ബനാറസ്-അലിഗഡ് സർവ്വകലാശാലകൾ : ഹിന്ദു-മുസ്ലിം പദങ്ങൾ വേണ്ടെന്ന്

Web Desk
Posted on October 09, 2017, 2:33 pm

ന്യൂഡൽഹി :ബനാറസ്- അലിഗഡ് സർവ്വകലാശാലകളുടെ പേരിൽ നിന്ന് ഹിന്ദു-മുസ്ലിം പദങ്ങൾ എടുത്തുകളയണമെന്ന് യുജിസി പാനൽ. സർവ്വകലാശാലകളുടെ മതനിരപേക്ഷത തെളിയിക്കുന്നതല്ല പേരുകളെന്നാണ് ഈ പാനലിന്റെ കണ്ടെത്തൽ.

രാജ്യത്തെ 10 കേന്ദ്ര സർവകലാശാലകളിലെ ക്രമക്കേടുകളെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കുവാനാണ് യുജിസി പാനൽ രൂപീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്. അവരെല്ലാം മതേതര ചട്ടക്കൂടിലായിരിക്കണം. എന്നാൽ ഈ സർവ്വകലാശാലകളുടെ പേരിൽ മതേതരത്വം പ്രതിഫലിക്കുന്നില്ലെന്നാണ് പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത പാനൽ അംഗം പറഞ്ഞത്.സർവ്വകലാശാലകളെ അലിഗഡ് സർവ്വകലാശാലയെന്നും ബനാറസ് സർവ്വകലാശാലയെന്നും വിളിക്കാം. അതല്ലെങ്കിൽ സഥാപകരുടെ പേരിലാകാം- അദ്ദേഹം കൂട്ടിച്ചേർത്തു.

പോണ്ടിച്ചേരി, അലഹബാദ്, ഹേമാവതി നന്ദൻ ബഹുഗുണ ഗർവാൾ, ചാർഘണ്ഡ് സെൻട്രൽ യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മു, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയ (വർദ്ധ),യൂണിവേഴ്സിറ്റി ഓഫ് ത്രിപുര, ഹരിസിംഗ് ഗൗർ സർവ്വകലാശാല (മധ്യപ്രദേശ്) എന്നീ സർവ്വകലാശാലകളെ കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കുവാനും പാനലിനെ ചുമതലപ്പെടുത്തിയിരുന്നു.