കഞ്ചാവുമായി ആറ് യുവാക്കള്‍ പിടിയില്‍

Web Desk
Posted on September 21, 2018, 7:58 pm
ആലപ്പുഴ:  കഞ്ചാവുമായി ആറ് യുവാക്കള്‍ പിടിയില്‍.  ആലപ്പുഴ ആലിശ്ശേരി ആര്‍ ഒ പ്ലാന്റ്  പരിസരത്ത്
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡിലാണ് യുവാക്കൾ പൊലീസ് പിടിയിലായത്. ആലപ്പുഴ മുനിസിപ്പാലിറ്റി ലജനത്തുല്‍ വാര്‍ഡില്‍ എന്‍ എം കമ്പിവളപ്പില്‍ വീട്ടില്‍ അല്‍ത്താഫ്(20), സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ ചെമ്മാ മന്‍സിലില്‍ അല്‍ സല്‍മാന്‍(19), ആറാട്ടുവഴി വാര്‍ഡില്‍ ചിറപ്പറമ്പ് വീട്ടില്‍ ഫിനാസ്(18), ലജനത്തുല്‍ വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ അസര്‍ അലി(18), ലജനത്തുല്‍ വാര്‍ഡില്‍ എന്‍ എം കമ്പിവളപ്പില്‍ വീട്ടില്‍ ആഷിഖ് റഹിം(19), ആലിശ്ശേരി വാര്‍ഡില്‍ ചെമ്പരത്തി വീട്ടില്‍ ജയശങ്കര്‍(20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് ഈ പ്രദേശത്ത് സമീപ ദിവസങ്ങളായി  നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് രാവിലെ 11 നും വൈകിട്ട് 3 നും ഇടയില്‍ ഈ സ്ഥലത്ത് യുവാക്കള്‍ വന്ന് പോകുന്നതായി ശ്രദ്ധയില്‍പെട്ടത്.  ഇത്തരത്തിലുള്ള യുവാക്കളാണ് പൊലീസ് പിടിയിലായിരിക്കുന്നത്.  പിടികൂടിയവരില്‍ പലരും കോളേജ് വിദ്യാഭ്യാസം നിര്‍ത്തിയവരും ഒരു വര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നവരുമാണ്.
ഇവരെ പിടികൂടിയതറിയാതെ മൊബൈല്‍ ഫോണിലൂടെ കഞ്ചാവ് വലിക്കുന്നതിനായി മൂന്ന് കിലോമീറ്റര്‍ ദൂരത്ത് നിന്നും ഈ സ്ഥലത്ത് എത്തിച്ചേര്‍ന്ന ഒരാളെയും പിടികൂടിയിയിട്ടുണ്ട്. വാട്‌സ് ആപ്പ് മുഖേനയാണ് ഇവര്‍ ഇടപാടുകള്‍ നടത്തി വന്നത്. പൊട്ട്, നൈസ് തുടങ്ങിയ രഹസ്യ കോഡുകള്‍ ആയിരുന്നു വാട്‌സ് ആപ്പിലൂടെ കഞ്ചാവ് കൈമാറ്റത്തിനായി ഇവർ ഉപയോഗിച്ചിരുന്നത്.  കഴിഞ്ഞമാസം സക്കറിയ മാര്‍ക്കറ്റിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ റെയ്ഡ് നടത്തി ആഡംബര ബൈക്കുകള്‍, ബുള്ളറ്റുകള്‍ എന്നിവ സഹിതം മെഡിക്കല്‍ വിദ്യാര്‍ഥി ഉള്‍പ്പടെയുള്ള 9 പേരെ പിടികൂടി കേസ് എടുത്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സക്കറിയ മാര്‍ക്കറ്റ്, ആലിശ്ശേരി പ്രദേശത്ത് ജനപങ്കാളിത്തത്തോടെ ‘ജാഗ്രത സമിതികള്‍’ രൂപീകരിക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ പിടിയിലായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇപ്പോൾ പിടിയിലായ പ്രതികൾക്ക്  കഞ്ചാവ് നല്‍കിയ കൂടുതല്‍ ആളുകള്‍ പൊലീസ്  നിരീക്ഷണത്തിലാണ്. സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എ കുഞ്ഞുമോന്‍, എം ബൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  ജിയേഷ്, എന്‍ പി അരുണ്‍, എസ് അരുണ്‍ എന്നിവര്‍ പങ്കെടുത്തു.