പ്രവാസികൾക്ക് സ്വപ്ന പദ്ധതി: ഡ്രീം കേരള

യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിക്കു രൂപം നൽകും നിർദ്ദേശങ്ങളും ആശയങ്ങളും സമർപ്പിക്കാൻ പൊതുജനങ്ങൾക്കും അവസരം
Web Desk

തിരുവനന്തപുരം

Posted on July 01, 2020, 6:52 pm

മടങ്ങിയെത്തുന്ന പ്രവാസികളുടെ അറിവും കഴിവും സംസ്ഥാനത്തിന്റെ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്താനും അവരെ സംരക്ഷിക്കാനും സ്വപ്ന പദ്ധതിയുമായി സർക്കാർ. പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ‘ഡ്രീം കേരള’ എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും ആശയങ്ങളും സമർപ്പിക്കാൻ അവസരമുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോൺ നടത്തും. ഓരോ ആശയവും നടപ്പാക്കുന്നതിൽ വിദഗ്ധോപദേശം നൽകുന്നതിന് യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിക്കു രൂപം നൽകും. ആശയങ്ങൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയമുണ്ടാകും. നിർദ്ദേശങ്ങൾ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകൾക്ക് ശുപാർശ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തികാഘാതം എല്ലാ രാജ്യങ്ങളിലെയും വ്യവസായ‑വാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചു.

ഈ സാഹചര്യത്തിൽ വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്നവരിൽ വലിയ വിഭാഗം പ്രൊഫഷണലുകളാണ്. വിവിധ തൊഴിലുകളിൽ അന്താരാഷ്ട്ര വൈദഗ്ധ്യം നേടിയവരും സംരംഭങ്ങൾ നടത്തി പരിചയമുള്ളവരുമാണ് ഇവരിൽ ഭൂരിഭാഗവും. തൊഴിൽ നഷ്ടപ്പെട്ട് കൂടുതൽ പേർ നാട്ടിലേക്ക് തിരിച്ചുവരുന്ന നിലവിലെ സാഹചര്യത്തെക്കുറിച്ചും മന്ത്രിസഭായോഗം ഗൗരവമായി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഡ്രീം കേരള പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രവാസികളുടേത് നിർണ്ണായക സംഭാവന

കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് നിർണായകമായ സംഭാവന നൽകുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളി സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളോഹരി വരുമാനം കേരളത്തിൽ ഉയർന്നുനിൽക്കുന്നതിന്റെ പ്രധാന കാരണം പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ്. 2018ലെ സർവെ പ്രകാരം ഒരു വർഷം പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന തുക 85,000 കോടി രൂപയാണ്. ഇപ്പോൾ അത് ഒരു ലക്ഷം കോടി രൂപയിൽ അധികമായിരിക്കും. 2018ലെ കണക്ക് പ്രകാരം (സാമ്പത്തിക അവലോകനം) കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി രൂപയാണ്. പ്രവാസികളുടെ നിക്ഷേപം കേരള വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും തിരികെ എത്തുന്ന പ്രവാസികൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും എൽഡിഎഫ് സർക്കാർ വന്ന ശേഷം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ലോക കേരള സഭ രൂപീകരിച്ചതടക്കം, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ചെയർമാനായി സ്റ്റീയറിങ് കമ്മിറ്റി

തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളിൽ വകുപ്പുകൾ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം കൈക്കൊള്ളും. ഇതിനു വേണ്ടി ഒരു സ്റ്റീയറിങ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർമാനായ കമ്മിറ്റിയിൽ നിയമസഭ സ്പീക്കർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ അംഗങ്ങളായിരിക്കും.

വിദഗ്ധ സമിതി

പദ്ധതി നടത്തിപ്പിന് ഡോ. കെ എം അബ്രഹാം ചെയർമാനായി വിദഗ്ധ സമിതി. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ് ഡി ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ), സി ബാലഗോപാൽ (ടെറുമോ പെൻപോൾ സ്ഥാപകൻ), സാജൻ പിള്ള, ബൈജു രവീന്ദ്രൻ, അബ്ദുൾ റസാഖ് (വികെസി ഗ്രൂപ്പ്) എന്നിവർ ഈ സമിതിയിൽ അംഗങ്ങളാണ്.

ENGLISH SUMMARY: DREAM KERALA PROJECT FOR EXPERTISE

YOU MAY ALSO LIKE THIS VIDEO