Web Desk

ശ്രീനഗര്‍

July 14, 2021, 10:28 pm

ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം

Janayugom Online

ജമ്മുകശ്മീരിലെ അരനിയ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. ബിഎസ്എഫ് വെടിയുതിര്‍ത്തതിനു പിന്നാലെ ഡ്രോണ്‍ പാകിസ്ഥാന്റെ ഭാഗത്തേക്ക് അപ്രത്യക്ഷമാവുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. 

രാത്രി 9.52 ഓടെ അരാനിയ സെക്ടറില്‍ 200 മീറ്റര്‍ ഉയരത്തില്‍ മിന്നിത്തിളങ്ങുന്ന ചുവന്ന വെളിച്ചം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സൈനികര്‍ ഇതിനു നേര്‍ക്ക് വെടിയുതിര്‍ത്തു. ഇതോടെ ഡ്രോണ്‍ തിരിച്ചുപോയെന്നും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ബിഎസ്എഫ് അറിയിച്ചു. 

ജൂലൈ രണ്ടിന് പാകിസ്ഥാനില്‍ നിന്നെത്തിയ ഒരു ക്വാഡ്‌കോപ്റ്റര്‍ അരാനിയ സെക്ടര്‍വഴി ഇന്ത്യന്‍ ഭൂപ്രദേശത്ത് പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബിഎസ്എഫ് വെടിയുതിര്‍ത്തതിനു പിന്നാലെ ഈ ക്വാഡ്‌കോപ്റ്റര്‍ തിരികെപ്പോവുകയുമായിരുന്നു. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജമ്മു കശ്മീരിൽ പ്രത്യക്ഷപ്പെട്ടത് ഒൻപത് ഡ്രോണുകളാണ്. ഇതേതുടർന്ന് അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റ സാധ്യത ഉൾപ്പെടെ കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചു. 

ENGLISH SUMMARY:Drone pres­ence again in Jam­mu and Kashmir
You may also like this video