സഹീറിന്റെ സ്വപ്നം

Web Desk
Posted on May 12, 2019, 8:18 am

ലക്ഷ്മണന്‍ മാധവ്

എത്രത്തോളം ശ്രമിക്കുന്നുവോ അത്രത്തോളം അവസരങ്ങള്‍ വന്നു ചേരുമെന്ന ഹെന്‍ട്രി ഫോര്‍ഡിന്റെ ഉദ്‌ബോധനം എക്കാലവും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള പ്രേരണയാണ്. കഴിവുള്ളവര്‍ പോലും അതതിടങ്ങളിലെ വിജയവഴികളില്‍ തടസ്സങ്ങള്‍ അഭിമുഖീകരിക്കാതെ കടന്നു പോയിട്ടില്ല. വിജയിക്കാതെ വരുമ്പോള്‍ മോഹങ്ങള്‍ ഉപേക്ഷിക്കാതെ പരിശ്രമത്തിലൂടെ വിജയത്തിന്റെ മാധുര്യമറിയുന്നവരാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. വിജയിക്കാന്‍ കഴിയുന്നില്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെ പരാജയം സമ്മതിക്കാതെ, എന്നെങ്കിലും വിജയിക്കുമെന്ന ഉറപ്പോടെ യാത്ര തുടരുകയാണ് സഹീര്‍ മുഹമ്മദ്. അന്വേഷണവും പരിശ്രമവും സ്ഥായിയായ വിജയത്തിലെത്തിക്കും എന്ന വിശ്വാസം മൂന്നു പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള ആ യാത്രയ്ക്ക് പിന്നിലുണ്ട്. സിനിമാ സംവിധായകനാകാന്‍ ആഗ്രഹിച്ചപ്പോള്‍ ആയിത്തീര്‍ന്നത് പ്രൊഫഷണല്‍ നാടകനടന്‍. നാടകനടനായിക്കൊണ്ട് സിനിമാ സംവിധായകനിലേക്കുള്ള അന്വേഷണം തുടര്‍ന്നപ്പോള്‍ എത്തിച്ചേര്‍ന്നത് ഛായാഗ്രഹണ സഹായിയുടെ സ്ഥാനത്ത്. മുപ്പത്തിയാറ് സിനിമകളുടെ ഛായാഗ്രഹണ സഹായി ആയിട്ടും സംവിധാന സഹായിയിലേക്കുള്ള ചുവടുകള്‍ പിഴച്ചു. ഒട്ടേറെ മുഖ്യധാരാ സംവിധായകര്‍ക്കൊപ്പം ക്യാമറാ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതുകൊണ്ട് അവരുടെയൊക്കെ സംവിധാന ശൈലിയും സിനിമയുടെ സങ്കേതങ്ങളും പഠിക്കാന്‍ കഴിഞ്ഞതാണ് നേട്ടം. സ്വതന്ത്ര സിനിമാ സംവിധായകനാകാന്‍ കഴിയുമെന്ന ആത്മവിശ്വാസം നേടിയതും അങ്ങനെയാണ്.
നാലാം തരത്തില്‍ പഠിക്കുമ്പോള്‍, സിനിമാ പരസ്യ വാഹനത്തില്‍ നിന്ന് പറന്നു വരുന്ന നോട്ടീസ് ശേഖരിച്ച് നിരത്തി വച്ച്, സത്യന്‍, നസീര്‍, വിന്‍സന്റ്, സുധീര്‍ തുടങ്ങിയ പ്രമുഖ നടന്മാരുടെ ഫോട്ടോ കാണുമ്പോള്‍ സിനിമാ നടനാകണമെന്ന് മോഹിച്ചില്ല.മറിച്ച് അതിലെ സംവിധായകരായ തോപ്പില്‍ ഭാസി, സേതുമാധവന്‍ തുടങ്ങിയവരിലേക്കാണ് ശ്രദ്ധ പോയത്. അന്നത്തെ കുട്ടികള്‍ പറയാറുള്ളത് നടനാകണമെന്നാണ്. എന്നാല്‍ സഹീര്‍ മനസ്സില്‍ കണ്ടത് സംവിധായകനെയാണ്.
സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ യാദൃച്ഛികമായി അഭിനയിച്ച നാടകങ്ങളില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സഹീറിന് പ്രദേശത്തെ സാംസ്‌കാരിക സംഘടനകളുടെ നാടകങ്ങളില്‍ ക്ഷണം കിട്ടി. സഹീറിന്റെ അഭിനയ മികവ് കാണാനിടയായ പ്രശസ്ത നാടകകാരന്‍ എന്‍ എസ് പ്രകാശ് അഭിനയത്തിന്റെ കൂടുതല്‍ പാഠങ്ങള്‍ പറഞ്ഞു കൊടുത്തു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു നില്‍ക്കുമ്പോള്‍ ചങ്ങനാശ്ശേരി തരംഗം എന്ന സമിതി സഹീറിനെ വിളിച്ചു. സമിതി അവതരിപ്പിച്ച നാടകത്തില്‍ ഒരു ടീനേജ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സഹീര്‍ ഒരു പ്രൊഫഷണല്‍ നാടകനടനായി.
തുടര്‍ന്നിങ്ങോട്ട് ഗീഥാ സലാമിന്റെ ‘നാടകരംഗം’ സമിതിയുടെ ബി ട്രൂപ്പില്‍ അഭിനയിച്ചു.ബേബിക്കുട്ടന്റെ സംവിധാനത്തില്‍ കൊല്ലം ‘തൂലിക’യുടെ പ്രമാണി, ഗുരുകുലം, അലക്കു കല്ല് എന്നീ നാടകങ്ങളിലും ഓച്ചിറ സരിഗയുടെ സെക്യൂരിറ്റി ഗാര്‍ഡ് എന്ന നാടകത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സരിഗയുടെ തന്നെ തലമുറ എന്ന നാടകത്തില്‍ സഹീറിന്റെ ഊമയും ബധിരനുമായ ബാബുമോന്‍ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

നാടകത്തില്‍ ശ്രദ്ധേയനാകുമ്പോഴും സിനിമയിലേക്കുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു. നാടകാഭിനയം നിര്‍ത്തിയിട്ട് പല സ്ഥലങ്ങളിലും അലഞ്ഞു.ഒടുവില്‍ ഫാസിലിന്റെ അടുത്തെത്തി ആഗ്രഹം പറഞ്ഞു. ‘അനിയത്തിപ്രാവ്’ എന്ന അടുത്ത പടത്തില്‍ ഒപ്പം നില്‍ക്കാന്‍ ഫാസില്‍ പറഞ്ഞു. സംവിധാന സഹായിയായി ഫാസിലിന്റെ അടുത്തേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കുമ്പോള്‍ ഫാസില്‍ വിളിച്ച. നേരത്തേ ഒപ്പമുണ്ടായിരുന്ന ഒരു സഹായി തിരിച്ചു വന്നതുകൊണ്ട് സഹീറിനെ അടുത്ത പടത്തില്‍ കൂട്ടാമെന്നായിരുന്നു അറിയിപ്പ്. പകരം അനിയത്തിപ്രാവിന്റെ ക്യാമറാമാന്‍ ആനന്ദക്കുട്ടനൊപ്പം നില്‍ക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.അങ്ങനെ തിരക്കേറിയ ഛായാഗ്രാഹകനായ ആനന്ദകൂട്ടന്റെ സഹായിയായി സിനിമയിലെത്തി.മലയാളത്തിലും തമിഴിലുമായി ഒന്‍പതു വര്‍ഷം ക്യാമറാ അസിസ്റ്റന്റായും അസോസ്സിയേറ്റായും പ്രവര്‍ത്തിച്ചു. ഫാസിലിന്റെ സിനിമകളാണ് കൂടുതല്‍ ചെയ്തത്. കെ മധു, ഷാജി കൈലാസ്, ജോഷി, രാജസേനന്‍, സിബി മലയില്‍, റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, പോള്‍സണ്‍ എന്നിവരുടെ സിനിമകള്‍ ഉള്‍പ്പെടെ മുപ്പത്തിയാറു സിനിമകള്‍ക്ക് ക്യാമറാ സഹായിയായി. അനിയത്തിപ്രാവ്, സുന്ദരകില്ലാടി, പഞ്ചാബി ഹൗസ്, വാഴുന്നോര്‍, ദി ട്രൂത്ത്, ഉസ്താദ്, വണ്‍ മാന്‍ ഷോ, ക്രോണിക് ബാച്ചിലര്‍, നാട്ടുരാജാവ്, കൈയെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത് എന്നി വയാണ് സഹീര്‍ പ്രവര്‍ത്തിച്ച പ്രധാന സിനിമകള്‍.
സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം കൂടിക്കൂടി വന്നപ്പോള്‍ ക്യാമറ അസിസ്റ്റന്റ് പണി നിര്‍ത്തിയിട്ട് മുഴുവന്‍ സമയ അന്വേഷകനായി. ഒന്നു രണ്ടു നിര്‍മ്മാതാക്കളെ കണ്ട് സംവിധാനം ചെയ്യണമെന്ന ആഗ്രഹം പറഞ്ഞു. അവരൊക്കെ സഹീറിനെ അറിഞ്ഞത് ക്യാമറാ സഹായി എന്ന നിലയിലാണ്. ക്യാമറാമാന്‍ ആകേണ്ടയാള്‍ സംവിധായകനാകാന്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്നാണ് അവര്‍ ചോദിച്ചത്. അതു കേട്ട് നിരാശയോടെ മടങ്ങി. പിന്നീട് പല നിര്‍മ്മാതാക്കളെയും കണ്ടു. അവരൊന്നും സഹീറിന്റെ ആവശ്യം അംഗീകരിച്ചില്ല. പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്തോടെ ദുബായിലെ ഒരു പരസ്യക്കമ്പനിയില്‍ ചേര്‍ന്നെങ്കിലും ഭാഷ പ്രശ്‌നമായതുകൊണ്ട് തുടരാനായില്ല. തുടര്‍ന്ന് ഒരു ശ്രീലങ്കന്‍ ചാനലില്‍ ക്യാമറാമാനായി ചേര്‍ന്നു. പക്ഷേ വിസയുടെ കാലാവധി നീട്ടിക്കിട്ടാഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. വീണ്ടും ഗള്‍ഫില്‍ പോയി ഒരു കമ്പനിയില്‍ ക്യാമറാമാനായി പ്രവേശിച്ചു. പക്ഷേ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി പിരിഞ്ഞു പോന്നു.പിന്നെ ദുബായില്‍ പോയി ഒരു കമ്പനിയില്‍ ചേര്‍ന്നു.അഞ്ചു മാസമായപ്പോള്‍ രോഗബാധിതനായി നാട്ടിലേക്കു തിരിച്ചു വന്നു.പിന്നെയും സിനിമാ ചിന്ത തുടങ്ങി.അപ്പോഴേക്കും സിനിമാരംഗം ആകെ മാറിക്കഴിഞ്ഞിരുന്നു.
സംവിധായകനാകാനുള്ള പരിശ്രമം ശക്തമാക്കി മുന്നോട്ടു പോയപ്പോള്‍ സഹീറിന് ചില സിനിമകളില്‍ അഭിനയിക്കാനുള്ള അവസരമാണ് കിട്ടിയത്. അതുപേക്ഷിച്ചില്ല. ‘ഓട്ടക്കാരനും വേട്ടപ്പട്ടികളും’, ‘റെഡ് ബ്ലൂ ഗ്രീന്‍’, ‘കലാമണ്ഡലം ഹൈദ്രാലി’, ‘ഓസ്‌കര്‍ ഗോസ്ടു’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അതു കഴിഞ്ഞ് ‘സരസ്വതി ’ എന്ന ഹ്രസ്വചിത്രത്തില്‍ ശക്തമായ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്തോടെ സഹീര്‍ തന്നെ തിരക്കഥയെഴുതി ‘ശിഷ്ടം’ എന്നൊരു ഹ്രസ്വചിത്രം സംവിധാനം ചെയ്തു. സഹീര്‍ സംവിധായകനാകാന്‍ പ്രാപ്തനാണ് എന്നു തെളിയിക്കുന്ന ചിത്രമായിരുന്നു അത്. മികച്ച സംവിധായകനടക്കം ആ ചിത്രം പതിമൂന്ന് അവാര്‍ഡുകള്‍ നേടി.
പിന്നെയും സിനിമാ സംവിധായകന്‍ എന്ന മോഹവുമായി ഇറങ്ങിത്തിരിച്ചു. പലരെയും കണ്ടു. സ്വതന്ത്രമായ ഒരു വര്‍ക്ക് കാണിക്കാന്‍ ഇല്ലാത്തതു കൊണ്ട് നിരാശനായി മടങ്ങേണ്ടി വന്നു.
പുതിയ തലമുറ ചെലവു കുറഞ്ഞ മെച്ചപ്പെട്ട സിനിമ ചെയ്യുന്നുണ്ട്. അതുപോലെ ആര്‍ഭാടമില്ലാതെ, ജീവിതവുമായി അടുത്തു നില്‍ക്കുന്ന സിനിമ ചെയ്യാനാണ് സഹീറിന്റെ ആഗ്രഹം. യാത്ര ഇപ്പോഴും തുടരുകയാണ് വിജയവഴികളിലേക്ക് കടന്നു കയറും എന്ന പ്രതീക്ഷയോടെ. സഹീറിന്റെ ഭാര്യ സാറയും മകള്‍ സറീനയും മകന്‍ ഇമ്രാന്‍ മുഹമ്മദും ഇലിപ്പക്കുളം മങ്ങാട്ട് വീട്ടിലിരുന്ന്, സംവിധായകനായ സഹീറിനെ സ്വപ്‌നം കാണുകയാണ്. അതിന്റെ സാക്ഷാത്കാരത്തിനായി പ്രതീക്ഷകള്‍ മനസ്സില്‍ നിറച്ച് സഹീര്‍ യാത്ര തുടരുന്നു.