന്‍.

ലേഖകന്‍ നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.