കോട്ടയം നസീറിന്റെ ഡ്രീംസ് ഓഫ് കളേഴ്‌സ് പ്രദര്‍ശനം കൊച്ചിയില്‍ തുടങ്ങി 

Web Desk
Posted on October 02, 2018, 5:21 pm
കൊച്ചി: നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഡ്രീം ഓഫ് കളേഴ്സിന് എറണാകുളം  ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. പ്രമുഖ ചിത്രക്കാരനും കൊച്ചിന്‍ ബിനാലെ ക്യൂറേറ്ററുമായ റിയാസ് കോമു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആറ് വര്‍ഷം കൊണ്ട് വരച്ച് പൂര്‍ത്തിയാക്കിയ 54 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കുകളില്‍ നിന്ന് ലഭിച്ച ഇടവേളകളാണ് കലാസൃഷ്ടിക്ക് ഉപയോഗിച്ചതെന്നും കോട്ടയം നസീര്‍ പറഞ്ഞു.
ആവശ്യകാര്‍ക്ക് പണം നല്‍കി ചിത്രങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണത്തിന്റെ ഒരു ഭാഗം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ആസിഫ് അലി കോമുവാണ് ചിത്രപ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍. പ്രദര്‍ശനം 18ന് സമാപിക്കും. ദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രദര്‍ശനം.