കോട്ടയം ജാനമ്മ തനിച്ചാണ്

Web Desk
Posted on June 30, 2019, 10:00 am

സന്ദീപ് രാജാക്കാട്

സ്ത്രീകള്‍ അരങ്ങിലേയ്‌ക്കെത്താന്‍ മടിക്കുന്ന കാലത്ത് ജീവിത പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ നിന്നും കരകയറുവാന്‍ തുടിയ്ക്കുന്ന യൗവ്വനം കലയ്ക്ക് വേണ്ടി സമര്‍പ്പിച്ച പ്രശസ്ത നാടക നടി കോട്ടയം ജാനമ്മയെന്ന അമ്മ ഇന്ന് വാര്‍ദ്ധക്യത്തില്‍ അനാഥത്വം പേറി ഇടുക്കി കുരുവിളാ സിറ്റിയിലെ ഗുഡ് സമരിറ്റണ്‍ ആതുരാശ്രമത്തിലെ അന്തേവാസിയാണ്. കലയോടുള്ള പ്രണയവും ജീവിക്കാനുള്ള കൊതിയുമായിരുന്നു ജാനമ്മയെ നാടക ലോകത്തിലേയ്ക്ക് എത്തിച്ചത്.
കോട്ടയം ഏറിയാട് കോടമത്ത് കുഞ്ഞിക്കൊച്ചിന്റേയും ചിന്നമ്മയുടേയും മകളായ ജാനമ്മ അച്ഛന്റെ മരണശേഷം കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് നാടക രംഗത്തേയ്ക്ക് എത്തിയത്. അക്കാലത്ത് സ്ത്രീകള്‍ അധികം ഈ രംഗത്തേയ്ക്ക് എത്തിയിട്ടില്ല. 1974–75 കാളഘട്ടത്തിലാണ് നാടരംഗത്തെത്തുന്നത്. പ്രശസ്ത സിനിമാ താരം ആലുംമൂടന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ചങ്ങനാശേരി ‘അണിയറ തീയേറ്റേഴ്‌സിലെ’ പ്രഥാന നടിയയിട്ടാണ് രംഗപ്രവേശം. ഉണ്ണിയാര്‍ച്ച ആയിരുന്നു ആദ്യ നാടകം. തുടര്‍ന്ന് അശ്വമേധം, ജ്ഞാനസുന്ദരി, ആരെടാ വലിയവന്‍ തുടങ്ങിയ ഹിറ്റ് നാടകങ്ങളില്‍ പ്രധാനപ്പെട്ട വേഷമിട്ടു. ഒരിക്കല്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡും കിട്ടി. ഉണ്ണിയാര്‍ച്ചയിലെ മികവുറ്റ അഭിനിയത്തിനായിരുന്നു അവാര്‍ഡ്. ഇതോടൊപ്പം ഇടുക്കി ഹൈറേഞ്ചിലെ ഒരു നാടക വേദിയില്‍ വച്ച് അഭിനയ മികവ് കണ്ട് ഗാനഗന്ധര്‍വന്‍ യേശുദാസും ജാനമ്മയെ ഉപഹാരം നല്‍കി അന്ന് ആദരിച്ചിരുന്നു. ഇങ്ങനെ ജനഹൃദയങ്ങളെ കീഴടക്കി മുന്നേറിയ ജാനമ്മയെ നാടക നടന്‍കൂടിയായ വാസുദേവന്‍ വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം ഇവര്‍ ഒരുമിച്ചായിരുന്നു നാടക വേദികളില്‍ വേഷമിട്ടിരുന്നത്.

പതിനൊന്ന് വര്‍ഷത്തോളം അഭിനയ രംഗത്ത് ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും ഇവര്‍ക്ക് ജനിച്ചു. ഭര്‍ത്താവിന്റെ വിയോഗത്തോടെ നാടകരംഗം വിട്ട ഈ അമ്മയുടെ പിന്നീടുള്ള ജീവിതം മക്കള്‍ക്കും കുടുംബത്തിനും വേണ്ടി മാത്രമായിരുന്നു. മക്കള്‍ വിവാഹിതരായതോടെ കോട്ടയത്ത് ഉണ്ടായിരുന്ന സ്ഥലവും വീടും വിറ്റ് വീതംവച്ചു നല്‍കി. ഒരു മകനൊപ്പം രാജകുമാരിയിലേയ്ക്ക് താമസം മാറ്റി. അഭിനയമായിരുന്നു തൊഴിലെങ്കിലും ജീവിതത്തില്‍ അഭിനയിക്കാന്‍ മറന്നുപോയ ഈ അമ്മയ്ക്ക് ഇവര്‍ക്കൊപ്പം സ്വസ്ഥമായി തുടരാനായില്ല. ഇതോടെ മറ്റുമാര്‍ഗമില്ലാതെ കുളപ്പാറച്ചാലില്‍ ഫാദര്‍ ബെന്നി ഉലഹന്നാന്‍ ഡറക്ടറായ ‘ഗുഡ് സമരിട്ടണ്‍’ ആതുരാശ്രമത്തില്‍ അഭയം തേടി. മൂന്നര വര്‍ഷമായി ഇവിടുത്തെ അന്തേവാസികള്‍ക്കൊപ്പം പഴയ വേദനകളും ദുരിതങ്ങളും പങ്കുവച്ചും, പാട്ടുകള്‍ പാടി സന്തോഷിപ്പിച്ചും ആടിത്തീര്‍ക്കാനുള്ള നാളെകളെക്കുറിച്ച് ആകുലതകളിലാതെ കഴിയുകയാണീ അമ്മ.

പ്രായാധിക്യത്താല്‍ പലതും ഓര്‍മ്മിച്ചെടുകാന്‍ പ്രയാസമാണ്. വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ ബാധിച്ചപ്പോള്‍ പ്രീയപ്പെട്ടവര്‍ വഴിയില്‍ ഉപേക്ഷിച്ച് പോയെങ്കിലും ആരോടും പരിഭവമില്ല. എങ്കിലും ഉള്ളിലൊരു വേദനയുണ്ട് അത് ജാനമ്മയുടെ വാക്കുകളില്‍ നിന്നും നമുക്ക് മനസിലാക്കാം.

”മക്കളൊന്നും ഇക്കാലത്ത് നോക്കൂല്ല സാറേ. സ്‌നേഹമെന്ന് പറയുന്നത് ഇല്ല. അപ്പന് അമ്മയോടില്ല. അമ്മയ്ക്ക് അപ്പനോടില്ല. മക്കള്‍ക്ക് പരസ്പര സ്‌നേഹമില്ല. പിന്നെ എനിക്കിപ്പോ അതൊരു തെറ്റായി തോന്നുന്നില്ല. എങ്ങോട്ട് നോക്കിയാലും ഇതേ കണാനുള്ളു. എന്നാല്‍ ചെലരൊക്കെ നോക്കുന്നുമുണ്ട്.” ഇത് പറഞ്ഞതിനൊപ്പം നാലുവരി നാടക ഗാനവും..
തലയ്ക്കുമീതേ ശൂന്യാകാശം താഴെ മരുഭൂമി..
തപസ്സുചെയ്യും വേഴാമ്പല്‍ ഞാന്‍..
ദാഹ ജലം തരുമോ..
ദാഹ ജലം തരുമോ.…

ജീവിതത്തിലെ ഒറ്റപ്പെടലിന്റെ വേദനകള്‍ മറക്കാന്‍ പതിനൊന്ന് വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ മതിയെന്നാണ് ജാനമ്മ പറയുന്നത്. നാടകത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് ജാനമ്മയ്ക്ക്. ഇന്ന് നാടകം കണ്ടിട്ട് ഒത്തിരിയായി. എങ്കിലും പഴയതുപോലുള്ള ഹൃദയ സ്പര്‍ശിയായ കഥകള്‍ ഇന്നില്ല. നല്ല നാടകങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ അതേറ്റെടുക്കുമെന്നും ജാനമ്മ പറയുന്നു. അഭിനയം ഇപ്പോഴും മനസ്സിലുണ്ട്.  ഇപ്പോ പ്രാമായില്ലേ. നല്ലൊരു നാടകം കാണണം എന്നാണ് ഇനിയുള്ള ആഗ്രഹം. ഒപ്പം ആലംമൂടന്‍ സാറിന്റെ മകനേയും.