Janayugom Online
Drama

പ്രളയാനന്തരം നാടകം

Web Desk
Posted on September 16, 2018, 1:51 am

പ്രളയദുരിതമേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങളില്‍ ആശങ്കപ്പെടുന്ന വര്‍ത്തമാന പ്രൊഫഷണല്‍ നാടകരംഗത്തെ കുറിച്ചൊരു പ്രത്യാലോചന

അജിത് എസ് ആര്‍

മുന്‍പ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകളേക്കാള്‍ പണിയെടുത്തിരുന്ന ഒരേയൊരു വിഭാഗം സിഐഎ ഏജന്റുമാരായിരുന്നു. രണ്ടാള്‍ക്കും ലക്ഷ്യം രണ്ടായിരുന്നു. എന്ന് മാത്രം. ഒട്ടേറെ പ്രസ്ഥാനങ്ങള്‍, ഭരണാധികാരികള്‍, വിപ്ലവകാരികള്‍, ആത്മീയ നേതാക്കള്‍ ഒക്കെയും സിഐഎയുടെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ടിട്ടുണ്ട്. ആയവരെയൊക്കെയും ഉന്‍മൂലനം ചെയ്ത് ഖ്യാതി നേടിയവരാണ് വിഖ്യാതരായ ഈ അമേരിക്കന്‍ ചാരസംഘടന. വിമോചന സമരകാലത്ത് സിഐഎ കേരളത്തിന് നല്‍കിയ സംഭാവനയും ഇവിടുത്തെ ജാതിമത കോമരങ്ങള്‍ക്ക് വിലമതിക്കാനാവാത്തതാണ്. എന്നാല്‍ രസകരമായ സംഗതി ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെക്കുറിച്ച് സിഐഎ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ കേരളമെന്ന ‘തെക്കന്‍കീറ്’ എങ്ങനെ ചുകചുകപ്പനായി എന്നതിന്റെ കാരണമായി പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ ആയിരുന്നില്ല. മറിച്ച് ഒരു കലാരൂപത്തെയായിരുന്നു.

ningalenne communistaakki (1)

അത് മറ്റൊന്നുമായിരുന്നില്ല, ഒരു പ്രൊഫഷണല്‍ നാടകമായിരുന്നു. കെപിഎസിയുടെ ‘നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം. കല കലിയുടെ കണ്ണില്‍ പ്രതിയാകുന്ന കലികാലം!
ഒരു നാടകം കേരളത്തെ പുതുക്കി പണിഞ്ഞതിന്റെ ചരിത്രം കൂടിയാണ് ആധുനിക മലയാളിയുടെ ഉണ്‍മ എന്ന് ചുരുക്കം. ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’, ‘ഋതുമതി’, ‘മറക്കടക്കുള്ളിലെ മഹാനരകം’ തുടങ്ങിയ നാടകത്രയവും ‘പാട്ടബാക്കി‘യും ‘കൂട്ടുകൃഷി‘യുമൊക്കെ ഉഴുതിട്ട മണ്ണിലാണ് ‘കമ്മ്യൂണിസ്റ്റാക്കി‘യെ പോലുള്ള പ്രൊഫഷണല്‍ നാടകങ്ങള്‍ വെള്ളം തേടിയതും വേരുകള്‍ ആഴ്ത്തിയതും. പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളുടെ സുവര്‍ണകാലമായി. അടവച്ച് വിരിയിക്കുംപോലെ നാടകങ്ങള്‍ അമ്പലപ്പറമ്പുകളില്‍ വിരിഞ്ഞിറങ്ങി. നാടകവണ്ടികള്‍ തെക്കുവടക്ക് പാഞ്ഞു. പച്ചമനുഷ്യന്റെ ജീവിതസമസ്യകളില്‍ നിന്നും അരങ്ങുകള്‍ പറന്നുപൊങ്ങി. ശ്വാസം പിടിച്ചും, ദീര്‍ഘിപ്പിച്ചും ഇടക്കൊന്നു വിട്ടും പ്രൊഫഷണല്‍ നാടകങ്ങള്‍ മൈക്ക് വിഴുങ്ങി ജീവിച്ചു. ദുരമേദസിന്റെ ഭാരം താങ്ങാനാവാതെ പ്രൊഫഷണല്‍ നാടകങ്ങള്‍ പിറന്നിടത്തു തന്നെ പിടഞ്ഞു വീണതും നമ്മള്‍ കണ്ടു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രൊഫഷണല്‍ നാടകങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രമേയങ്ങളുടെ ആവിഷ്‌കാരം, യുവപ്രതിഭകളുടെ കടന്നുവരവ്, സാങ്കേതിക മികവ്, ആരോഗ്യകരമായ മത്സരം തുടങ്ങിയ ചില കാരണങ്ങള്‍ കൊണ്ട് നാടകങ്ങള്‍ മലയാളക്കരയില്‍ വീണ്ടും സജീവമായി. പുരോഗമനകാലം മുതല്‍ക്കേ നെഞ്ചില്‍ കൂടുകൂട്ടിയ നാടകം തിരിച്ചുവന്നതില്‍ മലയാളിയും സന്തുഷ്ടനായി.

Adukkalayil ninnum arangathekku (1)

ആശങ്കകള്‍ പെയ്‌തൊഴിയാതെ
അരങ്ങില്‍ നിന്നും അരങ്ങുകളിലേക്ക് നാടകവണ്ടികള്‍ ഇരമ്പിപ്പായേണ്ട കാലമാണിത്. എന്നാല്‍ നാടകവഴികളില്‍ ഇന്ന് നിറയെ വെള്ളവും ചളിയുമാണ്. കഴുത്തൊപ്പം മുങ്ങിപ്പോയ കേരളം കരകയറി വരുന്നേയുള്ളൂ. പ്രളയകാലത്തിന്റെ മുന്നനുഭവമില്ലാത്ത കേരളത്തിന് ആഗസ്തിലെ മലവെള്ളപ്പാച്ചില്‍ സമ്മാനിച്ച കെടുതികള്‍ മുന്‍മാതൃകയില്ലാത്തവിധം മാരകമായിരുന്നു. ജീവിതത്തിന്റെ എല്ലാ വഴികളിലും വെള്ളം ഇരച്ചുപൊന്തിയതില്‍ പതറിപ്പോയ മലയാളി മനസ്സ് ഇന്ന് വീണ്ടെടുക്കലിന്റെയും വീണ്ടുവിചാരത്തിന്റെയും പാതയിലാണ്. അതിന്റെ തിരക്കില്‍ ഇനിയും വെള്ളപ്പൊക്കത്തിന്റെ മുറിവുകള്‍ ഇറങ്ങിപ്പോകാന്‍ പേടിച്ചുനില്‍ക്കുന്ന പ്രൊഫഷണല്‍ നാടകരംഗത്തെ പറ്റി ആരും ആലോചിക്കുന്നേയില്ല.

 

Paattabaakki

എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളോടെ നാടകങ്ങള്‍ എഴുതി തീര്‍ക്കുകയും ക്യാമ്പുകള്‍ സജീവമാവുകയും ചെയ്തിരുന്നു. ഫീല്‍ഡിലെ ‘പുലി‘കളെ ശേഷിക്കനുസരിച്ച് സമിതിക്കാര്‍ കൈക്കലാക്കുകയും ക്യാമ്പുകള്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ സജീവമാകുകയും പുതിയ വര്‍ഷത്തെ നാടകത്തിന്റെ പോസ്റ്ററുകള്‍ പ്രിന്റ് ചെയ്ത് ഓണക്കളികള്‍ക്ക് തയ്യാറെടുത്തിരിക്കുകയും നിരവധി പ്രോഗ്രാമുകള്‍ ബുക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്ന സമയത്താണ് അശനിപാതം പോലെ വര്‍ഷപാതം ചതിച്ചത്. ബുക്ക് ചെയ്ത നാടകങ്ങളൊന്നും ഇതുവരെ കളിക്കാനായിട്ടില്ല. ഓണത്തിന് അരങ്ങ് കാണാനായി ത്സടുതിയില്‍ തയ്യാറാക്കിയ നാടകങ്ങള്‍ക്കും റിഹേഴ്‌സലിനുമായി ലക്ഷങ്ങളാണ് സമിതി ഉടമയ്ക്ക് ചെലവായത്. മഴകാരണം ഒരിടത്തുപോലും കളിക്കാനായില്ല. ആരു നികത്തും ഈ നഷ്ടം?
ഓണക്കാലത്തെ നാടകപരിപാടികള്‍ ഭൂരിഭാഗവും നാട്ടിന്‍പുറങ്ങളിലെയും ക്ലബ്ബുകളാണ് നടത്തിവരുന്നത്. ക്ലബ്ബ് ഭാരവാഹികള്‍ മുഴുവന്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. നാടകം ബുക്ക് ചെയ്ത് നോട്ടിസ് വരെ അച്ചടിച്ച് തയ്യാറെടുത്ത് നിന്നവര്‍ പോലുമുണ്ട്. പിരിച്ചുകിട്ടിയ തുക മുഴുവന്‍ ദുരിതാശ്വാസത്തിന് ചെലവാക്കിയ ക്ലബ്ബുകളുമുണ്ട്. സാധാരണഗതിയില്‍ ഒരു നാടകസമിതിക്ക് ശരാശരി അഞ്ചു മുതല്‍ 15 സ്റ്റേജുകള്‍ വരെ ഓണക്കാലത്ത് കിട്ടിവരാറുണ്ട്. ഉത്സവകാലത്ത് ഇടതടവില്ലാതെ അരങ്ങുകളില്‍ പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഓണക്കളികള്‍. അത് നഷ്ടപ്പെട്ടതോടെ വലിയ ആശങ്കയിലാണ് പ്രൊഫഷണല്‍ നാടകപ്രവര്‍ത്തകര്‍.
വെള്ളം വരുത്തിവച്ച വറുതി പ്രൊഫഷണല്‍ നാടകരംഗത്തെ ഉടന്‍ വിട്ടൊഴിയുമെന്ന് കരുതാനും വയ്യ. സംസ്‌കാരികാന്തരീക്ഷം നിലവിലുള്ളപ്പോള്‍ ഈ വര്‍ഷത്തെ ഉത്സവകാലം എത്രകണ്ട് പ്രൊഫഷണല്‍ നാടകത്തിന് അനുകൂലമാകുമെന്ന് കരുതുക വയ്യ. നവംബര്‍ പകുതിയോടെയാണ് ഉത്സവപറമ്പുകളില്‍ നാടകങ്ങള്‍ അരങ്ങേറി തുടങ്ങുക എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ അടുത്ത വര്‍ഷം ജനുവരി മാസം വരെ ഫുള്‍ ബുക്കിംഗ് ആയ സമിതികളുമുണ്ടായിരുന്നു. എന്നാല്‍ ആ സമിതികള്‍ക്ക് പോലും ഇത്തവണ ഇത്രയുമായിട്ടും അഞ്ച് സ്റ്റേജുകള്‍ മാത്രമാണ് ബുക്ക് ചെയ്തിട്ടുള്ളത്.
സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് ‘പള്ളിക്കളികള്‍’ എന്നറിയപ്പെടുന്ന നാടകകാലം. കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ കഴിഞ്ഞ കുറെകാലമായി നടകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പുലര്‍ത്തി വരികയായിരുന്നു. പല പള്ളികളും നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളായിരിക്കെ പലയിടങ്ങളിലും പ്രവര്‍ത്തകര്‍ ദുരന്ത അനന്തര പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കെ ഇത്തവണത്തെ പള്ളിക്കളികള്‍ എങ്ങനെയാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

KPAC_Office_Kayamkulam (2)

ഉത്സവകാലം തുടങ്ങുന്നതിന് മുമ്പുള്ള ഈ സമയത്താണ് നാടകോത്സവങ്ങളും നാടകമേളകളും അരങ്ങ് തകര്‍ക്കാറ് പതിവ്. മത്സരങ്ങളായും പ്രദര്‍ശനങ്ങളായും അരങ്ങേറുന്ന സ്ഥലമാണിവിടം. മത്സരങ്ങളില്‍ വിളയിക്കുന്ന നാടകങ്ങള്‍ക്ക് അവിടെ വച്ചുതന്നെ നിരവധി ബുക്കിംഗുകള്‍ ലഭിക്കാറുണ്ട്. മത്സരമില്ലാത്ത മേളകളാവട്ടെ നാടകത്തിന്റെ ‘കമ്പോള‑ചന്ത’കളാണ്. പങ്കെടുക്കുന്ന നാടകങ്ങളുടെ മേന്‍മയനുസരിച്ച് അവയും മുഖം നോക്കാതെ ബുക്ക് ചെയ്യപ്പെടാറുണ്ട്. അതു ഇത്തവണ മുടങ്ങിയിരിക്കുകയാണ്.
ചുരുക്കത്തില്‍ ഈ സീസണ്‍ പ്രൊഫഷണല്‍ നാടകങ്ങളുടെ കരികാലമാണ്. നൂറോളം സമിതികള്‍. അവയില്‍ പ്രത്യക്ഷത്തില്‍ പങ്കുചേരുന്ന 2000 ത്തോളം കലാകരന്മാരും സാങ്കേതിക പ്രവര്‍ത്തകരും. അതുകൂടാതെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനവധി. നടപ്പുനിലയനുസരിച്ച് ഒരു നാടകം പൂര്‍ത്തീകരിച്ച് അവതരിപ്പിക്കുന്നതിന് ഏകദേശം അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെ ചിലവ് വരും. അങ്ങനെ നോക്കുമ്പോള്‍ കോടികളുടെ മൂലധനമാണ് ഇക്കൊല്ലവും നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. സാധ്യതയാവട്ടെ മുന്‍കൊല്ലങ്ങളിലൊന്നുമില്ലാത്തത്ര പ്രതികൂലവും.
സമ്പത്ത് മാത്രം കൊണ്ട് അളക്കേണ്ടതല്ല കേരളത്തിന്റെ പ്രൊഫഷണല്‍ നാടകമൂല്യം. അഭിനിവേശം ഒന്നുകൊണ്ട് മാത്രം അഭിനയിക്കാന്‍ വരുന്ന കലോപാസകര്‍, അരി മേടിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അരങ്ങ് കയറുന്നവര്‍, നാടകത്തോടുള്ള ഗൗരവം കൊണ്ടും പാരമ്പര്യം കൊണ്ടും സമിതി കൊണ്ടുനടക്കുന്നവര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങളാണ് മലയാള പ്രൊഫഷണല്‍ നാടകത്തിനുള്ളത്. പിന്തിരിപ്പനായിരുന്ന മലയാളിയെ പുരോഗമനാശയങ്ങള്‍ കൊണ്ട് നേരെ നിര്‍ത്തിയ ചരിത്രഗാഥ കൂടി ചേര്‍ത്താണ് പ്രൊഫഷണല്‍ നാടക അരങ്ങിന്റെ തിരശീല നാം ഉയര്‍ത്തി നിര്‍ത്തുന്നത്. വെറും ഒരു വര്‍ഷത്തെ ഇടിവ് കൊണ്ട് നമുക്ക് നേരിടേണ്ടി വരുന്ന നാടകനഷ്ടം വളരെ വലുതായിരിക്കും. പിന്നീടൊരിക്കലും തിരിച്ചുപിടിക്കാനാവാത്തവിധം തുകയിറക്കി ഈ വര്‍ഷത്തെ നാടകം സെറ്റു ചെയ്തവര്‍ക്ക് മുന്നിലെ ഒരു പ്രതിസന്ധി പരിഹരിക്കേണ്ട ധാര്‍മ്മിക ചുമതല മലയാളിക്കുണ്ട്. എന്ത് ചെയ്യാനാവുമെന്ന് ഒരുമിച്ച് തീരുമാനിക്കാം. മഹാപ്രളയത്തില്‍ നിന്ന് ഒരുമിച്ച് കരകയറിയപോലെ.