Saturday
24 Aug 2019

10-ാമത് ദര്‍ശന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം നാളെ തുടങ്ങുന്നു

By: Web Desk | Sunday 21 October 2018 3:26 PM IST


കോട്ടയം : ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 10-ാമത് ദര്‍ശന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരവും സാംസ്‌കാരികോത്സവവും ഒക്‌ടോബര്‍ 22 മുതല്‍ 28 വരെ കോട്ടയം ദര്‍ശന സാംസ്‌കാരികകേന്ദ്രത്തില്‍ നടക്കും.
ഒക്‌ടോബര്‍ 22 തിങ്കള്‍ വൈകുന്നേരം 6.30ന് വടകര കാഴ്ച അവതരിപ്പിക്കുന്ന ‘ഓലപ്പുര’, 23 ചൊവ്വ കൊല്ലം അസ്സിസിയുടെ ‘ഓര്‍ക്കുക വല്ലപ്പോഴും’, 24 ബുധന്‍ സംസ്‌കൃതി, തിരുവനന്തപുരത്തിന്റെ ‘വൈറസ്’, 25 വ്യാഴം അമ്പലപ്പുഴ സാരഥിയുടെ ‘കപടലോകത്തെ ശരികള്‍’, 26 വെള്ളി തിരുവനന്തപുരം സംഘചേതനയുടെ ‘കടുകോളം വലുത്’, 27 ശനി പാലാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ‘സ്‌നേഹമേഘത്തുണ്ട്,’ 28 ്യൂഞായര്‍ ആവിഷ്‌ക്കാര കൊല്ലത്തിന്റെ ‘ അക്ഷരങ്ങള്‍’ എന്നിവയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന നാടകങ്ങള്‍. എല്ലാ ദിവസവും 6.15-ന് നാടകമാരംഭിക്കും. പ്രവേശനം സൗജന്യമാണ്.

22ന് വൈകുന്നേരം 5.30ന് പ്രശസ്ത നാടക സിനിമാനടന്‍ ബാബു നമ്പൂതിരി നാടകോത്സവം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ദര്‍ശന നാടകമേളയ്ക്ക് തുടക്കമിട്ട കോട്ടയം തിയറ്റര്‍ അക്കാദമി ചെയര്‍മാന്‍ ജയിംസ് മുകളേലിനെയും ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരിയെയും മുന്‍ എംഎല്‍എ വി എന്‍ വാസവന്‍ ആദരിക്കും.

23-ാം തീയതി മുതല്‍ നടക്കുന്ന സ്മൃതിദര്‍പ്പണ്‍ എന്ന പരിപാടിയില്‍ മലയാള നാടകവേദിയിലെ മണ്‍മറഞ്ഞ ഹാസ്യസാമ്രാട്ടുകളായിരുന്ന പ്രഗത്ഭമതികളായ എസ് പി പിള്ളയെ കെ ജയകുമാറും കടുവാക്കുളം ആന്‍രണിയെ രാജേഷ് പുതുമനയും ആലുംമൂടനെ ബിജി കുര്യനും വാണക്കുറ്റിയെ പോള്‍മണലിലും കോട്ടയം വത്സലനെ സി കെ ശശിയും അനുസ്മരിക്കും. നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ബാലന്‍ മേനോന്‍, വത്സമ്മ ജയിംസ്, വി ജോയി, സ്വപ്നം ബേബി, കോട്ടയം വര്‍ഗ്ഗീസ് എന്നിവരെ ഈ ദിവസങ്ങളില്‍ ആദരിക്കും.

28ന് വൈകുന്നേരം 5.30ന് നടക്കുന്ന എന്‍ എന്‍ പിള്ള ജന്മശതാബ്ദി സമ്മേളനം സുരേഷ്‌കുറുപ്പ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. രണ്ടാമത് എന്‍ എന്‍ പിള്ള സ്മാരക പ്രഭാഷണം ഡോ. മുഞ്ഞിനാട് പത്മകുമാര്‍ നടത്തും. പി ആര്‍ ഹരിലാല്‍ അനുസ്മരിക്കും. ചടങ്ങില്‍ സംവിധായകന്‍ മണികണ്ഠദാസിനെ ആദരിക്കും.

രചന, സംവിധാനം, അഭിനയം, അവതരണം തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച കലാകാരന്മാരെയും സമിതികളെയും കണ്ടെത്തുന്നതിനും അവര്‍ക്ക് അംഗീകാരമുദ്ര നല്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ഈ നാടകമത്സരത്തില്‍ മികച്ച നാടകത്തിന് 25,000 രൂപയും മുകളേല്‍ ഫൗണ്ടേഷന്റെ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 20,000 രൂപയും മികച്ച രചന, സംവിധാനം, സംഗീതം, നടന്‍, നടി, ഹാസ്യനടന്‍ , എന്നിവയ്ക്ക് 5000 രൂപ വീതവും സഹനടന്‍, സഹനടി, എന്നിവയ്ക്ക് 4000 വീതവും വിവിധ വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന പ്രത്യേക ക്യാഷ് അവാര്‍ഡും ഫലകവും നല്‍കും.

Related News