December 2, 2022 Friday

ഭൂമിയുടെ ദിനങ്ങൾ

ഐ ബി സതീഷ്
April 21, 2021 10:08 pm

ഴിഞ്ഞദിവസം ജപ്പാനിലെ ചെറിവസന്തത്തെക്കുറിച്ച് ബിബിസി ഓൺലൈനിൽ വായിച്ച ഒരു ലേഖനം വളരെ കൗതുകകരമായിരുന്നു. എത്രയോ നൂറ്റാണ്ടുകൾക്കിടെ ജപ്പാനിൽ കാലംതെറ്റി ചെറികൾ പൂത്തുലഞ്ഞിരിക്കുന്നു. സാധാരണ ഉണ്ടാകുന്നതിലും വളരെ നേരത്തേയാണത്. 1200 വർഷം മുമ്പാണ് ഇതിനു മുമ്പ് ചെറികൾ പൂത്തത് എന്നാണ് കാലാവസ്ഥാ ഗവേഷകർ പറയുന്നത്. ആയിരത്തിലധികം വർഷത്തെ കാലാവസ്ഥ മാറ്റത്തെ കുറിച്ച് ജപ്പാൻകാർ പഠിച്ചത് ചെറികൾ പൂക്കുന്നത് നിരീക്ഷിച്ചാണ്. നേരത്തെ ചെറി പൂത്താൽ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് കണ്ടെത്തൽ. ജപ്പാനിൽ ഇത്തവണ പതിവിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അത് ഇനിയും വർധിക്കുമെന്ന സൂചനയാണ് നേരത്തെയുള്ള ചെറിവസന്തം. നമ്മുടെ നാട്ടിൽ മാവുകളും പ്ലാവുമെല്ലാം ഇത്തരത്തിൽ കാലം തെറ്റി പുഷ്പിക്കാൻ തുടങ്ങിയതു കൂടി ഇതോടൊപ്പം ചേർത്തു വായിച്ചാൽ മതി കാലാവസ്ഥാ വ്യതിയാനം നമ്മുടെ നാടിനെയും എങ്ങനെ ബാധിച്ചുവെന്ന് മനസിലാക്കാൻ. കുറച്ചു വർഷങ്ങൾക്കു മുൻപ് മറ്റൊരു കാര്യം കൂടി വായിച്ചത് ഓർമ്മിക്കുന്നു. വയനാട്ടിലും ഇടുക്കിയിലും എസിയുടെ വില്പന കുതിച്ചുയരുന്നു.

സാധാരണ തണുപ്പ് കാലാവസ്ഥയുള്ള ഈ പ്രദേശങ്ങളിൽ എസി പോലുള്ള ശീതികരണ സംവിധാനങ്ങൾക്ക് അത്ര മാർക്കറ്റ് ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ അത്തരം കമ്പനികൾക്ക് വലിയ കച്ചവടം ഈ ജില്ലകളിൽ ലഭിക്കാറുമില്ല. പക്ഷേ അടുത്ത കാലത്തായി ഈ മേഖലകളിൽ ധാരാളം എസി കമ്പനികൾ കേന്ദ്രീകരിച്ചിരിക്കുന്നു. അടുത്ത സമയങ്ങളിൽ നമുക്ക് ലഭിച്ച വേനൽ മഴയുടെയും പ്രളയകാലത്തെയും എല്ലാം താരതമ്യപ്പെടുത്തി നോക്കിയാൽ നാം അധിവസിക്കുന്ന ഭൂമിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം വ്യക്തമാകും. ഇത്രയും കാലം കരുതിയിരുന്നത് ആർട്ടിക് പ്രദേശത്തും അന്റാർട്ടിക്കയിലും മറ്റുമാണ് കാലാവസ്ഥാ വ്യതിയാനം നടക്കുന്നത് എന്നാണ്. പക്ഷേ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും നമ്മുടെ ശുദ്ധ ജല കായലുകളിൽ പോലും അതിന്റെ അനുരണനങ്ങൾ ഉണ്ട്. മാത്രമല്ല നീർത്തടങ്ങളും ചെറുചോലകളും തോടുകളും ചെറുകുളങ്ങളും വരെ വലിയ പരിണാമത്തിന് വിധേയമാകുന്നുണ്ട്. അതുകൊണ്ടാണ് പണ്ടു കണ്ടിരുന്ന പല സസ്യങ്ങളും ഇപ്പോൾ കാണാത്തത്. ചെറുകിളികളെയും അങ്ങാടിക്കുരുവികളെയും അണ്ണാറക്കണ്ണനെയും കാണാനില്ല എന്നുകൂടി മനസിലാക്കുമ്പോഴാണ് ഭൂമിയുടെ പനിക്കാലത്തിന്റെ ഗൗരവം തിരിച്ചറിയുന്നത്.

തികച്ചും പരിശുദ്ധമായ ജലം കിട്ടുന്ന പ്രപഞ്ചത്തിലെ ഏക പച്ചത്തുരുത്താണ് ഭൂമി. മനുഷ്യന്റെ അമിത ഇടപെടലുകൾ ഭൂമിയെ മൃതപ്രായമാക്കിയിരിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം, പ്ലാസ്റ്റിക്കിന്റെ അമിത ഉപഭോഗം, മരം മുറി എന്നിവയാണ് ഭൂമിയെ നശിപ്പിക്കുന്നത്. മനുഷ്യനാണ് പ്രകൃതിയിൽ ഏറ്റവും പ്രധാനപ്പെട്ട ജീവി എന്ന മനോനില ആദ്യം മാറണം. മറ്റെല്ലാ ജീവികൾക്കും അർഹതപ്പെട്ടതുപോലെ അവകാശമുള്ള ഒരു ജീവി മാത്രമാണ് മനുഷ്യനും. പലപ്പോഴും മനുഷ്യജീവനാണോ കാട്ടുമൃഗത്തിന്റെ ജീവനാണോ പ്രാധാന്യം കൽപ്പിക്കേണ്ടത് എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരാറുണ്ടല്ലോ. ഭൂമിയിലെ എല്ലാ അസംസ്കൃത വസ്തുക്കളെയും ചൂഷണം ചെയ്യാനുള്ള അവകാശം നമുക്കില്ല. നമുക്കാവശ്യമുള്ളത് പ്രകൃതി സംഭരിച്ചു വച്ചിരിക്കുന്നതിൽ നിന്നും നമുക്ക് ആവശ്യത്തിനുള്ളത് ഉപയോഗിക്കാം. പ്രകൃതി വരുംകാലത്തേക്ക് കൂടി സംരക്ഷിച്ചു വയ്ക്കുന്നത് പൂർണമായും കവർന്നെടുക്കരുത് എന്നു മാത്രം. ഇത്തരത്തിൽ നഷ്ടമായ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷം ഹരിത കേരള മിഷൻ വഴി വിവിധ പദ്ധതികൾ നടപ്പാക്കിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പച്ചത്തുരുത്തുകൾ. ആയിരം പച്ചത്തുരുത്തുകളാണ് കേരളത്തിൽ വ്യാപകമായി സൃഷ്ടിച്ചത്. ചെറുവനങ്ങളായ മിയാവാക്കി വനങ്ങൾ കേരളത്തിൽ വ്യാപകമായി നിർമിക്കപ്പെട്ടു കഴിഞ്ഞു.

പത്തുവർഷം കഴിയുമ്പോൾ സംസ്ഥാനത്തത് നിരവധി നഗരവനങ്ങൾ തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്. നിരവധി നദികൾ ആണ് പുനരുജ്ജീവിപ്പിച്ചത്. ചെറുതോടുകളും കുളങ്ങളും നിർമിച്ചു. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയിലും ഹരിതജീവനത്തിലും അത് നിർണായകമായ നേട്ടമായി മാറും. റഷ്യയിൽ നഗരങ്ങളിൽ ഇപ്പോഴും വൻമരങ്ങൾ അതുപോലെ സംരക്ഷിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ നിറഞ്ഞ കാടുകളാണ് പല പ്രമുഖ നഗരങ്ങളോടും ചേർന്നുളളത്. വനവും പ്രകൃതിയുമെല്ലാം സംരക്ഷിച്ചു നിലനിർത്തുന്ന പൈതൃകം സംസ്കാരത്തിന്റെ ഭാഗമായി തന്നെ തുടരണം.

ENGLISH SUMMARY:drastic cli­mate change in earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.