ജീവിത നാടകം

Web Desk
Posted on November 04, 2018, 11:12 am
കെ കെ ജയേഷ്

കെ കെ ജയേഷ്

ലയാളികള്‍ എന്നുമോര്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ ഒരുക്കിയ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. ദേവാസുരവും നന്ദനവും പ്രാഞ്ചിയേട്ടനും പോലുള്ള മനോഹര രചനകള്‍ നിര്‍വ്വഹിച്ച രഞ്ജിത്തിന്റെ രചനയിലെ മാന്ത്രിക സ്പര്‍ശം ഇടയ്‌ക്കെപ്പോഴോ നഷ്ടപ്പെട്ടു. ആറാംതമ്പൂരാന്‍, നരസിംഹം തുടങ്ങിയ വമ്പന്‍ വാണിജ്യവിജയങ്ങളൊരുക്കിയ രഞ്ജിത്ത് സവര്‍ണ്ണ പ്രത്യയശാസ്ത്രങ്ങള്‍ക്ക് കുടപിടിക്കുന്നു എന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്നാണ് കളം മാറ്റിച്ചവിട്ടിയത്. കൈയ്യൊപ്പ്, തിരക്കഥ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി തുടങ്ങിയ ലളിതസുന്ദരങ്ങളായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ സ്പിരിറ്റിന് ശേഷം പക്ഷെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വിദേശത്ത് ചിത്രീകരിച്ച കടല്‍ കടന്നൊരു മാത്തുക്കുട്ടിയും, ടി പി രാജീവന്റെ നോവലിനെ ആസ്പദമാക്കിയ ഒരുക്കിയ ഞാനും പരാജയപ്പെട്ടു. ആര്‍ ഉണ്ണിയുടെ ഏറെ ശ്രദ്ധേയമായ രചനയെ വെള്ളിത്തിരയിലേക്ക് പകര്‍ത്തിയ ലീലയും വേറിട്ട കാഴ്ചാനുഭവം ആയില്ല. വിജയം നേടിയെങ്കിലും ലോഹത്തിലും രഞ്ജിത്ത് സ്പര്‍ശം ഉണ്ടായിരുന്നില്ല. പുത്തന്‍ പണമാവട്ടെ പകുതിയ വരെ തരക്കേടില്ലാതെ പോയി പിന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടി അവസാനിച്ചു.
ഒരു തിരിച്ചുവരവിനുള്ള ശ്രമമാണ് രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം ഡ്രാമ. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയ്ക്ക് വലിയ വരവേല്‍പ്പൊന്നും കേരളത്തില്‍ ലഭിച്ചില്ല. കഴിഞ്ഞ രഞ്ജിത്ത് ചിത്രങ്ങളുടെ ഓര്‍മ്മയുള്ളതുകൊണ്ട് തന്നെ ലാല്‍ ചിത്രമായിട്ടും തിയേറ്ററില്‍ വലിയ ഓളമൊന്നും ഉണ്ടായിരുന്നില്ല. പകുതിയ്ക്ക് ശേഷം കാലിടറുന്ന സമീപകാല അനുഭവം ഉള്ളതുകൊണ്ട് തന്നെ അത് മറികടക്കാനുള്ള ശ്രമമായിരുന്നു രഞ്ജിത്തിന്റേത്. അതില്‍ ഒരു പരിധി വരെ അദ്ദേഹം വിജയിക്കുന്നുണ്ടെങ്കിലും ഒരു സാധാരണ കാഴ്ചാനുഭവം മാത്രമായി ഡ്രാമ മാറിപ്പോകുന്നുണ്ട്. രസകരായ ആദ്യ പകുതിയും ആകാംക്ഷ നിറച്ച ഇന്റര്‍വെല്‍ ട്വിസ്റ്റും ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷ നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍ പലപ്പോഴും സംവിധായകന് കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. ഇഴഞ്ഞ് നീങ്ങി… ചിലയിടത്ത് തളം കെട്ടി ഒരു സാധാരണ അവസാനത്തിലൊതുങ്ങുകയാണ് ഡ്രാമ. ഇതിനിടയിലും ചിത്രത്തെ പിടിച്ചു നിര്‍ത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. മീശ പിരിച്ച മറ്റൊരു ഇമേജിലേക്ക് മോഹന്‍ലാലിനെ മാറ്റിയ രഞ്ജിത്ത് പഴയ തൊണ്ണൂറുകളിലെ മോഹന്‍ലാലിനെ തിരികെ പ്രേക്ഷകര്‍ക്ക് നല്‍കാനുള്ള ശ്രമമാണ് ചിത്രത്തില്‍ നടത്തുന്നത്. പ്രേക്ഷകര്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന ആ പ്രസരിപ്പും കള്ളച്ചിരിയും ചെറു നര്‍മ്മവുമെല്ലാമുള്ള സാധാരണക്കാരനായ മോഹന്‍ലാലിനെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. പ്രായത്തിന്റെ വെല്ലുവിളികള്‍ പിടിമുറുക്കുമ്പോഴും പഴയ ആ ലാലായി തന്നെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു. ആദ്യത്തെ പത്തുമിനുട്ടിലെ ഇഴച്ചിലിനെ തകര്‍ത്തെറിഞ്ഞു കൊണ്ടാണ് മോഹന്‍ലാലിന്റെ വരവ്. പിന്നീട് സിനിമയെ തന്റെ ചുമലിലേറ്റി സജീവമാക്കുകയാണ് രാജു എന്ന രാജഗോപാലാകുന്ന മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ മാനറിസങ്ങളിലൂന്നി തമാശകള്‍ സൃഷ്ടിച്ച് മുന്നോട്ട് പോകാനാണ് ചിത്രത്തിന്റെ ശ്രമം.  മോഹന്‍ലാലും ബൈജുവും ചേര്‍ന്നുള്ള നര്‍മ്മ രംഗങ്ങള്‍ പലപ്പോഴും തിയേറ്ററില്‍ പൊട്ടിച്ചിരികള്‍ സൃഷ്ടിച്ചു.
മരണത്തെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് ഡ്രാമ. ആക്ഷനോ പാട്ടോ പ്രണയോ മറ്റ് മസാലക്കൂട്ടുകളോ ഇല്ലാതെ ലളതമായി കഥ പറയാനാണ് രഞ്ജിത്തിന്റെ ശ്രമം. അഴഗപ്പന്റെ ക്യാമറാക്കാഴ്ചകളും ലണ്ടന്‍ പശ്ചാത്തലവുമെല്ലാം ആകര്‍ഷകമായി മാറുമ്പോഴും പലപ്പോഴും ഒഴുക്കു നിലച്ച് തളം കെട്ടിപ്പോകുന്നുണ്ട് കാഴ്ചകള്‍. ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ മ യൗ എന്ന ചിത്രം ഒരു കടലോര ഗ്രാമത്തിലുണ്ടാകുന്ന മരണത്തിന് ശേഷമുള്ള സംഭവങ്ങള്‍ എത്ര മനോഹരമായിട്ടായിരുന്നു ആവിഷ്‌ക്കരിച്ചത്. കുട്ടന്‍പിള്ളയുടെ ശിവരാത്രി. കൂടെ തുടങ്ങിയ സമീപകാല ചിത്രങ്ങളിലും മരണം തന്നെയായിരുന്നു മുഖ്യപ്രമേയം.
ഫാന്റസിയോട് ചേര്‍ന്ന് നിന്ന് കഥ പറഞ്ഞ ആ സിനിമകളെപ്പോലെ ഒരു മരണവീട്ടിലെ കാഴ്ചകളാണ് ഡ്രാമയും പറയുന്നത്. വിദേശത്ത് ഒരു സമ്പന്നമായ കുടുംബപശ്ചാത്തലത്തിലാണ് ഡ്രാമയുടെ കഥ നടക്കുന്നത്. രണ്ട് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമുള്ള കട്ടപ്പന സ്വദേശി റോസമ്മ ജോണ്‍ ചാക്കോ (അരുന്ധതി നാഗ്) മകള്‍ മേഴ്‌സി (കനിഹ)  ലണ്ടനിലെ വീട്ടില്‍  വെച്ച് മരണപ്പെടുന്നു. താന്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിച്ച് ഭര്‍ത്താവിന്റെ അടുത്ത് അടക്കണമെന്ന ആഗ്രഹം റോസമ്മ മേഴ്‌സിയോടും ഇളയമകന്‍ ജോമോനോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മൂത്ത മക്കള്‍ ഇക്കാര്യം അംഗീകരിക്കുന്നില്ല. ഒടുവില്‍ സംസ്‌ക്കാര ചടങ്ങുകള്‍ ഏറ്റെടുത്ത്  ദിലീഷ് പോത്തനും മോഹന്‍ലാലും ചേര്‍ന്ന് നടത്തുന്ന ഡിക്‌സണ്‍ ലോപ്പസ് എന്ന  ഫ്യൂണറല്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി രംഗത്തെത്തുന്നു. സംസ്‌ക്കാര ചടങ്ങ് വരെയുള്ള ദിവസങ്ങളില്‍ മൃതദേഹം വീട്ടില്‍ സൂക്ഷിക്കാന്‍ ചില മക്കള്‍ക്ക് താത്പര്യമില്ല. അതുകൊണ്ട് സംസ്‌ക്കാര ചടങ്ങ് ഏറ്റെടുത്ത കമ്പനി മൃതദേഹം ഫ്രീസറിലാക്കി ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടേക്ക് മാറ്റുന്നു. രാജുവിന് പലപ്പോഴും മൃതദേഹത്തിന് കാവലിരിക്കേണ്ടിയും വരുന്നു. നാട്ടില്‍ അടക്കണമെന്ന റോസമ്മയുടെ  ആഗ്രഹം സഫലമാക്കാനായി മോഹന്‍ലാലിന്റെ രാജു എന്ന രാജഗോപാല്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പിന്നീട് പറയുന്നത്. അമ്മയുടെ മരണത്തെത്തുടര്‍ന്ന് പ്രവാസികളും സമ്പന്നരമായ മക്കള്‍ നടത്തുന്ന ഡ്രാമകളും അതിനെ നേരിടാന്‍ രാജു നടത്തുന്ന ഡ്രാമകളും ചേരുന്നതാണ് ഡ്രാമയെന്ന് ഒറ്റവാക്കില്‍ പറയാം.
മോഹന്‍ലാല്‍ പഴയ ശൈലിയില്‍ മുന്നേറുമ്പോള്‍ ലാലിനൊപ്പം കട്ടയ്ക്ക് നില്‍ക്കുകയാണ് പൊടിയനാവുന്ന ബൈജു. ഇതേ സമയം  സംവിധായകന്‍ കൂടിയായ ജോണി ആന്റണിയാണ് സിനിമയുടെ സര്‍പ്രൈസ് കഥാപാത്രം. വലിയ കയ്യടിയാണ് ജോണി ആന്റണിയ്ക്ക് ലഭിക്കുന്നത്. പ്രമുഖ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ അരുന്ധതി നാഗ് റോസമ്മയെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. സംവിധായകരായ ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ , രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശാ ശരത്താണ് മോഹന്‍ലാലിന്റെ ഭാര്യയായെത്തുന്നത്.
മാനവികതയുടെ സ്പര്‍ശമുണ്ടെങ്കിലും പ്രവാസികളായ മക്കളെ ഇത്രയ്ക്ക് ക്രൂരരായി അവതരിപ്പിച്ചതിനോട് വിയോജിപ്പുണ്ട്. പെറ്റമ്മ മരിച്ചുവെന്ന് കേട്ടിട്ടും ഒരു നിമിഷം പോലും മൂത്ത മക്കള്‍ക്ക് വിഷമം തോന്നുന്നില്ല. അമ്മ മരിച്ചാലും സ്വന്തം ബിസിനസ്സ് കാര്യങ്ങളെക്കുറിച്ചെല്ലാം അവര്‍ ആലോചിച്ചെന്ന് വരാം. എന്നാല്‍ ഇത്തിരി നേരത്തേക്ക് പോലും അമ്മ മരിച്ചതില്‍ ഇവര്‍ക്കാര്‍ക്കും വേദന തോന്നുന്നില്ല. പ്രവാസികളെ തന്നെ അവഹേളിക്കുന്ന തരത്തിലാണ് സുരേഷ് കൃഷ്ണയുടെയും ടിനി ടോമിന്റെയും കഥാപാത്ര നിര്‍മ്മിതിയെന്ന് പറയാതെ വയ്യ. എവിടെ വെച്ച് മരിച്ചാലും സ്വന്തം നാട്ടിലെ കല്ലറയില്‍ തന്നെ അന്ത്യവിശ്രമം കൊണ്ടാലേ ജീവിതം പൂര്‍ണ്ണമാകു എന്ന ചിന്താസമീപനത്തില്‍ തന്നെയാണ് ഡ്രാമയും കെട്ടിപ്പൊക്കിയിട്ടുള്ളത്. വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലും വേദനയും മരണാനന്തര കാഴ്ചകളുമെല്ലാം  പലപ്പോഴും സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. ഡ്രാമയുടെ പ്രമേയത്തിന് വലിയ പുതുമയോ അവതരണത്തിന് കരുത്തോ ഇല്ല. എങ്കിലും സമീപകാലത്ത് പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞ രഞ്ജിത്ത് തിരിച്ചുവരവിന് തനിക്കിനിയും കഴിയുമെന്ന് ഡ്രാമയിലൂടെ വ്യക്തമാക്കുന്നുണ്ട്. പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാല്‍ കണ്ടിരിക്കാം ഈ ഡ്രാമ. പഴയ ആ മോഹന്‍ലാലിനെ കയ്യടികളോടെ വരവേല്‍ക്കുകയും ചെയ്യാം.