Janayugom Online
bottle water

കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം; സപ്ലൈകോയും ജയില്‍ വകുപ്പും കൈകോര്‍ക്കുന്നു

Web Desk
Posted on March 29, 2019, 11:10 pm

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: രൂക്ഷമായ വരള്‍ച്ച അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ കുടിവെള്ളക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുന്നതിന് ജയില്‍ വകുപ്പും സപ്ലൈകോയും കൈകോര്‍ക്കുന്നു. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
20 രൂപയാണ് ഒരു കുപ്പിവെള്ളത്തിന്റെ വിപണി വില. പത്തു രൂപയായിരുന്നത് ക്രമേണ വര്‍ധിപ്പിച്ച് 20 ലെത്തുകയായിരുന്നു. ഇത് 12 രൂപയായി കുറയ്ക്കാമെന്ന് കഴിഞ്ഞ വര്‍ഷം കേരള വാട്ടര്‍ ബോട്ടില്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രഖ്യാപനമുണ്ടായതെങ്കിലും ചില വന്‍കിടക്കാര്‍ ഇതില്‍ നിന്ന് പിറകോട്ട് പോയതാണ് നടപ്പിലാകാത്തതിന് കാരണമായി പറയപ്പെടുന്നത്.
തുടര്‍ന്ന് വില കുറയ്ക്കുന്നത് വിജ്ഞാപനത്തിലൂടെ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിരിക്കുകയാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്.
അതിനിടയിലാണ് ചൂഷണം അവസാനിപ്പിക്കുന്നതിന് ജയില്‍ വകുപ്പും സിവില്‍സപ്ലൈസ് വകുപ്പും ചേര്‍ന്ന് കുടിവെള്ള വിതരണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നത്. നിലവില്‍ ജയില്‍ വകുപ്പ് പത്തുരൂപയ്ക്ക് കുപ്പിവെള്ളം അവരുടെ വിതരണ കേന്ദ്രങ്ങളില്‍ നല്‍കുന്നുണ്ട്. അത് സപ്ലൈകോ വിതരണ കേന്ദ്രങ്ങളിലൂടെ സംസ്ഥാന വ്യാപകമാക്കുന്നതിനാണ് പദ്ധതി. വിതരണകേന്ദ്രങ്ങളില്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള ചെലവുകള്‍ കൂട്ടിയാലും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കുപ്പിവെള്ളം വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് സംബന്ധിച്ച് ഉന്നതതലയോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുകയും വിതരണം ഉടന്‍ നടപ്പിലാക്കുകയും ചെയ്യും.