ഡ്രോൺ പറക്കാൻ ഒരുങ്ങുന്നു …

Web Desk
Posted on December 01, 2019, 2:34 pm

 ഡോ. വി പ്രഭാകരൻ

നീലഗിരിയിൽ ഇപ്പോൾ സഞ്ചാരികളുടെയും അമേച്വർ ഫോട്ടോഗ്രാഫർമാരുടെയും തിരക്കാണ്. പശ്ചിമഘട്ടത്തിന്റെ താഴ്വാരങ്ങളിൽ അമ്പരപ്പിക്കുന്ന പ്രകൃതിഭംഗിയും അനിതരസാധാരണമായ വന്യജീവി സാമീപ്യവും അനുഭവിച്ചറിയാൻ എത്തിയതാണ് എല്ലാവരും. പക്ഷെ ഇതാെന്നുമല്ല കാര്യം. മിക്ക സഞ്ചാരികളും അത്യാധുനിക ക്യാമറകളും ഡ്രോണുകളുമായാണ് വരുന്നത്. പക്ഷികളും അപൂർവ കാഴ്ചയായ ഉരഗങ്ങളും ഡ്രോണുകളെ ശത്രുക്കളാകാമെന്നു കരുതി ആക്രമിക്കുന്നിടം വരെയെത്തി കാര്യങ്ങൾ. ഇത് ഇന്നു വന്യജീവികളുടെ സ്വെെര്യം കെടുത്തുകയാണ്. പരാതി ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള ഷൂട്ടിംഗും ഫോട്ടോഗ്രഫിയും കാരണം സ്വസ്ഥത നഷ്ടപ്പെട്ട പക്ഷികളും ഉരഗങ്ങളും കൂടുകളും സങ്കേതങ്ങളും വിട്ടൊഴിഞ്ഞ് പോകാൻ തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ആനകളും സംഭീതരാണ്. മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം ചീഫ് വെെൽഡ് ലെെഫ് വാർഡന്റെ അനുമതി വാങ്ങാതെ ഇത്തരം അൺമാൻഡ്ഏരിയൽ വെഹിക്കിൾ വനപ്രദേശത്ത് ഉപയോഗിക്കരുതെന്നുള്ളതാണ്.

കഴിഞ്ഞ വർഷം മുതുമലെെ ടെെഗർ റിസർവിൽ ഡ്രോൺ ഉപയോഗിച്ച ടൂറിസ്റ്റുകൾക്ക് പിഴയൊടുക്കേണ്ടി വന്നു. എന്താണ് ഡ്രോൺ? ഇന്നു ധാരാളം രാജ്യങ്ങളിൽ ഡ്രോൺ പറത്തുന്നതിൽ നിരോധം നിലവിലുണ്ട്. ഇന്ത്യയിലും ഡ്രോൺ പറത്തുന്നതിൽ വിലക്കുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബർ ഒന്ന് മുതൽ ആ നിരോധന ഉത്തരവ് പിൻവലിച്ചിട്ടുണ്ട്. വ്യക്തികൾക്കോ കമ്പനികൾക്കോ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഡ്രോൺ പറത്താം. എന്നാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തുമാത്രമേ അങ്ങനെ ചെയ്യാൻ പാടുള്ളു. ഉദാഹരണമായി വിവാഹങ്ങൾ, അടിയന്തരങ്ങൾ മുതലായ സന്ദർഭങ്ങളിൽ ക്യാമറ ഫിറ്റു ചെയ്ത ഡ്രോൺ ഉപയോഗിക്കണമെങ്കിൽ നിശ്ചിത നിയമങ്ങളുടെയോ നടപടി വ്യവസ്ഥകളുടെയോ അകത്തു നിന്നുകാെണ്ടു മാത്രമെ സാധ്യമാവുകയുളളു. സർക്കാർ 2018 ഡിസംബർ മുതൽ ഡ്രോൺ പോളിസി നിശ്ചയിച്ചിട്ടുണ്ട്. അതിൽ പല കാര്യങ്ങളും സ്പഷ്ടമാക്കിയിരിക്കുന്നു. രാജ്യത്തിനകത്ത് ഡ്രോൺ ഉപയോഗിക്കണമെങ്കിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ൽ നിന്നും ഓപ്പറേറ്റർ പെർമിറ്റ് എടുത്തിരിക്കണം. അതിന് യുണിക്ക് ഐഡന്റിഫിക്കേഷൻ നമ്പർ നേടിയിരിക്കണം. ഇത്തരം രേഖകളില്ലാത്തവർക്ക് ഒരു ചുറ്റുപാടിലും ഡ്രോൺ പറത്താനുള്ള അധികാരമുണ്ടായിരിക്കുന്നതല്ല എന്ന് വിമാന മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. നിയമാവലിക്കകത്ത് ഡ്രോണിന്റെ വലിപ്പത്തെ സ്പഷ്ടമാക്കുന്നുണ്ട്. ആദ്യത്തേത് ‘നാനോ ഡ്രോണി‘നെക്കുറിച്ചാണ്. ഇത് 250 ഗ്രാം തൂക്കം വരുന്നതാണ്. ഇവ മണ്ണിൽ നിന്ന് 50 അടി വരെ ഉയരത്തിൽ പറത്താം. വിനോദത്തിനും കളികൾക്കും ഉദ്ദേശിച്ചിട്ടുള്ളവയാണിത്. രണ്ടാമത്തേത് 250 ഗ്രാം മുതൽ രണ്ട് കിലോഗ്രാം വരെ ഭാരമുള്ള മെെക്രോ സെെസിലുള്ളവയാണ്. ഇവ പറത്താൻ സാധിക്കുന്ന ഏറ്റവും കൂടിയ ഉയരം 200 അടിയാണ്. ഇത് സെെന്യം, പൊലീസ് തുടങ്ങിയവയ്ക്ക് സെക്യൂരിറ്റിക്കും നിരീക്ഷണത്തിനും ചാരപ്രവൃത്തിക്കും ഉപയോഗിക്കുന്നു. രണ്ട് കിലോഗ്രാമിനും 25 കിലോഗ്രാമിനും ഇടയിൽ വരുന്ന ഡ്രോണിനു 400 അടി വരെ ഉയരത്തിൽ പറന്നെത്താൻ സാധിക്കും.

വിവാഹം തുടങ്ങിയ അവസരങ്ങളിൽ വീഡിയോഗ്രാഫിക്കായി ഉപയോഗിക്കാം. അതിനു പുറമെ പെർമിഷനോടുകൂടി ഭാവിയിൽ സാധനസാമഗ്രികൾ ഡെലിവറി ചെയ്യുന്നതിനും പ്രയോജനപ്പെടുത്താം. മീഡിയൻ ശ്രേണിയിലുള്ള ഡ്രോൺ 25 കിലോവിനും 1500 കിലോവിനും ഇടയ്ക്കുള്ളതാണ്. ഇവയ്ക്ക് 400 അടി ഉയരം വരെ പറക്കാം. കാർഷിക വ്യാവസായിക ആവശ്യത്തിനുള്ളതാണിവ. ഏറ്റവും വലിയ ശ്രേണിയിലുള്ളവ 150 കിലോഗ്രാമിനേക്കാൾ കൂടിയ ഭാരമുള്ളവയാണ്. ഇതിന്റെയും ഉയരപരിധി 400 ഫീറ്റ് ആണ്. ഇവയെല്ലാം പറത്തുന്നതിനു മുൻപായി രജിസ്ട്രേഷൻ ചെയ്തിരിക്കണം. ഇതിനായി ഒരു വെബ്സെെറ്റുണ്ട്. ‘ഡിജിറ്റൽ സ്കെെ’ വഴി അൺമാൻഡ് ഏരിയൽ ഓപ്പറേറ്റർ പെർമിറ്റ് (യുഎഒപി) ഉം യുണിക് ഐഡന്റിഫിക്കേഷൻ നവംബർ (യുഐഎൻ) ഉം എടുത്തിരിക്കണം. ഇതു മാത്രമല്ല ഏതു ശ്രേണിയിൽപെട്ട ഡ്രോൺ ആയാലും ഡ്രോൺ ഓപ്പറേറ്റർ പറത്താൻ ഉദ്ദേശിക്കുന്ന പ്ലാൻ അധികാരികൾക്കു മുൻപിൽ ഹാജരാക്കിയിരിക്കണം. എവിടെയാെക്കെ ഡ്രോൺ പറത്താം എന്നതിനുള്ള നിർദിഷ്ട വ്യവസ്ഥ നിശ്ചയിക്കപ്പെട്ടിട്ടുണ്ട് ഗ്രീൻ, യെല്ലോ, റെഡ് സോൺ എന്നിവയാണത്. ഗ്രീൻ സോൺ കാറ്റഗറിയിൽ പെട്ടവയ്ക്ക് പറത്തുന്ന സമയവും സ്ഥാനവും സൂചിപ്പിച്ചാൽ മതിയാവും. യെല്ലോ സോൺ കാറ്റഗറിയിൽ പെട്ടവയ്ക്ക് പറത്തുന്നതിനു മുൻപായി ഡിജിസിഎയുടെ അനുമതി വാങ്ങിയിരിക്കണം. റെഡ് സോണിലുള്ളവ തൽക്കാലം പറത്താൻ പാടുള്ളതല്ല. ഭാവിയിൽ അത്തരം സ്ഥാനങ്ങളുടെ ലിസ്റ്റ് പുറത്തിറക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഡ്രോൺ എന്ന ഇംഗ്ലീഷ് വാക്കിനർഥം ‘ആൺതേനീച്ച’ എന്നാണ്. എന്നിരുന്നാലും പയലറ്റില്ലാത്ത വിമാനങ്ങൾക്കുവേണ്ടി ഈ വാക്കുപയോഗിക്കാൻ തുടങ്ങിയതിനുശേഷമാണ് ഈ പദം കൂടുതൽ പ്രചാരം നേടിയത്. ‘ഡ്രോൺ’ എന്ന വാക്ക് സ്വീകരിക്കുന്നതിനു മുൻപ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ (യുഎവി) എന്നാണ് വിളിച്ചിരുന്നത്. സാങ്കേതികഭാഷയിൽ ഡ്രോണിനെ റിമോട്ട്ലി പയലെറ്റഡ് ഏരിയൽ സിസ്റ്റം (ആർപിഎഎസ്) അല്ലെങ്കിൽ ‘ആർപാസ്’ എന്ന പദമുപയോഗിച്ച് വിളിച്ചിരുന്നു.

വർഷങ്ങൾക്ക് മുൻപ് ഇവിടെ പ്രദർശിപ്പിച്ചിരുന്ന ഒരു ഫിലിമിൽത്രീ ഇഡിയറ്റ്സ്ഡ്രോൺ രൂപം കാണിച്ചിരുന്നു. ഡ്രോണിന്റെ ആകാരം ഏതാണ്ട് അതുപോലെ എന്നത് കൗതുകം നൽകുന്ന കാര്യമാണ്. കമ്പ്യൂട്ടർ വഴിയോ റിമോട്ട് വഴിയോ നിയന്ത്രിക്കാൻ പറ്റുന്ന ആളില്ലാ വിമാനമാണ് ഡ്രോൺ. മനുഷ്യർക്ക് പൊതുവെ എത്തിച്ചേരാൻ സാധിക്കാത്തതും പോയാൽതന്നെ ജീവനു ഭീഷണിയുള്ള ഇടങ്ങളിലേയ്ക്കു വേണ്ടി വിഭാവനം ചെയ്തിട്ടുള്ളതാണിത്. സ്വന്തം സെൻസറുകളും കമ്പ്യൂട്ടറെെസ്ഡ് പ്രാേഗ്രാമുകളുംകാെണ്ട് സ്വയം കൺട്രോൾ ചെയ്യാവുന്ന ഡ്രോണുകളും ഇന്ന് നിർമിച്ചുകൊണ്ടിരിക്കുകയാണ്. പാെതുവെ, ഇന്നു ലോകത്ത് രണ്ടുതരം ഡ്രോണുകൾ നിലവിലുണ്ട്. ആദ്യത്തേത് മനോവിനോദം, നിരീക്ഷണം, സാധനങ്ങളുടെ ഡെലിവറി അല്ലെങ്കിൽ ഒരു നിശ്ചിത ചുറ്റുപാടിന്റെ നിയന്ത്രണമേറ്റെടുക്കൽ എന്നിവ ഉദ്ദേശിച്ചുള്ളതാണ്. രണ്ടാമത്തേത് നിശ്ചിതസ്ഥാനത്ത് വർഷിക്കാനുദ്ദേശിച്ചുകാെണ്ടുള്ള ബോംബുകളും മിസെെലുകളും വഹിക്കുന്ന യുദ്ധവിമാനങ്ങളാണ്. ഉപയോഗം ആധാരമാക്കിയാണ് ഡ്രോണിന്റെ ഡിസെെൻ, നെെപുണ്യം, പ്രവർത്തനക്ഷമത എന്നിവ നിർണയിക്കപ്പെടുന്നത്. സാധാരണയായി ഡ്രോണുകളുടെ ചിറകുകളുടെ സ്ഥാനത്ത് നാലോ എട്ടോ ഭുജങ്ങളായിരിക്കും ഉണ്ടായിരിക്കുക. സഞ്ചരിക്കാൻ സഹായിക്കുന്ന മോട്ടാേറുകളും ഫാനുകളും ഈ ഭുജങ്ങളിലുണ്ടായിരിക്കും. ഇവയ്ക്ക് രണ്ടോ അതിലധികമോ കിലോഗ്രാം ഭാരം വരുന്നതായിരിക്കും. നിർമാണം, ഉപയോഗം ഇവയുടെ കണക്കനുസരിച്ചാണ് ഡ്രോണിന്റെ പറക്കൽ നിശ്ചയിക്കപ്പെടുന്നത്. നിരീക്ഷണത്തിനുപയോഗിക്കുന്നവ വളരെ ഭാരം കുറഞ്ഞവയാണ്. അതിനാൽ ഒരുവട്ടം ചാർജ് ചെയ്താൽ ഇവയ്ക്ക് നൂറു കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിഞ്ഞേക്കാം. ചെറിയ ഡ്രോണുകൾക്ക് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ 20 കിലോമീറ്റർ സഞ്ചരിക്കാൻ പറ്റും. സെെനികാവശ്യത്തിനുപയോഗിക്കുന്നവ ഭാരമേറിയവയാണ്. ഇവയുടെ ഡിസെെനും വ്യത്യസ്ഥമാണ്. സെെനിക ഡ്രോണുകൾ ചെറുവിമാനങ്ങൾ പോലുള്ളവയാണ്. ഇവയ്ക്ക് നാലോ എട്ടോ ഭുജങ്ങളുടെ സ്ഥാനത്ത് വിമാനങ്ങൾക്കുള്ളതുപോലെ രണ്ട് ചിറകുകളായിരിക്കും. ഇത്തരം ഡ്രോൺ അന്തരീക്ഷത്തിൽ 25000 ഫീറ്റ് അഥവാ 7620 മീറ്റർ ഉയരം വരെ പറന്നെത്തും.