നഗരത്തില്‍ മൂന്ന് കോടിയുടെ മയക്കു മരുന്ന് വേട്ട രണ്ടു പേര്‍ അറസ്റ്റില്‍

Web Desk
Posted on May 24, 2019, 8:28 pm

തൃശൂര്‍ : തൃശൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കോടി യുടെ മയക്കുമരുന്നുമായി രണ്ടുപേരെ തൃശൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടി. രണ്ടു ദിവസമായി നടന്ന നീക്കങ്ങളിലൂടെ ജില്ലയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്ന രണ്ടു പേരെ 2.250 കിലോ ഹാഷിഷ് ഓയില്‍, മാരക മയക്കുമരുന്നുകളായ എംഡിഎംഎ(1.5ഗ്രാം), അംഫെറ്റമിന്‍(2.60ഗ്രാം) എന്നിവ സഹിതം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഫ് സുരേഷിന്റെ നേതൃത്വത്തില്‍ ഉള്ള റേഞ്ച് പാര്‍ട്ടി പിടികൂടിയത്. ഓണ്‍ലൈന്‍ ആയി മയക്കുമരുന്ന് വരുത്തുകയും സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെ വില്പന നടത്തുകയും ചെയ്തിരുന്ന തൃശൂര്‍ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിന്‍ എന്ന മിഥിനെ (25) ആമ്പക്കാടന്‍ മൂലയില്‍ നിന്നും 23 ന് രാവിലെയാണ് മുക്കാല്‍ കിലോയോളം ഹാഷിഷ് ഓയില്‍, എംഡിഎംഎ, ആംഫിറ്റമിന്‍, എന്നിവയുമായി പിടികൂടിയത്. കോടി രൂപയുടെ മയക്കു മരുന്നുകളാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്.

വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ അലങ്കാരമല്‍സ്യവില്പന കേന്ദ്രത്തിന്റെ വിലാസം ഉപയോഗിച്ച് പാര്‍സല്‍ വരുത്തുകയും വാട്‌സ്ആപ്പ്, ഫേസ് ബുക്ക് എന്നിവ പോലീസും എക്‌സൈസും ശ്രദ്ധിക്കുമെന്നു തിരിച്ചറിഞ്ഞ് ‘ടെലഗ്രാം ‘എന്ന ന്യൂജെന്‍ ആപ് വഴി വില്പന നടത്തിയ പ്രതിയെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത് ഒരു 14 കാരനില്‍ നിന്നാണ്. നന്നായി പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ സ്വഭാവം മാറിയതായിവീട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് എക്‌സൈസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മിഥിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പകല്‍ മുഴുവന്‍ അലങ്കാര മല്‍സ്യ വിപണന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന പ്രതി ഓര്‍ഡര്‍ അനുസരിച്ച് ആള്‍ക്കാരെ വിളിച്ചുവരുത്തി മയക്കു മരുന്ന് വില്‍പന നടത്തുകയായിരുന്നു. തുടര്‍ന്ന് അലങ്കാര മല്‍സ്യത്തെ വാങ്ങാനെന്ന വ്യാജേന മിഥിനുമായി നല്ല സൗഹൃദത്തില്‍ ആയതിനു ശേഷം തന്ത്രപരമായി മയക്കുമരുന്ന് ആവശ്യപ്പെട്ടു കുടുക്കുകയായിരുന്നു. ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 1250 രൂപക്കാണ് വില്‍പന നടത്തിയിയരുന്നത് എന്നും ആന്ധ്രാപ്രദേശില്‍ നിന്നും നേരിട്ട് പോയിട്ടാണ് ഓയില്‍ കൊണ്ട് വന്നെതെന്നും മറ്റു മയക്കുമരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വരുത്തുന്നതാണ് എന്നും പ്രതി എക്‌സൈസിനോട് പറഞ്ഞു.

മിഥിന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശി യായ യുവാവ് തൃശൂരിലെ ചെറുപ്പക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ചു കൊടുക്കാറുണ്ടെന്നും എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ടിയാന്‍ തൃശ്ശൂരില്‍ ട്രെയിന്‍ മാര്‍ഗം വരുമെന്നും ലഭിച്ച വിവരത്തിന്റെ അടി സ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനു പുറകില്‍ നിന്നും 8.7ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലുമായി കണ്ണൂര്‍, ഓളയാര്‍ സ്വദേശി ചിഞ്ചു മാത്യു (26)നെയും പിടികൂടി. കൊച്ചി താവളമാക്കി തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം എത്തുകയും മുന്‍കൂട്ടി നിശ്ചയിച്ചു അക്കൗണ്ടില്‍ പണം നിക്ഷേപിച്ചവര്‍ക്കു മയക്കുമരുന്ന് നല്‍കി തിരികെ പോകുന്നതായിരുന്നു ഇയാളുടെ രീതി. ആന്ധ്രാപ്രേദേശില്‍ നിന്നും കൊറിയര്‍ മാര്‍ഗം ആണ് ഹാഷിഷ് ഓയില്‍ എത്തിച്ചിരുന്നതെന്നു പ്രതി പറഞ്ഞു. 5000 രൂപയാണ് ഒരു ബോട്ടില്‍ ഹാഷിഷ് ഓയിലിന് വാങ്ങിയിയരുന്നത്. ഒന്നര കോടി വിലവരുന്ന 1.500കിലോ ഹാഷിഷ് ആണ് ടിയാനില്‍നിന്നും പിടികൂടിയത്.

തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം ഫ് സുരേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്‍, വിപിന്‍, മനോജ് കുമാര്‍, ജെയ്‌സണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കൃഷ്ണപ്രസാദ്,സുനില്‍, , ദേവദാസ്, ബിജു, രാജു സനീഷ്, ഷനുജ്, സുധീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. തൃശൂരില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രതികള്‍.

https://youtu.be/G_Lz_xZQ7DQ