ജലക്ഷാമം ; മുല്ലപ്പെരിയാറില്‍ കണ്ണുവച്ച് തമിഴ്നാട്

Web Desk
Posted on June 22, 2019, 9:58 am

ചെന്നൈ : ജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തില്‍   മുല്ലപ്പെരിയാറിലെ ജലം കൂടുതല്‍ചോദിക്കാന്‍ തമിഴ്നാട് ഒരുങ്ങുന്നു.   ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍     ഏറ്റവും അടുത്ത പരിഹാരമാര്‍ഗമെന്ന നിലയ്ക്കാണ് കേരളത്തോട് സഹായം അഭ്യര്‍ഥിക്കാന്‍ തമിഴ്നാട് ഒരുങ്ങുന്നത് .  മുല്ലപ്പെരിയാറിലും ഇടമലയാറിലും കേരളം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. കുടിവെള്ളം വാഗ്ദാനം നല്‍കിയ കേരളത്തിന്റെ നിലപാടും തമിഴ്‌നാട് സ്വാഗതം ചെയ്തു.

ഇരുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം കേരളത്തില്‍ നിന്നും ട്രെയിന്‍ വഴി തമിഴ്‌നാട്ടിലേയ്ക്ക് എത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം നല്‍കിയിരുന്നു.

ഒരു ദിവസത്തേക്ക് ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം കിട്ടിയാല്‍ തീരുന്നതല്ല തമിഴ്‌നാടിന്റെ ജലദൗര്‍ലഭ്യമെന്നും ദിനംപ്രതി ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം വീതം നല്‍കാന്‍ കേരളത്തിന് സാധിച്ചാല്‍ അത് വലിയ സഹായകമാവും എന്നും പളനിസ്വാമി ഇന്ന് ചെന്നൈയില്‍ പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കാന്‍ ആണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ചെന്നൈ നഗരത്തില്‍ മാത്രം ഒരു ദിവസം 5000 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമുണ്ട്.