ചില സിനിമകൾ തിയേറ്ററിൽ നിന്നും കണ്ടിറങ്ങുമ്പോൾ തന്നെ മനസ്സ് പറയും, “ഇത് സൂപ്പർ ഹിറ്റാകും” എന്ന്. അവയുടെ തലയ്ക്കു മുകളിൽ മാസ് / ക്ലാസ് / കൊമേഴ്സ്യൽ / റിയലിസ്റ്റിക് എന്നിങ്ങനെ സ്വഭാവം തരംതിരിച്ചുള്ള ടാഗുകളൊന്നും ഉണ്ടാകില്ല, മറിച്ച്, എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും രസിക്കുന്ന, അതിലൂടെ സൂപ്പർ ഹിറ്റായേക്കാവുന്ന സിനിമ എന്നതായിരിക്കും നിർവ്വചനം. അത്തരത്തിലൊന്നാണ്, ലാൽ ജൂനിയർ സംവിധാനം നിർവ്വഹിച്ച് സുരാജ് വെഞ്ഞാറമൂട്, പ്രിത്വിരാജ് സുകുമാരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഡ്രൈവിംഗ് ലൈസൻസ്’. ഏറ്റവും മിനിമം ഇത്രയും കാലം ഒരുപാട് സിനിമകൾ തിയേറ്ററിൽ നിന്നും, ആദ്യത്തെ ദിവസം, കണ്ട പരിചയം വച്ചു പറയാം, ‘ഡ്രൈവിംഗ് ലൈസൻസ്’ സംശയമന്യേ സൂപ്പർ ഹിറ്റാകും…!
ഒരിക്കൽ സംവിധായകൻ ശ്രീ ലാലിനെ (സിദ്ദിക്ക്-ലാൽ) പരിചയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞതാണ്, “ഹായ് അയാം ടോണി എന്നൊരു ഗംഭീര സിനിമ’യെ ചില ഓൺലൈൻ മീഡിയാക്കാർ ചേർന്ന് തകർത്ത് തരിപ്പണമാക്കി. അവന്റെ മനസ്സിലുള്ള സിനിമയായിരുന്നു അത്. എന്താണ് ഫലം? അതുപോലുള്ള സിനിമകൾ ഇനി അവൻ ഒരിക്കലും ചെയ്യാൻ ശ്രമിക്കില്ല. അത്രേയുള്ളൂ” എന്ന്. എന്തായാലും ജീൻ പോൾ ലാൽ എന്ന ലാൽ ജൂനിയർ അങ്ങനെയങ്ങ് തോറ്റു പിന്മാറിയില്ല. ‘ഹായ് അയാം ടോണി’ പോലൊരു റഫ് & ടഫ് സിനിമയൊന്നുമല്ലെങ്കിലും, കുടുംബത്തോടൊപ്പം തിയേറ്ററിൽ ഇരുന്ന് സിനിമ കാണുന്ന പ്രേക്ഷകർക്ക് എന്താണോ ആവശ്യം അത് വളരെ കൃത്യം മീറ്ററിൽ , അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന ശൈലിയിൽ കൊടുത്തിട്ടുണ്ട്. സംവിധായകൻ ലാൽ ജൂനിയർ തന്നെയാണ് ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന സിനിമയുടെ നട്ടെല്ല്.
ഒരേ സമയം നടൻ, നിർമ്മാതാവ് എന്നീ റോളുകൾ കൈകാര്യം ചെയ്യുമ്പോൾ, അടിസ്ഥാനപരമായി എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പ്രിത്വിരാജിന് നല്ല ബോധ്യമുണ്ട്. താരമൂല്യം എന്ന ഘടകത്തെ ചെറുതായിട്ടൊന്ന് തൊട്ടും, അതുമായി ബന്ധപ്പെട്ട അനാവശ്യ സംഗതികളെ തീരേ തൊടാതെയും, വളരെ വിശാലമായ കാഴ്ചപ്പാടോടു കൂടി അദ്ദേഹം സിനിമയെ സമീപിക്കുന്നതിന്റെ ഫലമാണ് സ്ക്രീനിൽ കണ്ടത്. സുരാജ് വെഞ്ഞാറമൂടിനെ ഒരൽപ്പം ദൂരെ മാറി നിന്ന് അത്ഭുതത്തോടെ നോക്കി രസിക്കുകയാണ് ! ഈ ഒരു ചുരുങ്ങിയ കാലയളവിനുള്ളിൽ, എത്ര സമർത്ഥമായാണ് ആ കലാകാരനിൽ ഓരോരോ പരിവർത്തനങ്ങൾ സംഭവിക്കുന്നത്! പറയാതെ വയ്യ, സുരാജ് വെഞ്ഞാറമൂട് & പ്രിത്വിരാജ് കോമ്പിനേഷൻ തന്നെയാണ് ‘ഡ്രൈവിംഗ് ലൈസൻസ്’ ഹൈലൈറ്റ്.
ലാലു അലക്സ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, നന്ദു എന്നീ അഭിനേതാക്കൾ സിനിമയ്ക്ക് സ്പെഷ്യൽ നിറം നൽകുന്നു. പരിചയസമ്പത്തുള്ള അഭിനേതാക്കളെ കൊണ്ടുള്ള ഉപയോഗം അതാണ്, അവരുടെ സ്വാഭാവിക പ്രകടനം പോലും സിനിമയുടെ ടോട്ടാലിറ്റിയ്ക്ക് ഗുണം ചെയ്യും. സച്ചിയുടെ രചന, അലക്സ് ജെ പുളിക്കലിന്റെ, എക്സൺ‑നേഹ ടീമിന്റെ സംഗീതം (സ്വാഭാവികമായ തമാശ രംഗങ്ങൾ നിറഞ്ഞ സിനിമയിൽ, തമാശയുടെ ഇമ്പാക്റ്റ് കൂട്ടാനായി ചില അനാവശ്യ ബി ജി എം ശകലങ്ങൾ ചേർത്തതൊഴിച്ചാൽ), പ്രശാന്ത് മാധവിന്റെ ആർട്ട്, രതീഷ് രാജിന്റെ എഡിറ്റിംഗ്, തുടങ്ങി എല്ലാ ഘടകങ്ങളും ഏറെ മികവ് പുലർത്തി. മൊത്തത്തിൽ, യാതൊരു തരത്തിലുള്ള നെഗറ്റീവ് ഫീലിങ്ങിനും ഇടം കൊടുക്കാതെ, വളരെ നല്ലൊരു എന്റർടെയിനർ സമ്മാനിക്കാൻ ടീം ഡ്രൈവിംഗ് ലൈസൻസിന് കഴിഞ്ഞു എന്നതാണ് സത്യം.
അറിഞ്ഞോ അറിയാതെയോ, സൂപ്പർ ഹിറ്റ് സിനിമകൾക്ക് ഒരു സ്പെഷ്യൽ ഫോർമാറ്റ് ഉണ്ടെന്നതാണ് വാസ്തവം. അത് എഴുത്തിലോ, മേക്കിങ്ങിലോ സാധിക്കുന്നതല്ല, മറിച്ച്, ചില പോസിറ്റീവ് ഘടകങ്ങൾ ഒന്നിക്കുമ്പോൾ തനിയേ സൃഷ്ടിക്കപ്പെടുന്നതാണ്. അത്തരത്തിലൊരു ഫോർമാറ്റാണ് ഡ്രൈവിംഗ് ലൈസൻസിന്റേത്. ടീമിന് പ്രത്യേക അഭിനന്ദനങ്ങൾ.
സുരേഷ്കുമാർ രവീന്ദ്രൻ