ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയോ? ഇല്ലെങ്കില്‍ അത് നഷ്ടമാകും, മുന്നറിയിപ്പുമായി അധികൃതര്‍.

Web Desk
Posted on November 09, 2019, 1:58 pm

തിരുവനന്തപുരം: പഴയ ബുക്കിലുള്ള മുഴുവന്‍ ലൈസന്‍സുകളും കാര്‍ഡ് സംവിധാനത്തിലേക്ക് മാറ്റണമെന്ന് അധികൃതര്‍. ഇല്ലെങ്കില്‍ ലൈസന്‍സ് നഷ്ടമാകുന്നത് അടക്കമുള്ള നടപടികളുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പഴയ രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട ആര്‍ടിഒ, സബ് ആര്‍ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് കാര്‍ഡ് ഫോമിലേക്ക് ഉടന്‍ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ലൈസന്‍സ് പുതുക്കാനും മറ്റ് സേവനങ്ങള്‍ക്കും തടസം നേരിടുമെന്നാണ് മുന്നറിയിപ്പ്.
പഴയ ലൈസന്‍സിലെ വിലാസം മാറ്റാനും തെറ്റുകള്‍ തിരുത്താനും ഈ അവസരം വിനിയോഗിക്കാം. ബുക്ക് രൂപത്തിലുള്ള പഴയ ലൈസന്‍സ് എഴുതിയാണ് നല്‍കിയിരിക്കുന്നത്. അത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പര്‍, രക്തഗ്രൂപ്പ്, ഫോട്ടോ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയില്ല. അതുകൂടി ചേര്‍ത്താലേ സാരഥി സോഫ്റ്റ് വെയറിലേക്ക് ലൈസന്‍സ് അപ്ലോഡ് ചെയ്യാന്‍ സാധിക്കൂ.
സാരഥിയിലേക്ക് മാറുമ്പോള്‍ പേര്, വിലാസം, മൊബൈല്‍നമ്പര്‍, രക്തഗ്രൂപ്പ് ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇവ നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും. പിന്നീട് പുതുക്കാന്‍ ചെല്ലുമ്പോള്‍ അങ്ങനെയൊരു ലൈസന്‍സ് ഇല്ലെന്നാകും മറുപടി.
കാര്‍ഡ് ലൈസന്‍സുള്ളവരും കേരള മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.