ദീപിക പദുകോൺ ഉൾപ്പെടെ നാല് താരങ്ങൾക്ക് സമൻസ് അയച്ച് നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ

Web Desk

മുംബൈ

Posted on September 23, 2020, 6:58 pm

ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവർക്ക് സമൻസ് അയച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. ലഹരി കേസിൽ സുശാന്തിൻറെ കാമുകി റിയാ ചക്രബർത്തി ഉൾപ്പെടെയുള്ളവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റിയയുടെ വാട്സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ബോളിവുഡിലെ എ ലിസ്റ്റ് താരങ്ങളിലേക്ക് അന്വേഷണം എത്തിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ദീപിക പദുകോണിനോട് സെപ്റ്റംബർ 25ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാകുൽ പ്രീതിനെ സെപ്റ്റംബർ 24നും ചോദ്യം ചെയ്യും. ‘ദീപിക, സാറ, ശ്രദ്ധ, രാകുൽ എന്നിവർക്ക് സമൻസ് അയച്ചിട്ടുണ്ട്. താരങ്ങൾക്ക് പുറമെ ഫാഷൻ ഡിസൈനറായ സിമോൺ ഖമ്പട്ടയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നാണ് എൻസിബി ഉദ്യോഗസ്ഥൻ അറിയിച്ചത്. ഈ താരങ്ങൾ ലഹരി മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന നിരവധി ചാറ്റുകൾ സംബന്ധിച്ച് അന്വേഷണത്തിനിടെ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാലൻറ് മാനേജറായ ജയ സാഹയെ എൻസിബി ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് പല പ്രമുഖ താരങ്ങളും ലഹരി മരുന്ന് വിവാദത്തിൽ കുടുങ്ങിയത്. താരങ്ങളുടെ ലഹരി ഇടപാടുകാരിയായ കരുതപ്പെടുന്ന ജയ, പല പ്രമുഖർക്കും ലഹരി മരുന്ന് എത്തിച്ച് നൽകിയതായും വെളിപ്പെടുത്തിയിരുന്നു.

ഇവരുടെ വാട്സ് ആപ്പ് ചാറ്റുകളിൽ നിന്നാണ് ദീപികയും ശ്രദ്ധയുമൊക്കെ സംശയ നിഴലിലാവുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ നിരോധിക്കപ്പെട്ട ലഹരി വസ്തുവായ സിബിഡി ഓയിലാണ് ശ്രദ്ധയ്ക്കെത്തിച്ച് നൽകിയത്. ഇതിന് പുറമെ സുശാന്ത് സിംഗ് രാജ്പുത്, റിയാ ചക്രവർത്തി, നിർമ്മാതാവ് മധു മന്ദേന എന്നിവർക്കായും താൻ സിബിഡി ഓയിൽ ഓർഡർ ചെയ്തിരുന്നുവെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ലഹരി ഇടപാടുകാരുമായി തനിക്ക് ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടെന്ന കാര്യം ജയ സാഹ ഇതുവരെ സമ്മതിച്ചിട്ടില്ല. ഓൺലൈൻ വഴിയാണ് നിരോധിത മരുന്നുകൾ വരെ ഓർഡർ ചെയ്തതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി.

Eng­lish sum­ma­ry;  drug case lat­est upda­tion

You may also like this video;