യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നില്‍ ഉപ്പിട്ട് കുഴിച്ചുമൂടി. പങ്കജ് ദിലീപ് ഗിരാംകര്‍ എന്ന 32 കാരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ റസ്റ്റോറന്റ് ഉടമ അടക്കം മൂന്നുപേര്‍ പൊലീസ് പിടിയിലായി. കാപ്സി ഏരിയയില്‍ ഭക്ഷണശാല നടത്തിവരുന്ന അമര്‍ സിങ് എന്ന ലല്ലു ജോഗേന്ദ്രസിങ് താക്കൂര്‍, ഭക്ഷണശാലയിലെ ജോലിക്കാരായ മനോജ് എന്ന മുന്ന രാംപ്രകാശ് തിവാരി, രാകേഷ് ഡോങ്ഗ്രെ എന്നിവരാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയില്‍ കഴിഞ്ഞ ഡിസംബര്‍ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഹാല്‍ദിറാം കമ്പനിയില്‍ ഇലക്ട്രീഷ്യനായ ഗിരാംകറിന്റെ ഭാര്യയുമായി അമര്‍സിങ്ങിനുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ ബന്ധം അവസാനിപ്പിക്കുന്നതിനായി വാര്‍ധയിലേക്ക് ഗിരാംകര്‍ താമസം മാറ്റിയിരുന്നു. അതിന് ശേഷവും ബന്ധം തുടരുന്നണ്ടെന്നറിഞ്ഞ ഗിരാംകര്‍ ഡിസംബര്‍ 28 ന് അമര്‍സിങ്ങിനെ കാണാനെത്തി. തുടര്‍ന്നുണ്ടായ കലഹത്തിനിടെ അമര്‍സിങ്ങ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ഗിരാംകര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.ഇതോടെ ജോലിക്കാരുടെ സഹായത്തോടെ തെളിവ് നശിപ്പിക്കാന്‍ അമര്‍സിങ് പദ്ധതിയിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണശാലയ്ക്ക് പിന്നില്‍ 10 അടി താഴ്ചയില്‍ കുഴിയെടുപ്പിച്ച് അതില്‍ 50 കിലോ ഉപ്പ് വിതറിയശേഷം മൃതദേഹം കുഴിച്ചു മൂടി. ഇയാളുടെ ബൈക്കും മൃതദേഹത്തിനൊപ്പമിട്ട് മൂടി. പിന്നീട് തെളിവ് നശിപ്പിക്കാനായി ഗിരാംകറിന്റെ മൊബൈല്‍ഫോണ്‍ രാജസ്ഥാനിലേക്ക് പോകുന്ന ട്രേക്കിന് മുകളില്‍ എറിഞ്ഞിട്ട് അന്വേഷണം വഴി തിരിച്ചുവിടാനും പ്രതികള്‍ ശ്രമിച്ചു.
അതേസമയം ഗിരാംകര്‍ വീട്ടിലേക്ക് തിരിച്ചുവരാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം പുറത്തു കൊണ്ടു വരുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ഗിരാംകറിന്റെ മൃതദേഹാവശിഷ്ടങ്ങളും ബൈക്കിന്റെ ഭാഗങ്ങളും കണ്ടെത്തി.
ദൃശ്യം എന്ന സിനിമയാണ് കൊലപാതകം മറയ്ക്കാന്‍ പ്രചോദനമായതെന്ന് പ്രതികള്‍ മൊഴി നല്കി. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പില്‍ അജയ് ദേവ്ഗണ് ആയിരുന്നു നായകന്.
Drishyam-Style Murder